പാശ്ചാത്യരാജ്യങ്ങളിലെ വലതു വംശീയതയുടെ വളർച്ചയുടെ ഏറ്റവും പുതിയ അടയാളമായി ഓസ്ട്രിയയിലും കുടിയേറ്റക്കാർക്ക് കടുത്ത നിയന്ത്രണം വരുന്നു. ബ്രെക്സിറ്റ്, ട്രംപ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് തുടങ്ങിയവ ഇത്തരം നീക്കങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. വലത്തോട്ട് ചായുന്നതിന്റെ ഭാഗമായി ഓസ്ട്രിയയിൽ പൊതുസ്ഥലങ്ങളിൽ ബുർഖ നിരോധിക്കാൻ തീരുമാനിച്ചു. ഇതിന് പുറമെ കുടിയേറ്റക്കാർ ഓസ്ട്രിയൻ സംസ്‌കാവുമായി ഇടകലർന്ന് ജീവിക്കാൻ കരാർ ഒപ്പിടേണ്ടി വരുകയും ചെയ്യും. ബുർഖ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് ഇവിടുത്തെ ചാൻസലർ ക്രിസ്റ്റ്യൻ കെർ പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത 18 മാസങ്ങൾക്കിടെ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ധതികളുടെ ഭാഗമായി പൂർണമായും മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ രാജ്യത്ത് അണിയാൻ പാടില്ല. ഇത് സംബന്ധിച്ച് 35 പേജുള്ള ഒരു രേഖയും പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് കുടിയേറ്റക്കാർ ഇവിടെ താമസിക്കണമെങ്കിൽ ഇവിടുത്തെ സംസ്‌കാരവുമായി ഇടകലർന്ന് ജീവിച്ച് കൊള്ളാമെന്ന് സത്യവാങ്മൂലം നൽകുന്ന ഒരു ഇന്റഗ്രേഷൻ കോൺട്രാക്ടിലും ഒരു സ്റ്റേറ്റ്മെന്റ് ഓഫ് വാല്യൂസിലും ഒപ്പിടേണ്ടി വരും.ഇന്നത്തെ സാഹര്യത്തിൽ ഓസ്ട്രിയ അതിന്റെ സെക്യൂരിറ്റി സർവീസുകൾ ഇരട്ടിപ്പിക്കുമെന്നും ഈ രേഖ വ്യക്തമാക്കുന്നു. ഇതിന് പുറമെ ഗവൺമെന്റ് നികുതികളും നോൺ-വേജ് ലേബർ ചെലവുകളും കുറയ്ക്കുമെന്നും ഈ രേഖ വാഗ്ദാനം നൽകുന്നുണ്ട്.

വിദേശത്ത് നിന്നുമെത്തുന്ന തൊഴിലാളികൾക്ക് ഇവിടുത്തെ തൊഴിൽ വിപണി ആക്സസ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്താനും 70,000 പുതിയ ജോലികൾ സൃഷ്ടിക്കാനും ഓസ്ട്രിയ പുതിയ രേഖയിലൂടെ പ്രഖ്യാപിക്കുന്നു.ഇവിടുത്തെ മൂല്യങ്ങളെ സ്വാംശീകരിച്ചും സ്വീകരിച്ചും ജീവിക്കാൻ സാധിക്കാത്തവർക്ക് രാജ്യം വിട്ട് പോകാമെന്നാണ് ഈ രേഖയിലൂടെ ഓസ്ട്രിയ കുടിയേറ്റക്കാർക്ക് കടുത്ത താക്കീത് നൽകിയിരിക്കുന്നത്. ഇവിടുത്തെ സമൂഹത്തിന്റെ ഭാഗമല്ലെന്ന് തോന്നുന്ന ആറ് ലക്ഷത്തോളം മുസ്ലീങ്ങളെ ഇവിടെ നിന്നും ഒഴിവാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ചാൻസലർ പറയുന്നു. ഈ പ്രോഗ്രാം നടപ്പിലാക്കാനായി നിരവധി മാനദണ്ഡങ്ങൾ ഒരുങ്ങുന്നുണ്ട്. എന്നാൽ ഇത് പ്രാവർത്തികമാക്കുന്നതിന് മുമ്പ് പാർലിമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്.