അഡ്ലെയ്ഡ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ ജയത്തിന് അരികെ. അഡ്ലെയ്ഡിൽ പകൽ- രാത്രി ടെസ്റ്റിൽ 468 റൺസ് വിജലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ നാലിന് 82 എന്ന നിലയിൽ പതറുകയാണ്. ഒരു ദിവസവും ആറു വിക്കറ്റും ശേഷിക്കേ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് വേണ്ടത് 386 റൺസാണ്. ഓസിസിന് ആറ് വിക്കറ്റും.

നാലാം ദിനത്തിലെ അവസാന പന്തിൽ ക്യാപ്റ്റൻ ജോ റൂട്ടിനെ (24) പുറത്താക്കിയ മിച്ചൽ സ്റ്റാർക്ക് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ കെടുത്തി. ഹസീബ് ഹമീദ് (0), ഡേവിഡ് മലാൻ (20), റോറി ബേൺസ് (34) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. മൂന്ന് റൺസുമായി ബെൻ സ്റ്റോക്ക്സാണ് ക്രീസിൽ.

ജേ റിച്ചാർഡ്സൺ രണ്ട് വിക്കറ്റ് വീഴ്‌ത്തി. മൈക്കൽ നെസർ, മിച്ചൽ സ്റ്റാർക്ക് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്. പിങ്ക് പന്തിൽ ഒരു ദിനം ശേഷിക്കെ ഓസീസ് ബൗളർമാരെ അതിജീവിക്കുക എളുപ്പമാവില്ല.

നേരത്തെ രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റിന് 230 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഓസ്ട്രേലിയ 468 റൺസ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്. മാർനസ് ലബുഷെയ്ൻ (51), ട്രാവിഡ് ഹെഡ് (51) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഓസീസിനെ 230-ൽ എത്തിച്ചത്.

51 റൺസ് വീതം നേടിയ മർനസ് ലബുഷെയൻ, ട്രാവിഡ് ഹെഡ് എന്നിവരാണ് ഓസീസിന്റെ രണ്ടാം ഇന്നിങ്സ് സ്‌കോർ 200 കടത്തിയത്. കാമറൂൺ ഗ്രീൻ 33 റൺസുമായി പുറത്താവാതെ നിന്നു. ഡേവിഡ് വാർൺ (13), മാർകസ് ഹാരിസ് (23), മൈക്കൽ നെസർ (3), സ്റ്റീവൻ സ്മിത്ത് (6), അലക്സ് ക്യാരി (6), സ്റ്റാർക്ക് (19), റിച്ചാർഡ്സൺ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മലാൻ, റൂട്ട്, ഒല്ലി റോബിൻസൺ എന്നിവർ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി.

ഒന്നാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റിന് 473 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഓസ്ട്രേലിയക്കെതിരേ ഇംഗ്ലണ്ട് 236 റൺസിന് പുറത്തായിരുന്നു. മലാൻ (80), റൂട്ട് (62), സ്റ്റോക്സ് (34) എന്നിവരൊഴികെ മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. സ്റ്റാർക്ക് നാലും നഥാൻ ലിയോൺ മൂന്ന് വിക്കറ്റും വീഴ്‌ത്തി. ഓസീസിന് ഒന്നാം ഇന്നിങ്സിൽ ലബുഷെയ്ൻ (103), ഡേവിഡ് വാർണർ (95), സ്റ്റീവൻ സ്മിത്ത് (93), ക്യാരി (51) എന്നിവരുടെ ഇന്നിങ്സാണ് തുണയായത്.