മെൽബൺ: ആഗോള എണ്ണവില കഴിഞ്ഞ രാത്രി ഇടിഞ്ഞതോടെ ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയിൽ ഇടിവു സംഭവിച്ചു. പ്രാദേശിക ഓഹരിവിപണിയും കൂപ്പ് കുത്തി. ഓസ്‌ട്രേലിയൻ ഡോളറിന്റെ വില ഒരു യുഎസ് സെന്റിനടുത്തെത്തിയിരിക്കുകയാണ്. ഇന്നലെ ഉന്നതിയിൽ നിന്ന സ്ഥാനത്ത് നിന്നാണ് ഓസ്‌ട്രേലിയൻ ഡോളർ പരിതാപകരമായി തകർച്ചയിലേക്ക് പതിച്ചിരിക്കുന്നത്.

അതേ സമയം എല്ലാ ഓർഡിനറീസ് ഇന്റക്‌സും 67 പോയിന്റ് താണു.  ഇവ 1.3 ശതമാനം താണ് 5,314ൽ എത്തിയിരിക്കുകയാണ്. എഎസ്എസ്‌ക്‌സ് 200 71 പോയിന്റ്‌സ് താണ് 5,330ൽ എത്തിയിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ആറ് ശതമാനത്തിലധികം താണിരിക്കുകയാണ്. ഒപെക് രാജ്യങ്ങളുടെ മീറ്റിംഗിന് ശേഷമാണ് എണ്ണവില ഈ വിധം ഇടിഞ്ഞിരിക്കുന്നത്. എണ്ണയുൽപാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സൗദിയടക്കമുള്ള രാജ്യങ്ങളാണ് യോഗം ചേർന്നിരുന്നത്.

ഓസ്‌ട്രേലിയൻ എനർജി സ്‌റ്റോക്കുകൾ കനത്ത തോതിൽ  ഇടിഞ്ഞ് താണു. തുടർന്ന് ഈ മേഖല അഞ്ച് ശതമാനം താഴോട്ട് പോവുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോടെ സാന്റോസ് 10.2 ശതമാനം താഴ്ന്നു.  വുഡ് സൈഡ് 5.8 ശതമാനവും ഓയിൽ സെർച്ച് ഏഴ് ശതമാനവും ഇടിഞ്ഞു.

ഖനന മേഖലയുടെയും സ്ഥിതി മെച്ചമായിരുന്നില്ല. ഓയിലും ഗ്യാസും എക്‌പോസ് ചെയ്യുന്ന കമ്പനികളുടെ നില പരിതാപകരമായിരുന്നു. ബിഎച്ച്പി ബില്ലിടൺ 3.5 ശതമാനം നഷ്ടമുണ്ടായി. പ്രധാനപ്പെട്ട ബാങ്കുകളുടെയും നില പരുങ്ങലിലായി. വെസ്റ്റ്പാക് 1.5 ശതമാനവും എഎൻഇസഡ് 1.3 ശതമാനവും എൻഎബി 0.9 ശതമാനവും കോമൺ വെൽത്ത് 0.8 ശതമാനവും ഇടിഞ്ഞു. എന്നാൽ ഓയിൽ വിലയിടിവിൽ ക്വാന്റാസ് നേട്ടമുണ്ടാക്കി. ഇത് 6.4 ശതമാനം വളർച്ച രേഖപ്പെടുത്തി.