ജോമി പുലവേലില്‍

കാന്‍ബറ: ഓസ്ട്രേലിയന്‍ തലസ്ഥാന നഗരമായ കാന്‍ബറയിലെ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, പരിശുദ്ധ കന്യാ മാറിയത്തിത്തിന്റെയും, സെന്റ്. തോമസിന്റേയും തിരുന്നാള്‍ ഒക്ടോബര്‍ 3, 4 ,5 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കും. ഇതോടൊപ്പം ഇടവക പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികാഘോഷവും വാര്‍ഷികവും ആഘോഷിക്കും.

തിരുന്നാളിന് മുന്നോടിയായി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നടന്നു വരുന്നു. 26-നു വെള്ളിയാഴ്ച നടന്ന വി . കുര്‍ബാനക്കും നൊവേനക്കും കാമ്പ സെന്റ്. തോമസ് പള്ളി വികാരി ഫാ. പ്രവീണ്‍ പോള്‍ കാര്‍മ്മികത്വം വഹിച്ചു. 27 ശനിയാഴ്ച രാവിലെ 9.30 നു കാന്‍ബറ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ മിഷന്‍ വികാരി ഫാ. ഡാലിഷ് മാത്യു വി. കുര്‍ബാനയും നൊവേനയും അര്‍പ്പിക്കും. 28 നു ഞായറാഴ്ച രാവിലെ 9.15 നു ടൂവുമ്പ സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റി ചാപ്ലയിന്‍ ഫാ. തോമസ് അരീകുഴി എം.സി.ബി.എസ് വിശുദ്ധ കുര്‍ബാനയും നൊവേനയും അര്‍പ്പിച്ചു സന്ദേശം നല്‍കും. 29- നു തിങ്കളാഴ്ച വൈകുന്നേരം ആറിന് സീറോ മലബാര്‍ സിഡ്നി ഫൊറാനയിലെ മുഴുവന്‍ വൈദികരും ചേര്‍ന്ന് വി. കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നൊവേനയും നടക്കും. 30- നു ചൊവ്വാഴ്ച്ച വൈകുന്നേരം ആറിന് നടക്കുന്ന കുര്‍ബാനക്കും നൊവേനക്കും എം.ജി.എല്‍. പ്രീ നൊവിസ് ഡയറക്ടര്‍ ഫാ. ബൈജു തോമസ് കാര്‍മ്മികത്വം വഹിക്കും. ഒക്ടോബര്‍ ഒന്നിന് ബുധനാഴ്ച്ച വൈകുന്നേരം ആറിന് നറൂമാ ഔവര്‍ ലേഡി ഓഫ് സ്റ്റാര്‍ ഓഫ് ദി സീ പള്ളി വികാരി ഫാ. ജോര്‍ജ് അഴകത്തു വി.കുര്‍ബാനയും നൊവേനയും അര്‍പ്പിക്കും. രണ്ടാം തീയതി വെള്ളിയാഴ്ച സീറോ മലങ്കര റീത്തില്‍ ഫാ. ഫിലിപ്പ് മാത്യു വി. കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നൊവേനയും നടക്കും. എല്ലാ നൊവേന ദിവസങ്ങളിലും നേര്‍ച്ച വിതരണവും നടക്കും.

ഒക്ടോബര്‍ 3 നു വെള്ളിയാഴ്ച തിരുന്നാള്‍ കൊടിയേറും. വൈകുന്നേരം ആറിന് പള്ളി വികാരി ഫാ. ബിനേഷ് ജോസഫ് നരിമറ്റത്തില്‍ സി.എസ്. റ്റി തിരുന്നാള്‍ കോടിയേറ്റും. തുടര്‍ന്ന് പാമ്പുല കാത്തോലിക് പാരിഷ് സെന്ററുകളുടെ വികാരി ഫാ. കുര്യാക്കോസ് ചെന്നേലില്‍ എം.എസ്. വി. കുര്‍ബാന അര്‍പ്പിച്ചു തിരുന്നാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു നൊവേനയും സ്നേഹവിരുന്നും നടക്കും. തിരുന്നാളിന്റെ രണ്ടാം ദിനമായ നാലിന് ശനിയാഴ്ച വൈകുന്നേരം 5.30 നു മെല്‍ബണ്‍ സാന്തോം ഗ്രോവ് പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ . വര്‍ഗീസ് വാവോലില്‍ വി. കുര്‍ബാന അര്‍പ്പിച്ചു തിരുന്നാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് നൊവേന. ഏഴു മുതല്‍ സെന്റ്. ജൂഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫാമിലി ഫണ്‍ ഈവെനിംഗ് നടക്കും. ഫാമിലി ഫണ്‍ ഈവെനിംഗിനോടു അനുബന്ധിച്ചു കരാക്കെ ഗാനമേള, ചെണ്ടമേളം, ഭക്ഷ്യമേള, കലാ കായിക വിനോദങ്ങള്‍ എന്നിവ നടക്കും.

പ്രധാന തിരുന്നാള്‍ ദിനമായ അഞ്ചിന് ഞായറാഴ്ച്ച രാവിലെ 9.30നു നടക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍.ജോണ്‍ പനംതോട്ടത്തില്‍ സി.എം.ഐ മുഖ്യ കാര്‍മ്മികത്വം വഹിച്ചു തിരുന്നാള്‍ സന്ദേശം നല്‍കും. ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ഡാലിഷ് മാത്യു, ഫാ. ബൈജു തോമസ് എം.ജി. എല്‍., ഫാ. തോമസ് കുറുന്താനം എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനക്ക് ശേഷം വിശുദ്ധരുടെ തിരുശേഷിപ്പുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും നടക്കും. പൊന്‍, വെള്ളി കുരിശുകളും മുത്തുകുടകളും കൊടികളും ചെണ്ടമേളവും ആയി തനതു സീറോ മലബാര്‍ തനിമയിലാണ് പ്രദക്ഷിണം നടക്കുക. തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും. തിരുന്നാള്‍ ഭക്തിസാന്ദ്രവും മനോഹരവുമായ നടത്തുവാന്‍ വികാരി ഫാ. ബിനീഷ് നരിമറ്റത്തില്‍ സി.എസ്.റ്റി, ജനറല്‍ കണ്‍വീനര്‍ ജോമി പുലവേലില്‍, കൈക്കാരന്‍മാരായ ടൈജോ വര്‍ഗീസ്, ജോബി ജോര്‍ജ്, സിജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ തിരുന്നാള്‍ കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു. തിരുന്നാള്‍ ആഘോഷത്തിലും ഇടവക പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നു.