മെൽബൺ: അന്താരാഷ്ട്ര വിപണിയിൽ എണ്ണയ്ക്ക് കനത്ത വിലയിടിവ് നേരിടുന്നത് ഓസ്‌ട്രേലിയൻ വാഹനയുമടകൾക്കും നേട്ടമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരു ഡോളറിൽ താഴെ പെട്രോൾ വില എത്തിയെന്ന വാർത്ത മോട്ടോറിസ്റ്റുകൾക്ക് സന്തോഷം പകരുന്നുണ്ട്. ക്രൂഡ് ഓയിൽ വില 30 ഡോളറിലും താഴെ എത്തിയ സ്ഥിതിക്ക് വില ഇനിയും ഇടിയുമെന്നാണ് വിലയിരുത്തൽ.

സിഡ്‌നി വെസ്റ്റിലെ ബ്ലാക് ടൗണിലുള്ള മൂന്നു പെട്രോൾ സ്‌റ്റേഷനുകളിലും പെട്രോൾ വില ലിറ്ററിന് ഒരു ഡോളറിനും താഴെയെത്തി. അഡ്‌ലൈഡിലുള്ള മൂന്ന് സർവീസ് സ്‌റ്റേഷനുകളിലും വില ഒരു ഡോളറിൽ താഴെയായെന്നാണ് സൗത്ത് ഓസ്‌ട്രേലിയയുടെ റോയൽ ഓട്ടോമൊബൈൽ അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ അഡ്‌ലൈഡിലാണ് പെട്രോളിന് ഏറ്റവും വിലക്കുറവ് അനുഭവപ്പെടുന്നത്.

ക്യൂൻസ് ലാൻഡിലും ബ്രിസ്‌ബെയിനിലും ഒരു ഡോളറിൽ താഴെ പെട്രോളിന് വില നൽകിയാൽ മതി. എന്നാൽ മറ്റ് ക്യാപിറ്റൽ സിറ്റികളേക്കാൾ ഇന്ധനവിലയാണ് ഇവിടുള്ളത്. ഈസ്റ്റ് കോസ്റ്റ് ക്യാപിറ്റൽ സിറ്റികളിൽ നിലവിൽ വിലയിൽ കുറവുണ്ട്. ക്രിസ്തുമസ് മുതൽ പെട്രോൾ വില താരതമ്യേന കുറവാണ് രേഖപ്പെടുത്തുന്നതെന്ന് ഓസ്ട്രാലേഷ്യൻ കൺവീനിയൻസ് ആൻഡ് പെട്രോളിയം മാർക്കറ്റേഴ്‌സ് അസോസിയേഷൻ സിഇഒ മാർക്ക് മകെൻസി വ്യക്തമാക്കി.

ആഗോളതലത്തിൽ എണ്ണവില ഇടിഞ്ഞതിന്റെ ഫലമാണ് ഓസ്‌ട്രേലിയയിലും അനുഭവപ്പെട്ടത്.
അഡലെയ്ഡിൽ ചൊവ്വാഴ്ച ശരാശരി 104.1 സെന്റ്‌സാണ് പെട്രോൾ വില രേഖപ്പെടുത്തിയതെന്ന് മോട്ടോറിങ് ഇന്റസ്ട്രി ഗ്രൂപ്പ് മോട്ടോർ മൗത്ത് പറഞ്ഞു. ഇത് പിന്തുടർന്ന് സിഡ്‌നിയിൽ 108.1 ഉം മെൽബണിൽ 109.1 ഉം ബ്രിസ്‌ബെയിനിൽ 120.0 ഉം പെർത്തിൽ 125.0 ഉം ഡാർവിനിൽ 125.1 ഉം കാൻബറയിൽ 125.8 ഉം ഹൊബാർട്ടിൽ 129.6 ഉം ആണ് പെട്രോൾ വില.

പലയിടങ്ങളിലും ഒരു ഡോളറിൽ താഴെ വിലയ്ക്ക് പെട്രോൾ വില്പന നടത്തുമ്പോഴും മെൽബണിൽ മാത്രം പ്രതീക്ഷിച്ചത്ര വിലക്കുറവ് ഉണ്ടാകുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഈ മാസം തന്നെ 20 ശതമാനമാണ് ഇടിഞ്ഞത്. എട്ടു മാസം മുമ്പ് ബാരലിന് 65 യുഎസ് ഡോളർ ഉണ്ടായിരുന്നത് ഇപ്പോൾ 28 യുഎസ് ഡോളർ ആയി താഴ്ന്നു.