- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറി തുടരുന്നു; ആൻഡി മുറെയ്ക്ക് ഞെട്ടിക്കുന്ന തോൽവി; നേരിട്ടുള്ള സെറ്റുകൾക്ക് ബ്രിട്ടീഷ് താരത്തെ കീഴടക്കിയത് 120-ാം സ്ഥാനത്തുള്ള ടാറോ; വനിതാ സിംഗിൾസിൽ റാഡുക്കാനു, മുഗുരുസ എന്നിവർ പുറത്ത്
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ അട്ടിമറികൾ തുടരുന്നു. യുഎസ് ഓപ്പൺ ചാമ്പ്യൻ എമ്മ റാഡുക്കാനു വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി. പരിക്കേറ്റ കൈയുമായി മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ലോക റാങ്കിംഗിൽ 98-ാം സ്ഥാനക്കാരിയായ ഡാങ്ക കോവ്നിക് എമ്മയെ കീഴടക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ 6-4 4-6, 6-3.
ആദ്യ സെറ്റിൽ 3-0ന് തുടക്കത്തിൽ മുന്നിലെത്തിയ റാഡുക്കാനു പിന്നീട് തുടർച്ചയായി അഞ്ച് ഗെയിമുകൾ കൈവിട്ടു. കൈക്കേറ്റ പരിക്കിന് ചികിത്സ തേടി തിരിച്ചെത്തിയെങ്കിലും റാഡുക്കാനുവിന് ആദ്യ സെറ്റ് 6-4ന് നഷ്ടമായി. പിന്നീട് രണ്ടാം സെറ്റിൽ പലതവണ ചികിത്സ തേടിയെങ്കിലും ശക്തമായി തിരിച്ചടിച്ച് സെറ്റ് സ്വന്തമാക്കി റാഡുക്കാനു പ്രതീക്ഷ നിലനിർത്തി. എന്നാൽ പരിക്ക് വില്ലനായതോടെ മൂന്നാം സെറ്റിൽ പതിവ് മികവിലേക്ക് ഉയരാൻ റാഡുക്കാനുവിന് കഴിയാഞ്ഞതോടെ സെറ്റും മത്സരവും 19കാരി കൈവിട്ടു.
വനിതാ സിംഗിൾസിലെ മറ്റൊരു അട്ടിമറിയിൽ മുൻ വിംബിൾഡൺ ചാമ്പ്യൻ ഗാർബൈൻ മുഗുരുസ ഫ്രാൻസിന്റെ അലിസെ കോർനെറ്റിനോട് നേരിട്ടുള്ള സെറ്റുകളിൽ തോറ്റ് പുറത്തായി.
പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം ആൻഡി മറെ ലോക റാങ്കിംഗിൽ 120-ാം സ്ഥാനക്കാരാനായ ടാറോ ഡാനിയേലിനോട് രണ്ടാം റൗണ്ട് പോരാട്ടത്തിൽ തോറ്റ് പുറത്തായി. പുരുഷ സിംഗിൾസിൽ മൂന്ന് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ മുറെയെ ജാപ്പനീസ് താരം ടാറോ ഡാനിയേൽ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. സ്‌കോർ 6-4, 6-4, 6-4. ഇതാദ്യമായാണ് മറെ ഒരു പ്രധാന ടൂർണമെന്റിൽ 100ന് മുകളിൽ റാങ്കുള്ള ഒരു കളിക്കാരനോട് തോറ്റ് പുറത്താവുന്നത്.
അതേസമയം, പുരുഷ സിംഗിൾസിലെ മറ്റൊരു പോരാട്ടത്തിൽ മൂന്നാം സീഡ് സ്റ്റെഫാനോ സിറ്റ്‌സിപാസ് സെബാസ്റ്റ്യൻ ബെയ്‌സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളിൽ മറികടന്ന് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ 7-6 (1), 67 (5), 63, 64.
34 കാരനായ മുറെ ദീർഘനാളുകളായി ടെന്നീസിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. തിരിച്ചുവരവ് സ്വപ്നം കണ്ട് ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ വന്ന മുറെയ്ക്ക് കണ്ണീരോടെ മടങ്ങാനാണ് വിധി.
മറ്റൊരു മത്സരത്തിൽ ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്വെദേവ് നിക്ക് കിർഗിയോസിനെ മറികടന്ന് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. നാലുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്വെദേവിന്റെ വിജയം. സ്‌കോർ: 7-6, 6-4,4-6, 6-2.
സ്പോർട്സ് ഡെസ്ക്