- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വന്നതോടെ ഓട്ടോറിക്ഷ ഉടമക്ക് തിരിച്ച് നൽകി; കൂലിപ്പണിക്ക് പോയെങ്കിലും കുടുംബം പുലർത്താനുള്ള വക കിട്ടുന്നില്ല; വീട്ടു വാടകയ്ക്കായി നിരന്തരം സമ്മർദ്ദവുമായി വീട്ടുടമയും; ഓട്ടോറിക്ഷാ തൊഴിലാളിയായ അനീഷ് ജീവനൊടുക്കിയതോടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമായി എന്തുചെയ്യണമെന്നറിയാതെ ഭാര്യയും അമ്മയും
കൊച്ചി: ഓട്ടോറിക്ഷാ തൊഴിലാളിയായ അനീഷ് ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ മാനസിക സമ്മർദ്ദവും താങ്ങാനാകാതെ. 37കാരനായ യുവാവ് തൂങ്ങിമരിച്ചതോടെ അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് അനാഥമായത്. ഓട്ടോഡ്രൈവറായ തോപ്പുംപടി വാലുമ്മൽ റോഡിൽ ഉള്ളംപിള്ളിയിൽ അനീഷാണ് (36) ജീവനൊടുക്കിയത്. വീടിന്റെ വാടകയ്ക്കായി വീട്ടുടമ നിരന്തരം സമ്മർദ്ദം ചെലുത്തിയതാണ് തോപ്പുംപടിയിൽ താമസിച്ചിരുന്ന അനീഷിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. കഴിഞ്ഞ ദിവസമാണ് അനീഷ് തൂങ്ങിമരിച്ചത്. വാടകയ്ക്കായുള്ള വീട്ടുടമയുടെ സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് ഭാര്യ സൗമ്യ തോപ്പുംപടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഒരു തുണ്ട് ഭൂമിയോ മറ്റ് വരുമാനമോ ഇല്ലാത്ത കുടുംബത്തെ തനിച്ചാക്കി അനീഷ് വിട പറഞ്ഞപ്പോൾ അമ്മയേയും കുഞ്ഞുങ്ങളേയും പരിപാലിക്കാൻ ഇനി എന്തു ചെയ്യണമെന്ന ഭാര്യ സൗമ്യയ്ക്ക് അറിയില്ല. സൗമ്യയുടെ കണ്ണീരിൽ നാട്ടുകാർക്കും നെഞ്ചുപൊട്ടുകയാണ്. ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനാകാതെയാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ അനീഷ് ജീവനൊടുക്കിയത്. സൗമ്യയും അനീഷിന്റെ അമ്മ രമണിയും ഒമ്പതും രണ്ടും വയസുള്ള കുഞ്ഞുങ്ങളുമാണ് അനീഷിന്റെ മരണത്തോടെ അനാഥരായിരിക്കുന്നത്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയോ മറ്റ് വരുമാനമാർഗമോ ഇല്ലാത്ത സൗമ്യക്ക് മുന്നിൽ മക്കളുടെ ഭാവിയും വലിയൊരു ചോദ്യചിഹ്നമായി. നാല് മാസത്തെ കുടിശികയുടെ പേരിലുള്ള നിരന്തര സമ്മർദത്തെ തുടർന്നാണ് അനീഷ് തൂങ്ങിമരിച്ചതെന്ന് സൗമ്യ പറഞ്ഞു. കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഓട്ടം ഇല്ലാതായതോടെ ഓട്ടോറിക്ഷ അനീഷ് ഉടമയെ തന്നെ തിരികെ ഏൽപിച്ചിരുന്നു. ഇതിന് ശേഷം കൂലിപ്പണി ചെയ്താണ് അനീഷ് കുടുംബം പുലർത്തിയിരുന്നത്. ഒടുവിൽ സാമ്പത്തിക ബാധ്യതകൾ താങ്ങാനാവാതെ അനീഷ് മരണത്തിൽ അഭയം പ്രാപിക്കുകയായിരുന്നു.
ജനുവരി 16നാണ് ഓട്ടോഡ്രൈവറായ അനീഷും ഭാര്യയും രണ്ട് മക്കളുമായി അമ്മയ്ക്കൊപ്പം തോപ്പുംപടിയിലെ വാടകവീട്ടിൽ താമസം ആരംഭിച്ചത്. 25,000 രൂപ അഡ്വാൻസും 9,000 രൂപ വാടകയുമായിരുന്നു കരാർ. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആദ്യം ലോക് ഡൗണും പിന്നിട് പ്രദേശം കണ്ടെയ്ന്മെന്റ്സോൺ ആകുകയും ചെയ്തതോടെ ