അഡലെയ്ഡ്: പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറും സാമൂഹിക പ്രവര്‍ത്തകനുമായ പത്മശ്രീ ഗോപിനാഥ് മുതുകാടിനെ സൗത്ത് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ആദരിച്ചു. അഡലെയ്ഡ് പാര്‍ലമെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സൗത്ത് ഓസ്‌ട്രേലിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും മുന്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രീമിയറുമായ ജിംഗ് ലീ പ്രശസ്തി പത്രം നല്‍കി ഇന്ത്യന്‍ രീതിയില്‍ പൊന്നാടയണിയിച്ചാണ് മുതുകാടിനെ ആദരിച്ചത്.

ലോകമെമ്പാടുമുള്ള ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനത്തെ ജിംഗ് ലീ പ്രത്യേകം അഭിനന്ദിച്ചു . മാജിക്കിലൂടെ വ്യക്തികളെയും സമൂഹത്തെയും പ്രചോദിപ്പിക്കുന്ന മുതുകാടിന്റെ അതുല്യ പ്രവര്‍ത്തനത്തിന് യൂണിസെഫിന്റെ അവാര്‍ഡ്‌ലഭിച്ചത്അവര്‍ ചുണ്ടിക്കാട്ടി. തിരുവനന്തപുരം കേന്ദ്രമാക്കി മുതുകാടിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡിഫറന്റ് ആര്‍ട്‌സ് സെന്ററിലെ (DAC) കുട്ടികളെയും ഓസ്‌ട്രേലിയയിലെ മാനസിക വൈകല്യമുള്ള കുട്ടികളെയും ഒരുമിപ്പിച്ചു കൊണ്ടുള്ളപരിപാടി ഓസ്ട്രലിയില്‍ സംഘടിപ്പിക്കാന്‍ ഗവണ്‍മെന്റ് തലത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്‍ ഡെപ്യൂട്ടി പ്രീമിയര്‍ കൂടിയായ ജിംഗ് ലീ പറഞ്ഞു.

ഡിഫറന്റ് ആര്‍ട്ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന എം ക്യൂബ് മെഗാ ഷോ യുമായി ഓസ്‌ട്രേലിയയില്‍ എത്തിയതായിരുന്നു മുതുകാട് .പ്രത്യേക ക്ഷണിതാവായി എത്തിയ മുതുകാടിനെ പാര്‍ലമെന്റ് ഹൗസിലേക്ക് സ്വീകരിച്ചാനയിച്ചു.തുടര്‍ന്ന് പാര്‍ലമെന്റിന്റെ നടപടി ക്രമങ്ങളെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും ജിംഗ് ലീ വിശദീകരിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ നേട്ടമാണ് ഈ ബഹുമതിയെന്ന് മറുപടി പ്രസംഗത്തില്‍ മുതുകാട് പറഞ്ഞു.ഗായകരായ അതുല്‍ നറുകര, ശ്വേത അശോക്, വിഷ്ണു അശോക്, എന്നിവര്‍ക്കൊപ്പം ഭരതരാജന്‍, നാസര്‍, പ്രീതി, ജെയിംസ് കാഞ്ഞിരത്തിങ്കല്‍, പോളി പാറക്കാടന്‍, റോയി കാഞ്ഞിരത്താനം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .6 ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ ഗോപിനാഥ് മുതുകാടിന് സ്വീകരണവും സ്റ്റേജ്‌ഷോയും സഘടിപ്പിച്ചിട്ടുണ്ടെന്നു സംഘാടകരായ റോയി കാഞ്ഞിരത്താനം, പോളി പാറക്കാടന്‍ എന്നിവര്‍പറഞ്ഞു.

തോമസ് ടി ഓണാട്ട്