മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ മന്ത്രി സഭയില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ വംശജനായ ജിന്‍സണ്‍ ആന്റോ ചാള്‍സിനും, ഫാമിലി കണക്ടിലൂടെ ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച രാജഗിരി ആശുപത്രിക്കും ആദരം നല്‍കി ഇന്ത്യന്‍ സമൂഹം. ഏഷ്യാനെറ്റ് ഹെല്‍ത്ത് എക്ലസലന്‍സ് അവാര്‍ഡ് വേദിയില്‍ ഗവണ്‍മെന്റ് ഓഫ് വിക്ടോറിയയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. വിക്ടോറിയ എംപിയും, ഗവണ്‍മെന്റ് വിപ്പുമായ ലീ താര്‍ലമിസ് അധ്യക്ഷത വഹിച്ചു.

ആന്ധ്രാപ്രദേശില്‍ നിന്നുളള ലോകസഭാ എംപി ഡോ. ബൈറെഡ്ഢി ശബരിയില്‍ നിന്നും ജിന്‍സണ്‍ ആന്റോ ചാള്‍സും, രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിളളിയും ആദരം ഏറ്റുവാങ്ങി. ഓസ്‌ട്രേലിയലെ മുതിര്‍ന്ന മൈഗ്രെഷന്‍ അഭിഭാഷക താരാ നമ്പൂതിരി ഇരുവര്‍ക്കും മംഗള പത്രം കൈമാറി . കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷ്ണല്‍ ഡയറ്കടര്‍ റോബര്‍ട്ട് കുര്യാക്കോസ് പൊന്നാട അണിയിച്ചു.

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി ജിന്‍സണ്‍ ചാള്‍സ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് വേണ്ടി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇത്തരം അംഗീകാരങ്ങള്‍ പ്രേരകമാകുമെന്ന് ഫാ. ജോണ്‍സണ്‍ വാഴപ്പിളളി അഭിപ്രായപ്പെട്ടു.