ദുബായ്: ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിന്റെ ആഘോഷത്തിമിർപ്പിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. നേരം പുലരുവോളം നീണ്ടു നിന്നു ആരോൺ ഫിഞ്ചിന്റെയും കൂട്ടരുടെയും ആഘോഷം. ട്വന്റി 20 ക്രിക്കറ്റിലെ കിരീട വരൾച്ചയ്ക്ക് ഒന്നര പതിറ്റാണ്ടിന് ശേഷം വിരാമമിട്ടതിന്റെ ആഹ്ലാദം അലതല്ലുന്നതായിരുന്നു കങ്കാരുപ്പടയുടെ ആഘോഷ പരിപാടികൾ.

കലാശപ്പോരിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിനാണ് ഓസ്ട്രേലിയ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഓസീസ് 18.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഡ്രെസ്സിങ് റൂമിലെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത് സ്പിന്നർ ആഡം സാംപയാണ്. ഷൂവിൽ ബിയർ ഒഴിച്ച് കുടിക്കുന്ന പരമ്പരാഗത ആഘോഷം 'ഷൂയി'  മുടക്കാതെയായിരുന്നു ആരോൺ ഫിഞ്ചും മാത്യു വെയ്ഡും മാർകസ് സ്റ്റോയിനിസും ആഘോഷത്തിൽ പങ്കാളികളായത്. 

പാദരക്ഷകളിൽ നിന്ന് നേരിട്ട് ബിയർ കുടിക്കുന്ന ഈ ജനപ്രിയ രീതി ഓസ്‌ട്രേലിയയിൽ 'ഷൂയി' എന്നാണ് അറിയപ്പെടുന്നത്. ഓസ്‌ട്രേലിയയിൽ ഇതു വളരെ സാധാരണമായ ആഘോഷ രീതി കൂടിയാണ്.

ഓസ്‌ട്രേലിയൻ ഫോർമുല വൺ ഡ്രൈവർ ഡാനിയേൽ റിക്യാർഡോയാണ് 'ഷൂയി'(Shoey) ആഘോഷം ലോകമെമ്പാടും ജനപ്രിയമാക്കിയത്. അത് അവരുടെ രാജ്യത്ത് നേരത്തെ തന്നെ ജനപ്രിയമായിരുന്നു. 2016-ലെ ജർമ്മൻ ഗ്രാൻഡ് പ്രിയിൽ പോഡിയത്തിൽ ഫിനിഷ് ചെയ്തതിന് ശേഷം റിക്യാർഡോ ഇത് ചെയ്തിരുന്നു. ചടങ്ങിന്റെ ഭാഗമായിരുന്ന പോഡിയം ഫിനിഷർമാർക്കും സെലിബ്രിറ്റികൾക്കുമൊപ്പമായിരുന്നു അന്ന് റിക്കിയാർഡോ നടത്തിയ ആഘോഷം.
 

 
 
 
View this post on Instagram

A post shared by ICC (@icc)

വിജയികൾക്കു സമ്മാനമായി നൽകുന്ന ഷാംപെയിൻ സ്വന്തം ഷൂസിനുള്ളിൽ ഒഴിച്ചു കുടിച്ചാണ് റിക്കിയാർഡോ അന്നു ജയം ആഘോഷിച്ചത്. ഇതിനുശേഷം റിക്കിയാർഡോ പതിവാക്കിയ ഈ ആഘോഷമുറ പിന്നീടു ലൂയിസ് ഹാമിൽട്ടൻ വരെ അനുകരിച്ചിട്ടുണ്ട്.

നായകൻ ഫിഞ്ചിന്റെയും സംഘത്തിന്റെയും ആഘോഷത്തിന്റെ വിഡിയോ ഐസിസി ഔഗ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതോടെ വൈറലായി.

പാക്കിസ്ഥാനെതിരായ സെമി ഫൈനൽ മത്സരത്തിൽ ഓസീസിനെ വിജയത്തിലെത്തിച്ച മാത്യു വെയ്ഡ്, വലതു കാലിലെ ഷൂ വലിച്ചൂരിയതിനു ശേഷം ഷൂസിനുള്ളിൽ ബീയർ ഒഴിച്ചു കുടിക്കുന്നതു വിഡിയോയിൽ വ്യക്തമായി കാണാം.

 

പിന്നാലെ തന്റെ പക്കൽ ഉണ്ടായിരുന്ന ബീയർ ആതേ ഷൂസിനുള്ളിൽതന്നെ ഒഴിച്ചതിനു ശേഷം മാർക്കസ് സ്റ്റോയ്‌നിസ് കുടിക്കുന്നതും വിഡിയോയിലുണ്ട്. നിറഞ്ഞ പിന്തുണയുമായി ഓസീസിലെ സഹതാരങ്ങളും ഇരുവർക്കും ചുറ്റുമുണ്ട്.

ഷൂസിനുള്ളിലെ ബീയർ അത്ര രുചികരമല്ലെന്നു സ്റ്റോയ്‌നിസിന്റെ മുഖഭാവത്തുനിന്നുതന്നെ വ്യക്തമാണ്. 'ഇതിന്റെ രുചി വളരെ മോശമാണ്' എന്ന് ആരോ പറയുന്നതും വിഡിയോയിലുണ്ട്. സ്റ്റേഡിയത്തിൽ നിന്നുള്ള മടക്കവും ഗാർഡ് ഓഫ് ഓണറോടെയായിരുന്നു. അവിടെയും താരമായത് സ്റ്റോയിനിസാണ്. 

2019ലെ ഐപിഎല്ലിൽ തന്റെ ടീമായ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവൻ പഞ്ചാബ് കിരീടം നേടുകയാണെങ്കിൽ താൻ ഷൂയി ആഘോഷം നടത്തുമെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ആൻഡ്രു ടൈ വ്യക്തമാക്കിയിരുന്നു. പക്ഷെ പഞ്ചാബിനു ഇതു സാധിക്കാതിരുന്നതിനാൽ താരത്തിന്റെ ആഗ്രഹവും നടന്നില്ല. പ്ലേഓഫ് പോലും കാണാതെയായിരുന്നു സീസണിൽ പഞ്ചാബ് പുറത്തായത്.

 

അടുത്ത മാസം എട്ടിന് തുടങ്ങുന്ന ആഷസ് ടെസ്റ്റ് പരന്പരയിലാണ് ഓസ്ട്രേലിയൻ ടീം ഇനി കളിക്കുക. ട്വന്റി 20യിൽ ന്യുസീലൻഡിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പര ഫെബ്രുവരിയിൽ നടക്കും.