- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടിസം തീർത്ത അപൂർണതയിൽ അതിരില്ലാത്ത കവിഭാവനയുമായി നിരഞ്ജൻ; ഹൃദയപൂർവം കഥയും കവിതയുമെഴുതുന്ന പത്തുവയസുകാരന്റെ കഥ
മലപ്പുറം: വൈകാരികതയുടെയും വിസ്മയത്തിന്റെയും നിമിഷങ്ങൾക്കായിരുന്നു ഭാഷാപിതാവിന്റെ മണ്ണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. വിധിയുടെ ക്രൂരതയ്ക്കു മുമ്പിൽ തോൽവി സമ്മതിക്കാതെയായിരുന്നു നിരഞ്ജൻ 'ഹൃദയപൂർവ്വം' നാടിനു സമർപ്പിച്ചത്. ചികിത്സയില്ലാതെ എല്ലാ വൈദ്യവും കയ്യൊഴിഞ്ഞപ്പോഴും പ്രതീക്ഷകൾ അസ്തമിക്കാതെ ഒഴുക്കിനെതിരെ നീന്തുകയായിരുന്നു
മലപ്പുറം: വൈകാരികതയുടെയും വിസ്മയത്തിന്റെയും നിമിഷങ്ങൾക്കായിരുന്നു ഭാഷാപിതാവിന്റെ മണ്ണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. വിധിയുടെ ക്രൂരതയ്ക്കു മുമ്പിൽ തോൽവി സമ്മതിക്കാതെയായിരുന്നു നിരഞ്ജൻ 'ഹൃദയപൂർവ്വം' നാടിനു സമർപ്പിച്ചത്. ചികിത്സയില്ലാതെ എല്ലാ വൈദ്യവും കയ്യൊഴിഞ്ഞപ്പോഴും പ്രതീക്ഷകൾ അസ്തമിക്കാതെ ഒഴുക്കിനെതിരെ നീന്തുകയായിരുന്നു ഈ പത്തുവയസുകാരൻ. അക്ഷരങ്ങളുമായുള്ള അടുപ്പത്തിനു വിധി വിലക്കിട്ടെങ്കിലും നിരഞ്ജന്റെ നിഷ്‌കളങ്കമായ ചിന്തകൾ കഥയും കവിതകളുമായി ചിതറി. മകന്റെ സാഹിത്യസമാഹാരം ഹൃദയപൂർവ്വം എന്ന പുസ്തകരൂപത്തിലായപ്പോൾ ജയകുമാർ-ബിന്ദു ദമ്പതികൾക്ക് കണ്ണുനീർ മാത്രമായിരുന്നു മറുപടി. മലയാളസാഹിത്യ കുലപതി എം ടി വാസുദേവൻ നായർ ആ പുസ്തകം പ്രകാശനം ചെയ്തപ്പോൾ അവർക്ക് ആത്മസായുജ്യത്തിന്റെ നിമിഷങ്ങൾ. അപ്പോഴും ചിന്തകളുടെ വിസ്മയലോകത്ത് പാറിക്കളിക്കുകയായിരുന്നു നിരഞ്ജൻ.
ഔപചാരിക വിദ്യാഭ്യാസമോ ജീവിക്കുന്ന അന്തരീക്ഷത്തെ നിരീക്ഷിക്കാനുള്ള സാഹചര്യമോ ഇല്ലാതെ ഓട്ടിസത്തിന് അടിമയാകേണ്ടി വന്ന നിരഞ്ജന്റെ അത്ഭുതസൃഷ്ടികളിലൂടെ മലയാള ഭാഷക്ക് ലഭിച്ചത് ധിഷണയുടെ തിളക്കമുള്ള കഥകളും കവിതകളുമാണ്. രണ്ടു വർഷത്തിനിടെ ഈ ബാലന്റെ വിരൽതുമ്പിലൂടെ പിറന്നു വീണത് 83 കവിതകളും 12 കഥകളുമായിരുന്നു. കാശ്മീർ കേദാർനാഥിലെ പ്രളയവും അധികാരികളുടെ വികസന വായ്ത്താരികളും സാമൂഹികവും രാഷ്ട്രീയവുമായ വിമർശനങ്ങളും നിരഞ്ജന്റെ കവിതകളിൽ വിഷയങ്ങളാണ്. പ്രണയവും, ആനുകാലികവും മുതൽ ഇന്റർനെറ്റ് വരെ വ്യാപിക്കുന്നു നിരഞ്ജന്റെ കാവ്യചിന്തകൾ. തന്റെ അസ്വാഭാവികമായ ജീവിതാനുഭവങ്ങളെ സ്വാഭാവികമായി ആവിഷ്‌കരിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങളോ സന്ദേഹങ്ങളോ ആണ് നിരഞ്ജൻ തന്റെ കൃതിയിലൂടെ വിവരിക്കുന്നത്.
