മെൽബൺ: ഓസ്‌ട്രേലിയൻ സമ്പദ് ഘടനയ്ക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഡോളർ വില ഉയരുന്നു. എട്ടു മാസത്തെ ഉയർന്ന നിരക്കിൽ ഓസ്‌ട്രേലിയൻ ഡോളർ എത്തിയതോടെ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. എട്ടുമാസത്തെ ഉയർന്ന നിരക്കായ 76.56 യുഎസ് സെന്റിലെത്തി നിൽക്കുകയാണ് ഓസ്‌ട്രേലിയൻ ഡോളർ. കഴിഞ്ഞ ജൂലൈയ്ക്കു ശേഷം ഡോളർ വിലയിൽ ഇടിവു നേരിട്ടു കൊണ്ടിരിക്കേ വില വർധന വിപണിയെ സജീവമാക്കുന്നുണ്ട്. ലോക്കൽ ഷെയർ മാർക്കറ്റിലും ഇതു പ്രതിഫലിച്ചു. 

കഴിഞ്ഞ ദിവസം തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ഡോളർ വിലയും ശക്തിപ്രാപിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞതോടെ സമ്പദ് ഘടനയും മെച്ചപ്പെട്ടുവരുന്നതിന്റെ സൂചനയാണെന്ന് പറയപ്പെടുന്നു. ഓസ്‌ട്രേലിയൻ ഡോളർ വില വർധിക്കുന്നത് ഇരുമ്പയിരിന്റെ വിലയേയും ബാധിക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നേരിയ തോതിൽ ശക്തിപ്പെട്ടതും ഓസ്‌ട്രേലിയൻ ഡോളറിന് കരുത്തു പകർന്നു. എണ്ണവില ബാരലിന് 40 യുഎസ് ഡോളർ കടക്കുകയും ചെയ്തു.

ഡോളർ വില ഉയരാൻ തുടങ്ങിയതും പലിശ നിരക്ക് രണ്ടു ശതമാനമെന്ന താഴന്ന നിരക്കിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ സമ്പദ് ഘടന മെല്ലെ ശക്തിപ്രാപിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ തൊഴിലില്ലായ്മ നിരക്കും ഇടിഞ്ഞു തുടങ്ങിയത് പുരോഗതിക്കുള്ള ശുഭ ലക്ഷണമായാണ് ഈ രംഗത്തെ വിദഗ്ദ്ധർ കണക്കാക്കുന്നത്.