- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകദിനത്തിലെ രാജക്കാന്മാർ; ഹാട്രിക് കിരീട നേട്ടമടക്കം അഞ്ച് കിരീടങ്ങൾ; ട്വന്റി 20യിൽ ബംഗ്ലാദേശിന് മുന്നിലും മുട്ടുകുത്തി; ലോകകപ്പിന് എത്തിയത് ഫേവറിറ്റുകളല്ലാതെ; നോക്കൗട്ടിൽ പാക്കിസ്ഥാനെ കീഴടക്കി മുന്നേറി; ഫൈനലിൽ കിവീസിനെയും വീഴ്‌ത്തി കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ
ദുബായ്: ഏകദിന ക്രിക്കറ്റിലെ മുടിചൂടാമന്നന്മാർ. മികവിന്റെ സാക്ഷ്യപത്രമായി അഞ്ച് ലോക കിരീട നേട്ടങ്ങൾ. 1987 ൽ അലൻ ബോർഡറുടെ സംഘം തുടക്കമിട്ട കിരീട വേട്ട, 1999ൽ സ്റ്റീവ് വോയിലൂടേയും 2003ലും 2007ലും റിക്കി പോണ്ടിംഗിലൂടെയും ആവർത്തിച്ച് ഒടുവിൽ 2015ൽ സ്വന്തം മണ്ണിൽ ഏകദിന കിരീടത്തിൽ അഞ്ചാം തവണ മുത്തമിട്ട ഓസ്‌ട്രേലിയൻ മികവ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയ്യാർന്ന പ്രകടനത്തിന്റെ നേർസാക്ഷ്യമാണ്.
എന്നാൽ കുട്ടിക്രിക്കറ്റിൽ പറയത്തക്ക നേട്ടമൊന്നും ഇതുവരെയും ഓസ്‌ട്രേലിയയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. 2007ലെ ആദ്യ ട്വന്റി 20 ലോകകപ്പ് മുതൽ പൊരുതി മടങ്ങാനായിരുന്നു കങ്കാരുക്കളുടെ വിധി. എന്നാൽ ആ നാണക്കേടിന്റെ ചരിത്രം ആരോൺ ഫിഞ്ചും സംഘവും മായിക്കുകയാണ്. അല്ലെങ്കിൽ മാറ്റി എഴുതുകയാണ്.
A new and different trophy has been added to Australia's men's World Cup cabinet ????
- ESPNcricinfo (@ESPNcricinfo) November 14, 2021
???? https://t.co/ejaVX07a0O | #T20WorldCup pic.twitter.com/pyIRO8H8C3
അതും ചിരവൈരികളായ ന്യൂസിലൻഡിനെ ഫൈനലിൽ അനായാസം മറികടന്നുകൊണ്ട്. 2015 ഏകദിന ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ നേരിട്ട തോൽവിയുടെ തനിയാവർത്തനം പോലെ ഇത്തവണയും കിവികൾ പൊരുതിയെങ്കിലും ഓസിസ് താരങ്ങളുടെ അടങ്ങാത്ത കിരീടമോഹത്തിന് മുന്നിൽ സ്വപ്‌നം വീണ്ടും പൊലിഞ്ഞു.
ഇംഗ്ലണ്ടിന് മുന്നിൽ കാലിടറിയപ്പോൾ ഗ്രൂപ്പ് ഘട്ടം പോലും കടക്കില്ലെന്ന് തോന്നിയ ഘട്ടത്തിൽ നിന്നും ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഓസിസ് സെമി ബർത്ത് ഉറപ്പിച്ചത്. ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും വെസ്റ്റ് ഇൻഡീസിനെയും തോൽപിച്ച് നേടിയ മികച്ച റൺറേറ്റായിരുന്നു തുണയായത്. സെമിയിലാണ് ഓസീസിന്റെയും കിവീസിന്റെയും പോരാട്ടവീര്യവും കരുത്തും ക്രിക്കറ്റ് ലോകം കണ്ടത്. ഇന്ത്യയെ കീഴടക്കിയതിന്റെ ഊർജ്ജവുമായി തോൽവിയറിയതെ നോക്കൗട്ടിലെത്തിയ പാക്കിസ്ഥാനെ വീഴ്‌ത്തിയാണ് ഓസിസ് ഫൈനലിലേക്ക് മുന്നേറിയത്.
പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയ നേടിയത് അവിശ്വസനീയ വിജയമായിരുന്നു. 96 റൺസിന് അഞ്ച് വിക്കറ്റ് നഷ്മായിട്ടും സ്റ്റോയിനിസും മാത്യൂ വെയ്ഡും അസാധ്യമായത് സാധ്യമാക്കി. ആ വിജയം നൽകിയ ആത്മവിശ്വാസമാണ് തുടക്കത്തിൽ കിവീസിനെതിരെ നായകൻ ആരോൺ ഫിഞ്ചിനെ നഷ്ടമായിട്ടും കുതിച്ച് ഉയരാൻ ഓസ്‌ട്രേലിയയ്ക്ക് കരുത്തായത്.
ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ കണ്ടെത്തിയിട്ടും കിവീസ് ബൗളർമാർക്ക് പ്രതിരോധിക്കാനാകാത്ത വിധം ഓസിസ് ബാറ്റ്‌സ്മാന്മാർ നിറഞ്ഞാടി. ആവേശകരമായ ഫൈനലിൽ ന്യൂസീലൻഡിനെ എട്ടു വിക്കറ്റിനാണ് ഓസീസ് വീഴ്‌ത്തിയത്.
Australia are the ???????????????????????????? of the #T20WorldCup 2021 ????#T20WorldCupFinal | #NZvAUS | https://t.co/50horpfG97 pic.twitter.com/JYKoseZTWl
- ICC (@ICC) November 14, 2021
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസീസ് ഏഴു പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയം പിടിച്ചെടുത്തു. കന്നി ട്വന്റി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടെത്തിയ ന്യൂസീലൻഡിനെ വീഴ്‌ത്തി ഓസീസിന് കന്നിക്കിരീടം!
തകർപ്പൻ അർധസെഞ്ചുറികളുമായി ഓസീസിന്റെ ചെയ്‌സിങ് അനായാസമാക്കിയ മിച്ചൽ മാർഷ്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവരാണ് കിരീടവിജയത്തിന്റെ നട്ടെല്ലായത്. ഓസീസിന്റെ ടോപ് സ്‌കോറർ കൂടിയായ മാർഷ് 50 പന്തിൽ 77 റൺസുമായി പുറത്താകാതെ നിന്നു. നാലു സിക്‌സും ആറു ഫോറും ഉൾപ്പെടുന്നതാണ് മാർഷിന്റെ ഇന്നിങ്‌സ്. വാർണർ 38 പന്തിൽ നാലു ഫോറും മൂന്നു സിക്‌സും സഹിതം 53 റൺസെടുത്തു.
സ്‌കോർ ബോർഡിൽ വെറും 15 റൺസ് മാത്രമുള്ളപ്പോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ നഷ്ടമായ ഓസീസിന് രണ്ടാം വിക്കറ്റിൽ വാർണർ മാർഷ് സഖ്യം പടുത്തുയർത്തിയ സെഞ്ചുറിയുടെ വക്കോളമെത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ബലമായത്. വെറും 59 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 92 റൺസ്!
വെറും 31 പന്തിൽനിന്ന് 50 കടന്ന മിച്ചൽ മാർഷ്, ട്വന്റി20 ലോകകപ്പ് ഫൈനലുകളിലെ വേഗമേറിയ അർധസെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. ഇതേ മത്സരത്തിൽ 32 പന്തിൽ അർധസെഞ്ചുറി പിന്നിട്ട കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ റെക്കോർഡാണ് മാർഷ് 'അടിച്ചെടുത്തത്'. ഈ മത്സരത്തിൽ 34 പന്തിൽ 50 കടന്ന വാർണർ പട്ടികയിൽ അഞ്ചാമതുണ്ട്. മിച്ചൽ മാർഷാണ് കളിയിലെ താരം. പരമ്പരയിലെ താരമായി ഡേവിഡ് വാർണർ മാറി.
???? ???????????????????????????????????? ???? #T20WorldCup #T20WorldCupFinal pic.twitter.com/wf0XR0Fu80
- ICC (@ICC) November 14, 2021
ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഏഴു പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. ഗ്ലെൻ മാക്‌സ്വെൽ 18 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 28 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ മാർഷ് മാക്‌സ്വെൽ സഖ്യം വെറും 39 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 66 റൺസ്.
ടൂർണമെന്റിലുടനീളം കിവീസിന്റെ കുതിപ്പിന് ഇന്ധനമായ സ്പിന്നർ ഇഷ് സോധി, പേസ് ബോളർ ടിം സൗത്തി തുടങ്ങിയവർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതാണ് അവർക്ക് വിനയായത്. സോധി മൂന്ന് ഓവറിൽ വഴങ്ങിയത് 40 റൺസ്. ടിം സൗത്തി 3.5 ഓവറിൽ 43 റൺസും വഴങ്ങി. രണ്ടു പേർക്കും വിക്കറ്റൊന്നും ലഭിച്ചില്ല. അതേസമയം, നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടിന്റെ പ്രകടനം ശ്രദ്ധേയമായി.
ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ടൂർണമെന്റിലെ മുൻ മത്സരഫലങ്ങൾ പരിഗണിച്ച് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണ ടൂർണമെന്റിൽ രണ്ടാമത് ബാറ്റ് ചെയ്തവർക്കായിരുന്നു മിക്കപ്പോഴും മേൽക്കൈ. ഓസീസ് സെമിയിലെ ടീമിനെ നിലനിർത്തിയപ്പോൾ കിവീസ് നിരയിൽ ഒരു മാറ്റം വരുത്തി. പരിക്കേറ്റ ഡെവോൺ കേൺവെയ്ക്ക് പകരം വിക്കറ്റ് കീപ്പറായി ടിം സീഫെർട്ട് പ്ലേയിങ് ഇലവനിലെത്തി.
