മെൽബൺ: ആറു വർഷത്തെ താഴ്ന്ന നിരക്കിലേക്ക് ഓസ്‌ട്രേലിയൻ ഡോളർ വില കൂപ്പു കുത്തിയത് വിപണിയിൽ ആശങ്കയ്ക്ക് കാരണമായി. 70 യുഎസ് സെന്റിലും താഴെ ഡോളർ വില ഇടിഞ്ഞത് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ബലപ്പെടുത്തുകയാണിപ്പോൾ. ഓസ്‌ട്രേലിയയുടെ സാമ്പത്തിക ഘടന സുരക്ഷിതമെന്ന് കഴിഞ്ഞ ദിവസം ട്രഷറർ ജോ ഹോക്കി വെളിപ്പെടുത്തിയെങ്കിലും കറൻസി വില ഇടിയുന്നത് ആശങ്കകൾ ശക്തിപ്പെടുത്തുന്നു.

ഉച്ചയായപ്പോഴേയ്ക്കും 69.61 യുഎസ് സെന്റിലേക്കാണ് ഡോളർ വില ഇടിഞ്ഞത്. പെട്ടെന്നു തന്നെ ശക്തിപ്രാപിച്ചുവെങ്കിലും പിന്നീടുള്ള ട്രേഡിങ് 70 യുഎസ് സെന്റിലായിരുന്നു നടന്നിരുന്നത്. ഡോളർ വിലയിൽ പെട്ടെന്നുണ്ടായ ഇടിവ് ട്രേഡിംഗിൽ ഏർപ്പെട്ടിരിക്കുന്നവരെ അതിശയപ്പെടുത്തുന്നതായിരുന്നു. ആറു വർഷത്തിനിടെ ഇതാദ്യമായാണ് ഓസ്‌ട്രേലിയൻ ഡോളർ വില 70 യുഎസ് സെന്റിലും താഴെ എത്തുന്നത്.

ഇതോടു കൂടി ഓസ്‌ട്രേലിയൻ ഡോളറിന്റെ ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളിൽ വിദഗ്ദ്ധർ ഏറെ മാറ്റം വരുത്തിക്കഴിഞ്ഞു. ഡോളർ വില ഇനിയും ഇടിയുമെന്നും 60 യുഎസ് സെന്റും കടന്ന് 50 യുഎസ് സെന്റിൽ ട്രേഡിങ് നടത്തുന്ന കാലം വിദൂരമല്ലെന്നാണ് സൺകോർപ് ബാങ്ക് സീനിയർ ഇക്കണോമിസ്റ്റ് ഡാരിൽ കോൺറോയ് പറയുന്നത്. 2016 മധ്യത്തോടെ ഡോളർ വില 65 യുഎസ് സെന്റിൽ എത്തുമെന്നാണ് ഡച്ച് ബാങ്ക് പറയുന്നത്. യുബിഎസിന്റെ പ്രവചനം 68 യുഎസ് സെന്റാകുമെന്നും.

കറൻസി വിലയിൽ കുത്തനെ ഇടിവുണ്ടാകുന്നതു പിടിച്ചു നിർത്താൻ ഓസ്‌ട്രേലിയയ്ക്ക് ആകുന്നില്ല എന്നതും ജനങ്ങൾക്കിടയിൽ ഭീതി വിതയ്ക്കുന്ന ഘടകമാണ്. യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നതിനൊപ്പം ഓസ്‌ട്രേലിയൻ ഡോളറിന് നേരിടുന്ന കനത്ത ഇടിവ് വിപണിയിൽ ഇപ്പോൾ തന്നെ മാന്ദ്യം സൃഷ്ടിച്ചുകഴിഞ്ഞു. ഡോളർ വിലയിടിവ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.