മെൽബൺ: ഓസ്‌ട്രേലിയയിലെ ചെറുപ്പക്കാർക്കിടയിൽ മതിയായ തൊഴിലില്ലാത്തവരുടെ എണ്ണം 40 വർഷത്തെ ഏറ്റവും ഉയർന്ന തോതിലാണെന്ന് റിപ്പോർട്ട്. സെന്റ് ലോറൻസ് വെൽഫെയർ ഗ്രൂപ്പ് നടത്തിയ സർവേയിലാണ് രാജ്യത്ത് മൂന്നു ലക്ഷത്തിലധികം ചെറുപ്പക്കാർ കാഷ്വൽ, പാർട്ട് ടൈം ജോലികൾ കൊണ്ട് തൃപ്തരാകുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് ഫുൾ ടൈം ജോലിയോ കൂടുതൽ കാഷ്വൽ- പാർട്ട് ടൈം ജോലിയോ ആവശ്യമായിടത്താണ് പേരിനു മാത്രം ജോലി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നത്.

ഇത്തരത്തിൽ അപൂർണമായ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 15 ശതമാനത്തിനു മുകളിലായെന്നും ഇത് കഴിഞ്ഞ നാലു ദശാബ്ദക്കാലത്തിലെ ഏറ്റവും ഉയർന്ന നിരക്കാണെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. മതിയായ തോതിൽ തൊഴില്ലാത്തവരുടെ എണ്ണത്തിനൊപ്പം രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കൂടി കണക്കാക്കിയാൽ അത് അഞ്ചു ലക്ഷത്തിലധികം വരുമെന്നാണ് കണക്ക്. രാജ്യത്തെ ലക്ഷക്കണക്കിന് ചെറുപ്പക്കാർ സ്വന്തം കാലിൽ നിൽക്കാൻ പാടുപെടുന്നുവെന്നാണ് ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത്.

കൂടാതെ നിലവിലുള്ള തൊഴിലില്ലായ്മ നിരക്കായ 14 ശതമാനം കൂടി ഇതിനോട് ചേർത്തു വായിക്കുമ്പോൾ ഓസ്‌ട്രേലിയൻ ചെറുപ്പക്കാർക്ക് മേലുള്ള ഇടിത്തീയാണ് ഇപ്പോഴത്തെ തൊഴിൽ അവസ്ഥ. ചെറുപ്പക്കാർക്ക് ഇപ്പോൾ ലഭിക്കുന്ന പകുതിയിലേറെ തൊഴിലുകളും കാഷ്വൽ ജോലികളാണ്. ഇത് അവർക്ക് തൊഴിൽ ഒന്നും ഇല്ലാതിരിക്കുന്നതിലും ഭേദമല്ലേ എന്നു കരുതിയാണ് മിക്കവരും സ്വീകരിക്കുന്നത്. മാത്രമല്ല, തൊഴിൽ എക്‌സ്പീരിയൻസ് ആയും മിക്കവരും ഇതിനെ കാണുകയാണ്. കുടുംബത്തിന്റെ സപ്പോർട്ട് കൂടി ഇല്ലാത്ത ചെറുപ്പക്കാർക്ക് ഇത്തരം കാഷ്വൽ വർക്കുകൾ ഒരു തരത്തിലും ഗുണം ചെയ്യുന്നില്ല. ഇത്തരത്തിലുള്ള 40,000 ചെറുപ്പക്കാർ രാജ്യത്തുണ്ട്.

ഓരോ ദിവസത്തേയും ചെലവു നടന്നുപോകാൻ പോലും ഇത്തരം കാഷ്വൽ ജോലി കൊണ്ട് സാധിക്കുകയില്ലെന്നും പറയപ്പെടുന്നു. ചെറുപ്പക്കാർക്കിടയിൽ മതിയായ തൊഴിൽ ഇല്ലാത്തത് ആദ്യമായി രേഖപ്പെടുത്തുന്നത് 1978-ലാണ്. 3.1 ശതമാനമായിരുന്നു അന്നത്തെ കണക്ക്.