- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരിശീലന രീതികളിൽ താരങ്ങൾക്ക് കടുത്ത അതൃപ്തി; സപ്പോർട്ട് സ്റ്റാഫും എതിരായി; പരിശീലകൻ ജസ്റ്റിൻ ലാംഗറിനെതിരെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ പടയൊരുക്കും
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗറിനെതിരെ വീണ്ടും താരങ്ങളുടെ പടയൊരുക്കം. ലാംഗറുടെ പരിശീലനരീതികളിൽ അസംതൃപ്തി അറിയിച്ചാണ് താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ സീസണിലെ ടീമിന്റെ പ്രകടനങ്ങൾ സംബന്ധിച്ചുള്ള അവലോകന യോഗത്തിൽ കളിക്കാരും സപ്പോർട്ട് സ്റ്റാഫുമടക്കം 40 പേർ നൽകിയ പ്രതികരണത്തിലാണ് ലാംഗറിന്റെ പരിശീലന ശൈലിയിലുള്ള അതൃപ്തിയെ കുറിച്ച് പരാമർശമുള്ളത്. സിഡ്നി മോണിങ് ഹെറാൾഡാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ക്രിക്കറ്റ് ഓസ്ട്രേലിയ ലാംഗറുടെ കരാർ പുതുക്കാൻ ഒരുങ്ങുമ്പോഴാണ് താരങ്ങൾ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. 2022 വരെയാണ് ലാംഗർക്ക് കരാറുള്ളത്. ഇതോടെ ഓസീസ് ടീമിന്റെ പരിശാലക സ്ഥാനത്ത് തുടരണമെങ്കിൽ ലാംഗർ തന്റെ ശൈലി മാറ്റേണ്ടതായി വരും.
2018ലെ പന്ത് ചുരണ്ടൽ വിവാദത്തിന് പിന്നാലെ കോച്ച് ഡാരൻ ലേമാൻ സ്ഥാനമൊഴിഞ്ഞപ്പോഴാണ് മുൻ ഓപ്പണർ കൂടിയായ ലാംഗറെ പരിശീലകനായി നിയമിച്ചത്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായത് മുതൽ ഓസീസ് ക്യാമ്പിൽ പലതരം പ്രശ്നങ്ങളുണ്ടായിരുന്നു. ലാംഗർ ഹെഡ്മാസ്റ്ററെ പോലെ പെരുമാറുന്നുവെന്നും ശകാരിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുകയാണെന്നും അന്ന് താരങ്ങൾ ആക്ഷേപിച്ചിരുന്നു.
എന്നാൽ നേതൃപദവിയിൽ ഉള്ളവർക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ഇതിനോടുള്ള ലാംഗറുടെ പ്രതികരണം.
ഓസ്ട്രേലിയക്കായി 105 ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട് ജസ്റ്റിൻ ലാംഗർ. ടെസ്റ്റിൽ 23 സെഞ്ചുറികളും മൂന്ന് ഇരട്ട ശതകങ്ങളും സഹിതം 7696 റൺസും ഏകദിനത്തിൽ 160 റൺസുമാണ് സമ്പാദ്യം.
സ്പോർട്സ് ഡെസ്ക്