ഓസ്‌ട്രേലിയ: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഏഷ്യാ പസഫിക് ഭദ്രാസനത്തിന് ഓസ്‌ട്രേലിയയില്‍ സ്ഥിര ആസ്ഥാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി 1.37 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലം സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ACT-NSW അതിര്‍ത്തിക്ക് സമീപമുള്ള സട്ടണ്‍ (Sutton) പ്രദേശത്താണ് ഭദ്രാസന ആസ്ഥാനവും ബിഷപ് ഹൗസും സ്ഥാപിക്കുന്നതിനായി ഭൂമി വാങ്ങുന്നത്.

9,05,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ വിലവരുന്ന ഈ ഭൂമി ശാന്തവും സൗകര്യപ്രദവുമായ പരിസരത്താണ് സ്ഥിതിചെയ്യുന്നത്. കാന്‍ബറയ്ക്കു സമീപമുള്ള ഈ സ്ഥലം ഭദ്രാസനത്തിന്റെ ആത്മീയ, ഭരണ, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ കേന്ദ്രമായി രൂപപ്പെടുത്താന്‍ കഴിയും എന്ന വിലയിരുത്തലിലാണ് നേതൃത്വം.

ഭൂമിയുമായി ബന്ധപ്പെട്ട കരാര്‍ 2026 ഫെബ്രുവരി 5-ാം തീയതി വ്യാഴാഴ്ച ഔദ്യോഗികമായി കൈമാറി (Contract Exchange) കഴിഞ്ഞു. ഈ വര്‍ഷം ജൂലൈ മാസാവസാനത്തോടെ അന്തിമ തീര്‍പ്പാക്കല്‍ (Final Settlement) പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്.

നാല് രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏഷ്യാ പസഫിക് ഭദ്രാസനത്തിന്റെ ആത്മീയവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരതയും ദിശാബോധവും നല്‍കുന്ന കേന്ദ്രമായി ഈ ആസ്ഥാനം മാറുമെന്നാണ് പ്രതീക്ഷ. പ്രവാസ ജീവിതം നയിക്കുന്ന സഭാ മക്കള്‍ക്ക് ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശവും ശുശ്രൂഷകളും ഉറപ്പാക്കുന്നതിനുള്ള ശക്തമായ അടിത്തറയായിരിക്കും ഈ ആസ്ഥാനം.

സഭയുടെ പരമാധ്യക്ഷനായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ തിരുമേനി ഈ സ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയും ഭദ്രാസനത്തിന്റെ ഭാവി ആവശ്യകതകളും ദീര്‍ഘകാല വളര്‍ച്ചയും കണക്കിലെടുത്ത് വേഗത്തില്‍ സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യം നിര്‍ദ്ദേശിക്കുകയും ചെയ്തു. കുടിയേറ്റ സമൂഹമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന സഭാംഗങ്ങള്‍ക്ക് ആത്മീയ നേതൃത്വവും സൗകര്യങ്ങളും ഉറപ്പാക്കുന്നതില്‍ സഭ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു.

ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തയായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമേനി പ്രാഥമികമായി ഈ സ്ഥലം സന്ദര്‍ശിക്കുകയും ദീര്‍ഘവീക്ഷണപരമായ നിര്‍ദ്ദേശങ്ങളും ഭൂമി വാങ്ങിക്കുന്നതിന് ഉള്ള നടപടികളില്‍ നിര്‍ണായക പങ്കുവഹിച്ചു.ഏഷ്യാ പസഫിക് മേഖലയിലെ സഭയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന ചരിത്രപരമായ തീരുമാനമായി ഈ ഭൂമി സ്വന്തമാക്കല്‍ വിലയിരുത്തപ്പെടുന്നു