സിഡ്‌നി: രാജ്യം അതിശൈത്യത്തിന്റെ പിടിയിലാണ്. മോശം കാലാവസ്ഥയും ശക്തമായ മഞ്ഞുവീഴ്ചയെയും തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിതം ദുസ്സഹമായിരിക്കുക യാണ്. ന്യൂസൗത്ത് വെയിൽസിലെയും ക്യൂൻസ്‌ലാന്റിലും പ്രധാന റോഡുകളെല്ലാം കഴിഞ്ഞ ദിവസത്തെ കനത്ത മഞ്ഞു വിഴ്ചയെ തുടർന്ന് മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ്. നഗരം അതിശൈത്യത്തിന്റെ പിടിയിലായതിനെ തുടർന്ന് ഗവൺമെന്റ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്യൂൻസ്‌ലാന്റ്, ന്യൂസൗത്ത് വെയിൽസ് നഗരങ്ങളിലെ ഒട്ടുമിക്ക റോഡുകളും മഞ്ഞിൽ പുതച്ചതിനാൽ വാഹന ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. റോഡിലൂടെയുള്ള യാത്രകൾക്ക് മുതിരാതെ ജനങ്ങൾ വീടുകളിൽ തന്നെ കഴിച്ചുകൂട്ടണമെന്ന് ബന്ധപ്പെട്ട അധികാരികൽ നിർദ്ദേശം നല്കിയിട്ടുണ്ട്.

മഞ്ഞുവീഴ്ചയെത്തുടർന്ന് ഇരുപതോളം വാഹനാപകടങ്ങളുണ്ടായി.രോഗികൾക്ക് വൈദ്യസഹായം എത്തിക്കുന്നതിനും ആശുപത്രികളിൽ എത്തിക്കുന്നതിനും കനത്ത മഴയും മഞ്ഞും ഐസും ശക്തമായി കാറ്റും തടസമാകുന്നതായും റിപ്പോർട്ട്.

ബ്ലൂ മൗണ്ടനിലും തെക്കൻ പ്രദേശങ്ങളിലും 2200 ഭവനങ്ങൾക്കുള്ള വൈദ്യുതി ബന്ധം മണിക്കൂറുകളോളം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സിഡ്‌നി, ലിത്‌ഗോ, ബാതഴ്സ്റ്റ്, കട്ടൂംബ തുടങ്ങിയ സ്ഥലങ്ങളിൽ റോഡു ഗതാഗതം തടസപ്പെട്ടു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഇവിടങ്ങളിലുള്ള പല പ്രദേശങ്ങളിലെയും റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.

31 വർഷത്തിനിടെയുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചക്കാണ് ഈ വർഷം സാക്ഷ്യം വഹിക്കുന്നത്. മഞ്ഞുകാലം ആറാഴ്ച കൂടി നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ന്യൂസൗത്ത് വെയിൽസ് പ്രദേശത്ത് മണിക്കൂറിൽ 90 കിലോ മീറ്റർ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുള്ളതായി ബ്യൂേറാ ഓഫ് മെട്രോളജി വിഭാഗം മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ഇരു ചക്ര വാഹനയാത്രികർക്ക് റോഡുകളിലൂടെയുള്ള യാത്രകളിൽ കർശന വിലക്കുകളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.