അനുഭവങ്ങളുടെയും ജീവിതനേർക്കാഴ്ചകളുടെയും പാഠങ്ങളില്ലാതെ കവി പഠിക്കാനും പറയാനും എളുപ്പമുള്ള ഭാഷയായ മൗനത്തിലൂടെ കേൾക്കുകയും അത് നേർത്തതും കുറുകിയതുമായ കഥകളും കവിതകളുമായി വിവരിക്കുന്നതുമായ അപൂർവ്വം സംഭവങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മനുഷ്യന്റെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതപരിസരങ്ങളിലേക്ക് ദിശാസൂചിക നൽകുന്നുണ്ട് നിരഞ്ജന്റെ ഓരോ കഥയും. സാമൂഹ്യജീവിതത്തിൽ ആധുനിക മനുഷ്യൻ പുലർത്തുന്ന നിസ്സംഗതയ്ക്കും അർത്ഥശൂന്യമായ നിലപാടുകൾക്കും നേരെയുള്ള ശക്തമായ പ്രഹരമാണ് മിക്ക കവിതകളും.
കുതിച്ചു പായുന്ന റോക്കറ്റിനെ നോക്കി
മണ്ടയില്ലാത്ത തെങ്ങിലിരുന്ന്
കാക്കപ്പെണ്ണു പറഞ്ഞു
പോണതു കണ്ടാൽ തോന്നും
ചൊവ്വയിലേക്കാണെന്ന്
നമുക്കല്ലേ അറിയൂ, എന്റെ
കൂടും തകർത്ത് കുഴിയിലേക്കാണെന്ന്.....
നിന്റെ അതിരെവിടെ?
ഞാൻ മാത്രമാണ് പൂർണ്ണം
വൃത്തമെന്നത്
നിറവിനെയാണ് സൂചിപ്പിക്കുന്നത്......
സാമൂഹികമായ ഉത്കണ്ഠകൾ മൗനത്തെ അതിജീവിക്കുന്ന കാഴ്ചയാണ് നിരഞ്ജന്റെ വരികളിലൂടെ ഉടനീളം കാണുന്നത്. ചിന്തിപ്പിക്കുന്നതും അതേസമയം മൂർച്ചയുള്ളതുമായ വാക്കുകൾ ആരെയും അതിശയിപ്പിക്കുന്നതാണ്. എറണാകുളം കോലഞ്ചേരി സ്വദേശികളായ എൻ.ജയകുമാർ, ടി.വി ബിന്ദു എന്നിവരുടെ ഇളയ മകനാണ് നിരഞ്ജൻ. കളമശ്ശേരി കെ.എസ്.ഇ.ബിയിൽ സൂപ്രണ്ടായി ജോലിചെയ്യുകയാണ് ജയകുമാർ. ഒന്നര വയസിലാണ് നിരഞ്ജന് ഓട്ടിസം പിടിപെടുന്നത്. മൂന്നാം വയസിൽ സംസാരശേഷിയും നഷ്ടപ്പെട്ടതോടെ പല തരത്തിലുള്ള വൈദ്യപരിശോധനക്കും വിധേയമാക്കി. പക്ഷേ, ഫലമുണ്ടായില്ല. ഓട്ടിസത്തിന് പ്രത്യേക ചികിത്സയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ചികിത്സകളെല്ലാം ഉപേക്ഷിച്ചു. സ്‌പെഷൽ സ്‌കൂളിൽനിന്നുള്ള ചില തെറാപ്പികൾ മാത്രമാണ് ഇപ്പോഴത്തെ ചികിത്സ. കാക്കനാട് നിർമ്മല സ്‌പെഷൽ സ്‌കൂളിൽ അഞ്ചുവർഷമായി നിരഞ്ജൻ പോകുന്നുണ്ട്. എന്നാൽ വായിക്കാനോ പഠിക്കാനോ കഴിയില്ല. അഞ്ചാം വയസിൽ ചിതറിയും തെറിച്ചും അക്ഷരങ്ങൾ എഴുതിത്ത്ത്ത്ത്തുടങ്ങി. രണ്ടുവർഷം