സിഡ്‌നി: ഇറാഖിൽ നടത്തിവരുന്ന വ്യോമാക്രമണത്തിനു പിന്നാലെ സിറിയയിലേക്കും വ്യോമാക്രമണം വ്യാപിപ്പിക്കുമെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇരു രാജ്യങ്ങളിൽ നിന്നുള്ള 12000 അഭയാർത്ഥികളെ കൂടി ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രി ടോണി അബോട്ട് വ്യക്തമാക്കി.

അഭയാർത്ഥികൾക്കായി  44 ഡോളർ മില്ല്യൺ സാമ്പത്തിക സഹായം നൽകാനും ഒസ്‌ട്രേലിയൻ ഗവൺമെന്റിന്റെ തീരുമാനം.  അഭയാർത്ഥി ക്യാമ്പുകൾ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സഹായവും നൽകാനാണ് ഈ തുക ഉപയോഗിക്കുക.  

സിറിയയിൽ മാനുഷിക പരിഗണനകൾക്കതീതമായി സൈനിക നടപടികൾ സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതരാണെന്നും അബോട്ട് വ്യക്തമാക്കി.  ഹൃദയം കൊണ്ടും ബുദ്ധി കൊണ്ടും ഈ വിഷയത്തെ കുറിച്ച് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ജീവിതങ്ങൾ ഇല്ലാതാക്കി ഭീകര രാഷ്ട്രം പണിയാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്നും അബോട്ട് കൂട്ടിച്ചേർത്തു.
ഇതു പോലുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കേണ്ടത് പശ്ചിമേഷ്യയിലെ മാത്രമല്ല ലേകത്തിന്റെ മുഴുവൻ സമാധാനത്തിന് അത്യാവശ്യമാണെന്ന നിലപാടിലാണ് ഓസ്‌ട്രേലിയ.

ഇസ്ലാമിക് സ്‌റ്റേറ്റും മറ്റ് തീവ്ര മുസ്ലിം സംഘടനകളും അസദിന്റെ സൈന്യവും തമ്മിലുള്ള സംഘർഷത്തിൽ 200,000 പേരാണ് ഇതിനോടകം മരിച്ചത്.  4 മില്ല്യണിലധികം ആൾക്കാർക്ക് താമസ സ്ഥലം നഷ്ടപ്പെടുകയും ചെയ്തു. അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാൻ മിഡിൽഈസ്‌റിറിലേക്ക് ഉടൻ തന്നെ ഉദ്ദ്യോഗസ്ഥരെ അയക്കുമെന്ന് അബോട്ട് വ്യക്തമാക്കി.  

സംരക്ഷിക്കുന്ന അഭയാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.  ഏറ്റെടുക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുയർന്ന ചോദ്യങ്ങൾ അബോട്ട്   കഴിഞ്ഞ തവണ നിരാകരിച്ചിരുന്നു. 10000 ആളുകളെ അധികമായി ഏറ്റെടുക്കാൻ ലേബറും എണ്ണം ഇരട്ടിയാക്കാൻ ഗ്രീൻസും ആവശ്യപ്പെട്ടിരുന്നു.  കഴിഞ്ഞ ദിവസമാണ് ഏറ്റെടുക്കുന്ന അഭയാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനമായത്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഏറ്റെടുക്കാനാണ് ഗവൺമെന്റിന്റെ പുതിയ തീരുമാനം എന്ന് നേതാക്കൾ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മതപരമായ വിഷയങ്ങൾ അഭയാർത്ഥികളെ ഏറ്റെടുക്കുന്ന കാര്യത്തിൽ പരിഗണിക്കുകയില്ലെന്നാണ് ക്യാബിനറ്റ് മിനിസ്റ്റർ ക്രിസ്റ്റഫർ ഫെനി വ്യക്തമാക്കിയിരിക്കുന്നത്.