മെൽബൺ: സ്‌കിൻ കാൻസറിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ഓസ്‌ട്രേലിയക്കാർ അവഗണിക്കുന്നതായി കാൻസർ കൗൺസിൽ റിപ്പോർട്ട്. 2.4 മില്യൺ ഓസ്‌ട്രേലിയക്കാരും ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിക്കുകയാണ്. കൂടുതൽ കൂടുതൽ സൂര്യതാപം ഏൽക്കുന്നതിനാണ് ഇക്കൂട്ടർ താത്പര്യം കാണിക്കുന്നത്. ഇത് കൂടുതൽ അപകടത്തിന് വഴിതെളിക്കുന്നുവെന്ന് കാൻസർ കൗൺസിൽ പുറത്തുവിട്ട പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

സ്‌കിൻ കാൻസറിനെക്കുറിച്ച് കൂടുതൽ ബോധവത്ക്കരണ ക്യാമ്പുകൾ നടത്തേണ്ടത് അത്യാവശ്യമാണെന്നും കൗൺസിൽ ഓർമിപ്പിക്കുന്നു. സൂര്യ താപം ഏൽക്കുന്ന ഓസ്‌ട്രേലിയക്കാരുടെ എണ്ണം 22 ശതമാനം കൂടി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വർഷത്തിനിടയ്ക്ക് സൂര്യ താപം ഏറ്റവരുടെ എണ്ണത്തിൽ 433,000 വർധനയാണ് കണ്ടെത്തിയിട്ടുള്ളത്. സൂര്യതാപം ഏൽക്കുന്ന പുരുഷന്മാരുടെ എണ്ണത്തിലാണ് വർധന കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. 12 ശതമാനം സ്ത്രീകൾക്ക് സൂര്യതാപം ഏൽക്കുമ്പോൾ പുരുഷന്മാരുടെ എണ്ണം 18 ശതമാനമാണ്.

സ്‌കിൻ കാൻസർ തടയുന്നതിനുള്ള ബോധവത്ക്കരണ ക്യാമ്പയിനുകൾക്ക് സർക്കാർ ധനസഹായം നൽകിയിട്ട് എട്ടുവർഷത്തോളമായെന്നും കാൻസർ കൗൺസിലിന്റെ നാഷണൽ സ്‌കിൻ കാൻസർ കമ്മിറ്റി ചെയർപേഴ്‌സൺ വെനേസ റോക്ക് ചൂണ്ടിക്കാട്ടി. സ്‌കിൻ കാൻസർ കുറയ്ക്കുന്നതിനായി സൂര്യ താപം ഏൽക്കുന്നതിൽ നിന്ന് ആൾക്കാരെ തടയുക എന്നതാണ് ചെയ്യേണ്ടത്. സൂര്യ താപം ഏറ്റാലുണ്ടാകുന്ന വിപത്തുക്കളെക്കുറിച്ച് ആൾക്കാർക്ക് ബോധവത്ക്കരണം നടത്തുകയാണ് കൗൺസിലിപ്പോൾ.


സ്‌കിൻ കാൻസറായ മെലനോമ ബാധിച്ച് രാജ്യത്ത് ഒരു വർഷം 1500 പേരാണ് മരിക്കുന്നത്. ഓരോ വർഷവും 14,200 പുതിയ സ്‌കിൻ കാൻസർ കേസുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ സൂര്യന്റെ കാഠിന്യമേറിയ രശ്മികളിൽ നിന്ന് ഓസ്‌ട്രേലിയക്കാർ രക്ഷനേടുകയെന്നതാണ് പ്രധാനം. നാലു വർഷത്തെ മുമ്പുള്ള സാഹചര്യത്തെ അപേക്ഷിച്ച് പുറത്ത് സമയം ചെലവഴിക്കുന്ന ആൾക്കാരുടെ എണ്ണം കൂടിവരികയാണ്. സമ്മറിൽ പുറത്ത് ജോലി ചെയ്യുന്നവരിൽ 18 ശതമാനം പേരും തങ്ങളുടെ ശരീരം സൂര്യകിരണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ യാതൊരു മാർഗവും സ്വീകരിക്കുന്നില്ല.

സൂര്യകിരണങ്ങളിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളേൽക്കുന്നതാണ് സ്‌കിൻ കാൻസറിന് കാരണമാകുന്നത്. അതേസമയം സ്‌കിൻ കാൻസർ തടയാവുന്നതാണെന്നും നേരിയ ശ്രദ്ധ നൽകിയാൽ സ്‌കിൻ കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കുമെന്നും വെനേസ റോക്ക് പറയുന്നു. ഓസ്‌ട്രേലിയക്കാർ വീക്കെൻഡുകളിൽ ശരാശരി രണ്ടു മണിക്കൂറോളം കാഠിന്യമേറിയ അൾട്രാവയലറ്റ് രശ്മികൾ പതിക്കുന്ന സമയത്ത് പുറത്ത് ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഓസ്‌ട്രേലിയയിൽ പ്രോസ്‌റ്റേറ്റ് കാൻസർ, കുടൽ കാൻസർ, സ്തനാർബുദം എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്താണ് സ്‌കിൻ കാൻസർ.