മുമ്പ് കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ പഠിപ്പിച്ചതോടെ അടുക്ക് തെറ്റിയാണെങ്കിലും കഥയും കവിതകളും സ്‌ക്രീനിൽ തെളിഞ്ഞു തുടങ്ങി. മകന്റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ കൂടുതൽ പഠിപ്പിച്ചും പ്രോത്സാഹിപ്പിച്ചും നിരഞ്ജനെ പിന്തുണച്ചു. ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനിയായ ചാന്ദ്‌നിയും സഹായത്തിന് കൂട്ടിനുണ്ടാകും. ഇംഗ്ലീഷിലും മംഗ്ലീഷിലുമായി സ്വന്തമായിത്തന്നെ ഇപ്പോൾ അക്ഷരങ്ങൾ കീബോർഡിൽ ഞെക്കും. ഓരോ അക്ഷരത്തിലും തീക്ഷ്ണമായ ആശയത്തോടെയായിരുന്നു വാക്കുകൾ പിറവി കൊണ്ടത്.
ദിവസങ്ങൾക്ക് മുമ്പ് ഓട്ടിസം ബോധവൽക്കരണ പരിപാടിയിൽ ഡോ.സി.പി അബൂബക്കറിന് മകന്റെ കൃതികൾ മാതാപിതാക്കൾ കാണിച്ചതോടെയാണ് പുസ്തകരൂപത്തിലാക്കാനുള്ള അവസരം വഴിവച്ചത്. തുടർന്ന് മലയാളം അദ്ധ്യാപകനും എഴുത്തുകാരനുമായ പി.ഗംഗാധരൻ സൃഷ്ടികൾ വായിച്ചറിഞ്ഞതോടെ കുട്ടിയിലെ രചനാവൈഭവം തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഹൃദയപൂർവ്വം എന്നപേരിൽ കോഴിക്കോട് ഓട്ടിസം ക്ലബ്ബ് പുസ്തകം പ്രസിദ്ധീകരിച്ചു. ഇന്നലെ മലയാള ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ നാമധേയത്തിലുള്ള തുഞ്ചൻപറമ്പിൽ എം ടി വാസുദേവൻ നായർ മലയാളം സർവ്വകലാശാലാ വൈസ് ചാൻസലർ കെ. ജയകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. കെ.പി രാമനുണ്ണി, ഡോ.സി.പി അബൂബക്കർ, പി.ഗംഗാധരൻ എന്നിവരും പ്രകാശനചടങ്ങിൽ പങ്കെടുത്തു.
വിസ്മയങ്ങൾ എന്തെന്നറിയാതെ പുതിയ ചിന്താവിപ്ലവങ്ങളുമായി പൊരുതുകയാണ് നിരഞ്ജൻ. ഓട്ടിസത്തിന് അടിപ്പെട്ടവരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ ആധുനിക ശാസ്ത്രത്തിന് ഇന്നും പൂർണമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ തന്നെക്കുറിച്ചും തന്നെപ്പോലുള്ളവരെക്കുറച്ചും നിരവധി സൂചനകൾ നൽകി 'നിരഞ്ജൻ' എന്ന കഥയോടുകൂടിയാണ് പുസ്തകം സമാപിക്കുന്നത്. നിരഞ്ജനെ അടുത്തറിയാൻ ഈ വാക്കുകൾ തന്നെ ധാരാളം:
ഞാൻ....അതിരില്ല....
