മെൽബൺ: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നേരിയ തോതിൽ ഉയർന്നതും രാജ്യത്ത് ഇരുമ്പയിരിന്റെ വില വർധിച്ചതുമെല്ലാം ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയിലും പ്രകടമായി. ആറ് ആഴ്ചയിലെ ഏറ്റവും ഉയർന്ന തോതിലേക്ക് ഡോളർ വില ഉയർന്നത് വിപണിയിൽ തരംഗം സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി ലോക്കൽ ട്രോഡ് നടന്ന് 72.44 യുഎസ് സെന്റിനായിരുന്നു എന്നത് മാർക്കറ്റിൽ പ്രതീക്ഷയ്ക്ക് വക നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ 72.47 യുഎസ് സെന്റ് വരെ ഡോളറിന്റെ വില വർധിച്ചിരുന്നു.

രാജ്യത്തിന്റെ സമ്പദ് ഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന ഇരുമ്പയിരിന്റെ വില നാലു മാസത്തെ ഏറ്റവും ഉയർന്ന തോതിലാണ് ഇപ്പോഴുള്ളത്. ഈ വർഷം തന്നെ ഇരുമ്പയിരിന്റെ വിലയിൽ 18 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ചൈനയിൽ ഇരുമ്പയിരിന്റെ ഡിമാൻഡ് വർധിച്ചത് ഓസ്‌ട്രേലിയൻ ഡോളറും കരുത്തുപകരാൻ ഇടയായി. മൈനിങ് മേഖലയിൽ കഴിഞ്ഞ വർഷം ഉണ്ടായ 39 ശതമാനം ഇടിവിൽ നിന്നാണ് ഇപ്പോൾ ഓസ്‌ട്രേലിയ കരകയറിക്കൊണ്ടിരിക്കുന്നത്. ചൈനയിൽ ഇരുമ്പിന്റെ ഡിമാൻഡ് വർധിച്ചതാണ് ഓസ്‌ട്രേലിയൻ ഇരുമ്പയിരിന്റെ വില കുത്തനെ വർധിക്കാൻ കാരണമായതും. ലോകത്ത് ഇരുമ്പിന്റെ ഉത്പാദനം 50 ശതമാനം നടക്കുന്നതും ചൈനയിലാണ്.

അടുത്തിടെ കുത്തനെ ഇടിഞ്ഞ എണ്ണവിലയിൽ കഴിഞ്ഞ ദിവസം വർധനയുണ്ടായതും ഓസ്‌ട്രേലിയൻ ഡോളറിന് കരുത്തുപകരാൻ ഇടയായി. ചൊവ്വാഴ്ച എണ്ണവില അഞ്ചു ശതമാനം ഉയർന്ന് ബാരലിന് 34.62 യുഎസ് ഡോളറിലെത്തി. കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന ഓസ്‌ട്രേലിയൻ ഡോളർ വില ഈ വർഷം ആദ്യമായാണ് ഉയർന്ന തോതിലേക്ക് എത്തിയത്. എണ്ണവിലയിലും  ഇരുമ്പയിരിന്റെ വിലയിലും ഏറെ മാറ്റമുണ്ടാകാതെ നിൽക്കുകയും ചെയ്താൽ ഉടൻ തന്നെ ഓസ്‌ട്രേലിയൻ കറൻസി 74 യുഎസ് സെന്റിലേക്ക് എത്തിച്ചേരുമെന്നാണ് പ്രവചിക്കുന്നത്.