മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നാട്ടുകാരിയും ലോക ഒന്നാം നമ്പർ താരവുമായ ആഷ്‌ലി ബാർട്ടിക്ക്. ഫൈനലിൽ യുഎസ് താരം ഡാനിയേൽ കോളിൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കിരീടത്തിൽ മുത്തമിട്ടത്. ആദ്യ രണ്ടു സെറ്റുകളും (6 - 3, 7 - 6) വിജയിച്ചാണ് ആഷ്ലി കിരീടം ചൂടിയത്. ആഷ്ലിയുടെ കരിയറിലെ മൂന്നാം ഗ്രാൻസ്‌ലാം വിജയമാണിത്.

44 വർഷത്തിനുശേഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ ചാംപ്യനാകുന്ന ഓസ്‌ട്രേലിയൻ വനിതയെന്ന നേട്ടവും ആഷ്ലി സ്വന്തമാക്കി. 1978ൽ വനിതാ സിംഗിൾസ് ചാംപ്യനായ ക്രിസ് ഒനീലാണ് മുൻപ് ഓസ്‌ട്രേലിയൻ ഓപ്പണിൽ ജേതാവായ നാട്ടുകാരി. 2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിംബിൾഡണും നേടിയ ബാർട്ടിക്ക് ഒടുവിൽ കന്നി ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും സ്വന്തമാക്കാനായി.

ടൂർണമെന്റിൽ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ബാർട്ടി കിരീടം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. അട്ടിമറികൾക്കൊന്നും ഒരവസരവും നൽകതെയാണ് ബാർട്ടി ഫൈനലിലും മുന്നേറിയത്.

രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് ബാർടി അനായാസം നേടി. എന്നാൽ രണ്ടാം സെറ്റിൽ കോളിൻസിന്റെ മുന്നേറ്റം കണ്ടു. 5-1 എന്ന നിലയിൽ കോളിൻസ് മുന്നിൽ നിന്നു. അവിടെ നിന്ന് അവിശ്വസനീയ കുതിപ്പാണ് ബാർടി നടത്തിയത്. ടൈബ്രേക്കറിലേക്ക് മത്സരം നീട്ടിയ ഓസ്ട്രേലിയൻ താരം പിന്നീട് ഒരു പഴുതും അനുവദിക്കാതെ കിരീടം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ: 6-3, 7-6 (7 - 2).

മെൽബണിലെ ലോർഡ് ലോവർ അരീനയിൽ ചരിത്രമെഴുതിയാണ് ബാർട്ടിയുടെ കിരീടധാരണം. ഫൈനൽ പ്രവേശം തന്നെ അപൂർവ നേട്ടമാക്കി മാറ്റിയ ബാർട്ടി പിന്നാലെ കിരീട നേട്ടത്തോടെ മറ്റൊരു ചരിത്രവും ഒപ്പം ചേർത്തു.

1978ൽ കിരീടം നേടിയ ക്രിസ് ഒനീലിന് ശേഷം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയൻ വനിതാ താരമെന്ന നേട്ടമാണ് ബാർട്ടി സ്വന്തമാക്കിയത്. 41 വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഒരു ഓസ്ട്രേലിയൻ താരം ഫൈനലിലേക്ക് മുന്നേറുന്നത്. 1980ൽ വെൻഡി ടൺബുള്ളാണ് ബാർട്ടിക്ക് മുമ്പ് അവസാനമായി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച ഓസീസ് താരം.

ആദ്യമായാണ് ഡാനിയേൽ കോളിൻസ് ഗ്രാൻസ്‌ലാം ഫൈനൽ കളിച്ചത്. കോളിൻസ് ജയിച്ചിരുന്നുവെങ്കിൽ വനിതാ ടെന്നിസിൽ പുതിയൊരു ഗ്രാൻസ്‌ലാം ചാംപ്യന്റെ ഉദയത്തിന് അതു വഴിയൊരുക്കുമായിരുന്നു.