മെൽബൺ: ചരിത്രത്തിലെ താഴ്ന്ന പലിശ നിരക്കാണ് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ രാജ്യത്ത് നടപ്പിലാക്കുന്നതെങ്കിലും ഇത് വീടുവിപണിക്ക് കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശരാശരി ഓസ്‌ട്രേലിയക്കാർ തങ്ങളുടെ മാസവരുമാനത്തിന്റെ മൂന്നിലൊരു ഭാഗം ചെലവഴിക്കുന്നത് മോർട്ട്‌ഗേജ് റീപേയ്‌മെന്റുകൾക്കാമെന്നാണ് റേറ്റിങ് ഏജൻസിയായ മൂഡീസ് ചൂണ്ടിക്കാട്ടുന്നത്.

രണ്ടു പേർക്കും വരുമാനമുള്ള ഒരു കുടുംബം ഒരു മാസം വരുമാനത്തിന്റെ 29 ശതമാനത്തോളം മോർട്ട്‌ഗേജ് റീപേയ്‌മെന്റുകൾക്കായി ചെലവിടുകയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സിഡ്‌നിയിലാകട്ടെ വരുമാനത്തിന്റെ 39 ശതമാനത്തോളമാണ് മോർട്ട്‌ഗേജ് റീപേയ്‌മെന്റുകൾക്കായി ഒരു കുടുംബം ചെലവിടുക. ഒരു വർഷം മുമ്പു വരെ 36 ശതമാനമായിരുന്നത് ഇപ്പോൾ 39 ശതമാനമായി വർധിച്ചിരിക്കുകയാണ്. പലിശ നിരക്ക് രണ്ടു ശതമാനത്തിൽ ആയിരുന്നിട്ടു കൂടി സിഡ്‌നിയിൽ വീടുവില മുൻ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധിക്കുകയും ചെയ്തു.

മെൽബണിലാകട്ടെ മോർട്ട്‌ഗേജ് റീപേയ്‌മെന്റുകൾക്കായി ഒരു കുടുംബത്തിന് വരുന്ന ചെലവ് അവരുടെ വരുമാനത്തിന്റെ 32 ശതമാനമാണ്. സിഡ്‌നിയിലും മെൽബണിലുമാണ് ഹൗസിങ് വിപണിയിൽ വർധന ഉണ്ടായിരിക്കുന്നത്. അതേസമയം പെർത്തിലും ബ്രിസ്‌ബേനിലും അഡ്‌ലൈഡിലും സ്ഥിതി വ്യത്യസ്തമാണ്. പെർത്തിൽ ഒരു കുടുംബത്തിന് അവരുടെ വരുമാനത്തിന്റെ 21 ശതമാനം മോർട്ട്‌ഗേജ് തിരിച്ചടവുകൾക്കായി ഉപയോഗിക്കേണ്ടി വരുന്നുള്ളൂ.


മോർട്ട്‌ഗേജ് തിരിച്ചടവുകൾ ഇത്രയധികം വർധിച്ചു നിൽക്കുന്ന അവസ്ഥയിൽ തിരിച്ചടവുകൾ മുടങ്ങാനും അതുമൂലം മോർട്ട്‌ഗേജ് ലെൻഡർമാർക്ക് കൂടുതൽ നഷ്ടമുണ്ടാകാനുമുള്ള സാധ്യതകൾ തള്ളിക്കളയാനും പറ്റില്ല. രാജ്യത്തെ നാല് പ്രധാന ബാങ്കുകൾ അവരുടെ പലിശ നിരക്കുകൾ ഒക്ടോബറിൽ വർധിപ്പിച്ച സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് റേറ്റിങ് ഏജൻസിയായ മൂഡീസ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ തയാറാക്കിയത്.