- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓസിസിന്റെ തുടക്കം തകർച്ചയോടെ; രക്ഷകനായി സ്റ്റീവ് സ്മിത്ത്; പിന്തുണച്ച് മാക്സ്വെല്ലും സ്റ്റോയിൻസും; രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് 153 റൺസ് വിജയലക്ഷ്യം
ദുബായ്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായിഓസ്ട്രേലിയക്കെതിരായ രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് 153 റൺസ് വിജയലക്ഷ്യം. ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റിന് 11 റൺസ് എന്ന അവസ്ഥയിലായിരുന്ന ഓസീസിനെ സ്റ്റീവ് സ്മിത്ത് മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്പിന്നർമാർക്ക് മുന്നിൽ തുടക്കത്തിൽ തകർന്നെങ്കിലും സ്റ്റീവ് സ്മിത്തിന്റെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും മാർക്കസ് സ്റ്റോയ്നിസിന്റെയും ബാറ്റിങ് മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. ഇന്ത്യക്കായി അശ്വിൻ രണ്ട് വിക്കറ്റെടുത്തു.
സ്മിത്ത് 48 പന്തിൽ ഏഴു ഫോറിന്റെ സഹായത്തോടെ 57 റൺസെടുത്തു. 41 റൺസോടെ സ്റ്റോയിൻസും 37 റൺസോടെ മാക്സ്വെല്ലും സ്മിത്തിന് പിന്തുണ നൽകി. ഡേവിഡ് വാർണർ (1), ആരോൺ ഫിഞ്ച് (8), മിച്ചൽ മാർഷ് (0) എന്നിവർക്ക് തിളങ്ങാനായില്ല. നാല് റൺസോടെ മാത്യു വെയ്ഡ് പുറത്താകാതെ നിന്നു.
രണ്ടാം ഓവറിൽ തന്നെ സ്പിന്നർ ആർ അശ്വിനെ പന്തേൽപ്പിക്കാനുള്ള ക്യാപ്റ്റൻ രോഹിത് ശർമയുടെ തന്ത്രം ഫലിക്കുന്നതാണ് തുടക്കത്തിൽ കണ്ടത്. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ വാർണറെയും(1) അടുത്ത പന്തിൽ മിച്ചൽ മാർഷിനെയും(0) അശ്വിൻ മടക്കി. നാലാം ഓവർ എറിയാനെത്തിയ രവീന്ദ്ര ജഡേജ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ(8( വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഓസീസ് 11-3ലേക്ക് കൂപ്പുകുത്തി.
പിന്നീട് നാലാം വിക്കറ്റിൽ അർധ സെഞ്ചുറി കൂട്ടുകെട്ടുമായി സ്മിത്തും മാക്സ്വെല്ലും കര കയറ്റുകയായിരുന്നു. 46 പന്തിൽ ഇരുവരും ചേർത്തത് 61 റൺസാണ്. മാക്സ്വെൽ പുറത്തായ ശേഷം അഞ്ചാം വിക്കറ്റിൽ സ്റ്റോയ്ൻസിനെ കൂട്ടുപിടിച്ച് സ്മിത്ത് പൊരുതാവുന്ന സ്കോറിലെത്തിച്ചു. 49 പന്തിൽ ഇരുവരും ചേർന്ന് 76 റൺസ് അടിച്ചു.
സ്റ്റോയ്നിസിന്റെ തകർപ്പനടികളാണ് അവസാന ഓവറുകളിൽ ഓസീസിനെ 150 കടത്തിയത്. പതിനഞ്ചാം ഓവറിൽ 94 റൺസ് മാത്രമുണ്ടായിരുന്ന ഓസീസ് അവസാന അഞ്ചോവറിൽ 62 റൺസാണ് അടിച്ചുകൂട്ടിയത്.
ഇന്ത്യക്കായി ഭുവനേശ്വർകുമാർ നാലോവറിൽ 27 റൺസിന് ഒരു വിക്കറ്റെടുത്തപ്പോൾ അശ്വിൻ രണ്ടോവറിൽ എട്ട് റൺസിന് രണ്ട് വിക്കറ്റെടുത്തു. ജഡേജ നാലോവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റും രാഹുൽ ചാഹർ മൂന്നോവറിൽ 17 റൺസ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു. മൂന്നോവറിൽ 30 റൺസ് വഴങ്ങിയ ഷർദ്ദുൽ ഠാക്കൂറും രണ്ടോവറിൽ 23 റൺസ് വഴങ്ങിയ വരുൺ ചക്രവർത്തിയും നിരാശപ്പെടുത്തിയപ്പോൾ വിരാട് കോലി രണ്ടോവറിൽ 12 റൺസ് മാത്രം വഴങ്ങി ബൗളിംഗിലും തിളങ്ങി.
വിരാട് കോലി ടീമുലുണ്ടെങ്കിലും രോഹിത് ശർമയാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നത്. ആദ്യ മത്സരത്തിൽ രോഹിത് കളിച്ചിരുന്നില്ല. രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി എന്നിവർ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയപ്പോൾ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവർക്ക് വിശ്രമം അനുവദിച്ചു.
സ്പോർട്സ് ഡെസ്ക്