മെൽബൺ: ആലുവയിൽ വീടു വാങ്ങാനെന്ന പേരിൽ ഓസ്‌ട്രേലിയൻ മലയാളിയുടെ പക്കൽ നിന്നും മൂന്നു കോടി രൂപ പാസ്റ്റർ തട്ടിയെടുത്തതായി പരാതി.  പാസ്റ്റർ എന്നു പരിചയപ്പെടുത്തിയ വ്യക്തിക്കെതിരേയാണ് ഓസ്‌ട്രേലിയൻ മലയാളിയായ ആലുവ അശോകപുരം നീലാത്തോപ്പ് ഡിയോൺനഗർ നിർമലഭവൻ വീട്ടിൽ റെജി വർഗീസ് പരാതി നൽകിയിരിക്കുന്നത്. ആലുവ സബ് ജയിൽ റോഡിൽ സെന്റ് മേരീസ് എൽ പി സ്‌കൂളിനു സമീപം മാഞ്ഞൂരാൻ ലെയ്‌നിൽ തുണ്ടിയിൽ എം പി പൗലോസിനെതിരേയാണ് റെജി വർഗീസ് പരാതി നൽകിയിരിക്കുന്നത്.

കുടുംബസമേതം ഓസ്‌ട്രേലിയയിൽ താമസക്കാരനായ റെജി വർഗീസ് 2010 സെപ്റ്റംബറിലാണ് പൗലോസിനെ കണ്ടുമുട്ടുന്നത്. കണ്ണൂർ ഇരിട്ടിയിൽ വച്ച് പെന്തക്കോസ്ത് ചർച്ചിന്റെ മീറ്റിംഗിൽ പാസ്റ്റർ എന്നു സ്വയം വിശേഷിപ്പിച്ച പൗലോസുമായി അടുക്കുന്നത്. ഇതിനിടെ ആലുവയിൽ വീടും സ്ഥലവും വാങ്ങണമെന്ന് റെജി ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇതു സാധിച്ചുകൊടുക്കാമെന്ന് പൗലോസ് വാഗ്ദാനം ചെയ്യുകയും ചെയ്തുകയായിരുന്നു.

കൊടികുത്തി മല സിയോൺ നഗറിൽ സ്ഥലം വാങ്ങുന്നതിനും വീടു വയ്ക്കുന്നതിനും റെജിയും ഭാര്യയും ചേർന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ എംബസിയിൽ സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണി പൗലോസിനു നൽകുകയായിരുന്നു. റെജിയുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നതിനും റെജിയുടെ പേരിലുള്ള എസ് ബി ഐ അശോകപുരം ശാഖയിലെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനും മാവേലിക്കര കാത്തലിക് സിറിയൻ ബാങ്കിലെ എടിഎം ഉപയോഗിക്കുന്നതിനും പൗലോസിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടിടത്ത് സ്ഥലം വാങ്ങിയതിന് കൂടുതൽ തുക നൽകിയെന്നും വാങ്ങിയ സ്ഥലം പ്ലോട്ടായി തിരിച്ചു വിൽക്കാനെന്ന പേരിൽ സ്ഥലം വൻ തുകയ്ക്ക് മറിച്ചു വിറ്റു പൗലോസ് പണം കൈക്കലാക്കിയെന്നുമാണ് റെജി പരാതിയിൽ പറയുന്നത്. ഇവയ്ക്കു പുറമേ മറ്റു പല പേരിൽ 30 ലക്ഷത്തിലധികം രൂപ വേറെയും പൗലോസ് കൈക്കലാക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

സിറ്റി പൊലീസ് കമീഷണർക്ക് റെജി പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാതിരുന്നതിനെത്തുടർന്ന് ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകി. ഈ പരാതിയിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് അഡ്വ. തോമസ് പാലാട്ടി മുഖേന ആലുവ ഒന്നാംക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ പരാതി നൽകുകയായിരുന്നു. കോടതി നിർദേശത്തെത്തുടർന്ന് 298/16 നമ്പറായി ആലുവ പൊലീസ് പൗലോസിനെതിരെ കേസെടുത്തു