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നായകൻ കെയ്ൻ വില്യംസണിന്റെ സംഹാരതാണ്ഡവത്തിൽ 20 ഓവറിൽ നാല് വിക്കറ്റിന് 172 റൺസെടുത്തു. 48 പന്തിൽ 85 റൺസെടുത്ത വില്യംസണാണ് ടോപ് സ്‌കോറർ. ഓസീസിനായി ജോഷ് ഹേസൽവുഡ് നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അതേസമയം മിച്ചൽ സ്റ്റാർക്ക് അടിവാങ്ങിക്കൂട്ടി.
ട്വന്റി 20 ലോകകപ്പിന് ഏതാനും നാളുകൾക്ക് മുമ്പ് ബംഗ്ലാദേശിന് മുന്നിൽ മുക്കുകുത്തി വീണ ഓസ്‌ട്രേലിയയുടെ തിരിച്ചുവരവ് തന്നെയാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ ഹൈലറ്റ്. ഈ ലോകകപ്പിന്റെ ഫേവറിറ്റുകളല്ലാതെ വന്ന് ഒടുവിൽ കിരീടവുമായി മടങ്ങുകയാണ് ഓസ്‌ട്രേലിയ. 1999 ഏകദിന ലോകകപ്പിലെതിന് സമാനമായി ഇവിടെയും ഭാഗ്യം ഓസിസിന് തുണായായി നിന്നു. ഫൈനലിലെ ടോസിന്റെ രൂപത്തിൽ അടക്കം.
Australia's #T20WorldCup champions ????
- ESPNcricinfo (@ESPNcricinfo) November 14, 2021
???? Women: 2010, 2012, 2014, 2018, 2020 ????
???? Men: 2021 ✅
What a cricketing nation ???? pic.twitter.com/hEYxKDeoOw
ഏകദിനത്തിൽ അഞ്ച് ലോകകിരീടം നേടിയിട്ടുള്ള ഓസ്‌ട്രേലിയക്ക് ട്വന്റി 20യിൽ അത് സാധ്യമാവാത്തത് ഇതുവരെ അദ്ഭുതമായിരുന്നു. പഴയ പ്രതാപകാലത്തിന്റെ നിഴൽ മാത്രമായി മാറിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് തിരിച്ചുവരവിനുള്ള ഊർജമാണ് ഈ ലോകകപ്പ് നേട്ടം നൽകുന്നത്. അടുത്ത വർഷം സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ ഇനി ചാമ്പ്യന്മാരുടെ മേലങ്കി അണിഞ്ഞ് തന്നെ ഓസിസിന് ഇറങ്ങാം.
അതേ സമയം കിവീസിന്റെ നിർഭാഗ്യം തന്നെയാണ് ഈ ലോകകപ്പിലും അടയാളപ്പെടുത്തുക. 2015 ലും 2019 ലും ഏകദിന ലോകകപ്പ് കിരീടങ്ങൾ കയ്യെത്തും ദൂരത്ത് നഷ്ടമായ കിവീസിന് ട്വന്റി 20 ലോകകപ്പ് കിരീടവും നഷ്ടമായിരിക്കുന്നു.
2007: India
- ESPNcricinfo (@ESPNcricinfo) November 14, 2021
2009: Pakistan
2010: England
2012: West Indies
2014: Sri Lanka
2016: West Indies
and now 2021: Australia! ????#T20WorldCup | #T20WorldCupFinal pic.twitter.com/0dnGX7NsL2
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഒറ്റ വർഷത്തിൽ രണ്ട് ലോകകിരീടങ്ങൾ എന്ന അപൂർവ നേട്ടമായിരുന്നു കെയ്ൻ വില്യംസണിനെയും സംഘത്തെയും മോഹിപ്പിച്ചതെങ്കിൽ 2015 ഏകദിന ലോകകപ്പിന്റെ ഫൈനലിന് സമാനമായി ഓസ്‌ട്രേലിയ വീണ്ടും വിലങ്ങുതടിയായി മാറി. എങ്കിലും തല ഉയർത്തിപ്പിടിച്ചു തന്നെയാണ് കെയ്ൻ വില്യംസണും സംഘവും മടങ്ങുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഐസിസി കിരീട പോരാട്ടങ്ങളിൽ തുടർച്ചയായി മുന്നേറാനാകുക എന്നത് ചാമ്പ്യൻ ടീമിന് മാത്രം സാധിക്കുന്ന കാര്യമാണ് എന്നതുതന്നെ.
സ്പോർട്സ് ഡെസ്ക്