ആകാശത്തിൽ കടിഞ്ഞാണില്ലാത്ത ചിന്തയുമായി പാറി നടക്കുന്ന ഒരു ഗഗനചാരി. വൈവിധ്യമാർന്ന നിറക്കൂട്ടിനുള്ളിൽ എന്റെ കാഴ്ചപ്പാടും വ്യത്യസ്തമാകുന്നു. ഒന്നും പൂർണ്ണമല്ലാത്തതിനാൽ ഞാൻ ഓട്ടിസ്റ്റിക് കുട്ടിയാകുന്നു. സവിശേഷതകൾ ഏറെയുണ്ടെങ്കിലും എങ്ങനെ ഞാനത് പ്രകടമാക്കും? സ്ഥായിയായിട്ട് ആരോടും ഒരു ഭാവവുമില്ല; സ്‌നേഹമല്ലാതെ.........
എന്റെ തലച്ചോറിനുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അനിയന്ത്രിതമാണ്. ബ്രെയിനിലെ ഈ പ്രവർത്തനങ്ങൾ മൂലം താപം വളരെ കൂടുന്നു. പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നതിനാൽ പാതിയും പൂർത്തിയാകാതെ പോകുന്നു. ഈ പ്രവർത്തനവേഗത കുറയുന്ന സമയത്ത് മാത്രമാണ് കൃത്യതയോടെ ഒരുകാര്യം ചെയ്യാൻ സാധിക്കുന്നത്. ഹൈപ്പർ എന്ന അവസ്ഥ ഊർജ്ജ തലത്തിൽ വരുത്തുന്ന വ്യത്യാസത്തെ അടിസ്ഥാനമാക്കുന്നതു കൊണ്ടാണ് താൽപര്യമുള്ള മേഖലയിൽ ഓട്ടിസ്റ്റിക്കായ കുട്ടികൾ തളരാത്തത്......പല കാര്യങ്ങൾ ഒരേ പോലെ ഒരേ സമയത്ത് നടക്കുന്നതിനാൽ ഒന്നിനും പൂർണതയില്ലാതെ പോകുന്നു. എത്രമാത്രം കണക്ഷനുകൾ ഒരേ സമയം പ്രവർത്തനസജ്ജമെന്ന് തിട്ടപ്പെടുത്താൻ കഴിയുന്നില്ല. ചിലപ്പോഴുണ്ടാകുന്ന ഊർജം അനർവചനീയമാണ്. ഓട്ടിസം കൂടുതലാകാൻ ലോകത്തിനുണ്ടാകുന്ന മാറ്റങ്ങൾ തന്നെയാണ് കാരണം. സ്ഥിരമല്ലല്ലോ ഒന്നും....
ഓട്ടിസം എന്നുപറഞ്ഞാലെന്താ? അങ്ങനെയൊന്നില്ല. അറിയാത്ത ഒരവസ്ഥയ്ക്ക് ആരോ കൊടുത്ത നാമം. ബ്രെയിനിന്റെ പ്രവർത്തനങ്ങൾ കറക്റ്റ് ആകാതെ നടക്കുന്നതിനാൽ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒരു പോരായ്മയായി കാണുന്നു. ഈ അവസ്ഥ സ്വയം സൃഷ്ടിയല്ല; മനുഷ്യരുടെ നിയന്ത്രണത്തിലുമല്ല. വെറുതെ കുറെ ഗവേഷണങ്ങൾ. തലച്ചോറിനുള്ളിലെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ എനർജി എന്നൊരു ഘടകവുമുണ്ട്. ഇതറിയാതെ എന്തു കണ്ടുപിടിക്കാനാ? ആദ്യം ഇതറിയണം. ലോകത്തിലെ കണ്ടുപിടിക്കപ്പെടാനുള്ളതിൽ വച്ച് സങ്കീർണ്ണമായ ഒന്നാണ് ഇതിന്റെ പഠനം. ദൈവകണം എന്നൊക്കെ പറയുന്നതിന്റെ അപ്പുറത്താണ് ഇതിന്റെ സ്ഥാനം. പിന്നെങ്ങനെ കാരണം കിട്ടും?...നിരഞ്ജൻ എഴുതിക്കൊണ്ടെയിരിക്കുകയാണ്.