വാഷിങ്ടൺ: 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കൻ കോടതിയെടുത്ത കേസ് തള്ളി. അമേരിക്കയിലെ മനുഷ്യാവകാശ സംഘടനയായ അമേരിക്കൻ ജസ്റ്റിസ് സെന്ററാണ് മോദിക്കെതിരെ ഹർജി നൽകിയിരുന്നത്. രാഷ്ട്രത്തലവൻ എന്ന നിലയ്ക്ക് മോദിക്കുള്ള പരിരക്ഷ മുൻനിർത്തിയാണ് കേസ് പിൻവലിക്കുന്നതെന്ന് ഫെഡറൽ ഡിസ്ട്രിക്ട് ജഡ്ജിയായ അനാലിസ ടോറസ് പറഞ്ഞു.

ഗുജറാത്ത് കലാപത്തിന്റെ സമയത്ത് മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നു. കലാപത്തിന്റെ പേരിൽ ഒമ്പത് വർഷത്തോളം അമേരിക്ക മോദിക്ക് വിസ നിഷേധിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയായ ശേഷം മോദിയെ അമേരിക്ക നേരിട്ട് ക്ഷണിക്കുകയും ഇതേത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ മോദി അവിടം സന്ദർശിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി അമേരിക്കയിലെത്തിയ സമയത്ത് ന്യുയോർക്ക് കോടതി അദ്ദേഹത്തിന് സമൻസ് അയച്ചിരുന്നു. കേസ്സിൽ മോദിയുടെ ഭാഗം അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇരുപത്തിയൊന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ആന്റി ടോച്ചർ ക്ലെയിംസ് ആക്റ്റ്, ടോർച്ചർ വിക്ടിംസ് പ്രൊട്ടക്ഷൻ ആക്ട് എന്നീ 225 വർഷം പഴക്കമുള്ള നിയമങ്ങൾ പ്രകാരമാണ് അമേരിക്കൻ ജസ്റ്റിസ് സെന്റർ എന്ന സംഘടന നരേന്ദ്ര മോദിക്കെതിരെ ന്യൂയോർക്ക് കോടതിയിൽ ഹർജി ഫയൽ ചെയ്തത് . ഇത് ഇന്ത്യൻ വംശജർക്കിടയിൽ ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

മോദിയുടെ സന്ദർശനത്തിന്റെ പ്രാധാന്യം കോടതി നടപടികൾ മൂലം ഇല്ലാതാകുമെന്ന് കണ്ട് അമേരിക്കൻ സർക്കാർ തന്നെ ഇതിനെതിരെ രംഗത്തുവരികയായിരുന്നു. രാഷ്ട്രത്തലവൻ എന്ന നിലയിൽ മോദിക്ക് അന്താരാഷ്ട്ര പരിരക്ഷയുണ്ടെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ നിയമപരിരക്ഷയുള്ളതിനാൽ മോദി അമേരിക്കൻ കോടതിയുടെ പരിധിയിൽ വരില്ലെന്ന് ജഡ്ജി പ്രഖ്യാപിച്ചു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, രാജ്യങ്ങൾക്കാണ് അത്തരം നിയമപരിരക്ഷ കിട്ടുന്നതെന്നും സർക്കാരിന്റെ ഭാഗമായ വ്യക്തികൾക്കല്ലെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നു. അത് തള്ളിക്കൊള്ളാണ് ജഡ്ജി ഉത്തരവിട്ടത്.