മെൽബൺ: യുഎസ് ഡോളർ ശക്തിപ്രാപിച്ചതോടെ ഓസ്‌ട്രേലിയൻ ഡോളർ വില കുത്തനെ ഇടിഞ്ഞ് അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. തിങ്കളാഴ്ച രാവിലെ ട്രേഡിങ് തുടങ്ങുമ്പോൾ 80.53 യുഎസ് സെന്റിലേക്ക് ഓസ്‌ട്രേലിയൻ ഡോളർ വില ഇടിഞ്ഞിരുന്നു. കഴിഞ്ഞാഴ്ച 81.3 യുഎസ് സെന്റ് നിരക്കിൽ ട്രേഡിങ് നടത്തിക്കൊണ്ടിരുന്ന ഡോളറാണ് ആഴ്ചയുടെ തുടക്കം തന്നെ കുത്തനെ ഇടിഞ്ഞത്. 2009 ജൂലൈയ്ക്കു ശേഷം ഓസ്‌ട്രേലിയൻ ഡോളർ ഇത്രയേറെ താഴുന്നത് ഇതാദ്യമാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

ഓസ്‌ട്രേലിയൻ ഡോളർ വില ഇടിയുന്തോറും യുഎസ് ഡോളർ വിപണിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ തുടർന്നാൽ മാർച്ച് അവസാനത്തോടെ ഡോളർ വില 78 യുഎസ് സെന്റിലേക്ക് കൂപ്പുകുത്തുമെന്നാണ് കറൻസി അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. മുമ്പുള്ള പ്രവചനം അനുസരിച്ച് മാർച്ച് അവസാനം ഓസ്‌ട്രേലിയൻ ഡോളർ നിരക്ക് 86 യുഎസ് സെന്റിൽ എത്തുമെന്നതായിരുന്നു. എന്നാൽ നിലവിലുള്ള സാഹചര്യം ഡോളർ വില അതിലും ഇടിച്ചുതാഴ്‌ത്തുന്ന തരത്തിലുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം ജൂൺ അവസാനത്തോടെ ഒരുപക്ഷേ ഓസ്‌ട്രേലിയൻ ഡോളർ വില 73 യുഎസ് സെന്റിലേക്ക് ഇടിയുമെന്നുള്ള ഭയവും ഇല്ലാതില്ല. യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നത് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കാൻ ഇടയാക്കും. ഇത് ഓസ്‌ട്രേലിയൻ ഡോളറിനെ കൂടുതൽ ദുർബലമാക്കാനേ ഉപകരിക്കുകയുള്ളൂവെന്നും ഈസി ഫോറക്‌സ് കറൻസി ഡീലർ റിക്കി ല്യൂ വെളിപ്പെടുത്തുന്നു. ഓസ്‌ട്രേലിയയിലെ കമോദിറ്റി വില ദുർബലമായിരിക്കുന്നതും യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നതും 2015-ൽ ഓസ്‌ട്രേലിയൻ ഡോളർ നിരക്കിന്റെ ഇടിവിന് കാരണമാകുമെന്ന് ല്യൂ ചൂണ്ടിക്കാട്ടുന്നു.

ഡോളർ വിലയിലുണ്ടാകുന്ന ഇടിവ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്നാണ് പറയപ്പെടുന്നത്. ഓസ്‌ട്രേലിയൻ ഡോളറിന്റെ വില 75 യുഎസ് സെന്റിലേക്ക് താഴുമെന്ന് കഴിഞ്ഞ വർഷം റിസർവ് ബാങ്ക് ഗവർണർ ഗ്ലെൻ സ്റ്റീവൻസിന്റെ പ്രസ്താവനയും വിപണിയെ സാരമായി ബാധിച്ചിരുന്നു. വർഷാവസാനത്തോടെ 77 യുഎസ് സെന്റിലേക്ക് ഡോളർ വില എത്തുന്നതെന്നും റിപ്പോർട്ടുണ്ട്. അതേസമയം ഓസ്‌ട്രേലിയൻ ബോണ്ട് ഫ്യൂച്ചറുകളുടെ വില താരതമ്യേന ഉയർന്ന തോതിലാണ് എത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയൻ ഡോളറിനൊപ്പം തന്നെ യൂറോ വിലയും കുത്തനെ ഇടിയുകയായിരുന്നു. 2006നു ശേഷം യൂറോ വില യുഎസ് ഡോളറിനെതിരേ ഏറ്റവും കുറഞ്ഞ നിലയിൽ എത്തിയത് ഇതാദ്യമായാണ്.