മെല്‍ബണ്‍ : ആസ്‌ട്രേലിയയിലെ മലയാളി പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍ മാരുടെ കൂട്ടായ്മായ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സ് ഇന്‍ ആസ്‌ട്രേലിയ ( MSWA) നിലവില്‍ വന്നു . ഓസ്ട്രേലിയയിലെ വിവിധ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര മേഖലയില്‍ ജോലി ചെയ്യുന്ന 215 സോഷ്യല്‍ വര്‍ക്ക് പ്രൊഫഷണല്‍ മാരാണ് കൂട്ടായ്മയിലുള്ളത്. മാനസികാരോഗ്യം, ശിശു സംരക്ഷണം, ഗാര്‍ഹിക പീഡനം, ഡ്രഗ് & ആല്‍ക്കഹോള്‍, ഡിസെബിലിറ്റി, അക്കാഡമിക്ക് -ഗവേഷണം , ഫോറന്‍സിക്ക്, സ്‌കൂള്‍ സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരാണ് കൂട്ടായ്മയില്‍ അണി ചേര്‍ന്നത്.

മാര്‍ച്ച് 30 ന് ഞായറാഴ്ച ഓസ്‌ട്രേലിയന്‍ സമയം വൈകിട്ട് 7 മണിക്ക് ചേര്‍ന്നസോഷ്യല്‍ വര്‍ക്ക് കൂട്ടായ്മയുടെ ആദ്യ ഓണ്‍ലൈന്‍മീറ്റ് ആഗോള സോഷ്യല്‍ വര്‍ക്ക് ദിനാചാരണം 2025 കൂടിയായി ആഘോഷിച്ചു ഓണ്‍ലൈന്‍ മീറ്റില്‍ ഇന്ത്യയില്‍ നിന്നും ആസ്ട്രേലിയയില്‍ നിന്നുമുള്ള അക്കാഡമിക്ക് വിദഗ്ദര്‍ പങ്കെടുത്തു. ഡോ . അമാന്റ നിക്സണ്‍ (ഗവേഷക, എ എസ് ഡബ്‌ള്യു സൂപ്പര്‍ വൈസര്‍ ) ഡോ. ഐപ്പ് വര്‍ഗീസ് (സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് - ബി സി എം കോളേജ്, കോട്ടയം, സെക്രട്ടറി ജനറല്‍ ഇന്ത്യ നെറ്റവര്‍ക്ക് ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍), പ്രൊഫ.ഗാന്ധി ദോസ് (പ്രസിഡണ്ട്- ഇന്ത്യ നെറ്റ്വര്‍ക്ക് ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ അസ്സോസിയേഷന്‍), എന്നിവര്‍ മുഖ്യ അദിഥികളായിരുന്നു.

മലയാളികളായ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും , സോഷ്യല്‍ വര്‍ക്ക് മേഖലയിലേക്ക് കടന്നു വരുന്നവര്‍ക്കും പ്രയോജനപ്പെടും വിധമുള്ള പരിശീലനങ്ങള്‍, മെന്ററിങ്ങ്, സൂപ്പര്‍ വിഷന്‍ എന്നിങ്ങനെയുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഡോ ജോസി തോമസ്, കിറ്റി ലൂക്കോസ് , ജോണി മറ്റം എന്നിവര്‍ സംസാരിച്ചു.

കൂട്ടായ്മയെ ബന്ധപ്പെടുന്നതിന് ഇമെയില്‍ അയക്കുക: ausmalayaleesocialworkers@gmail.com

വാര്‍ത്ത അയച്ചത് : സന്തോഷ് ജോസഫ്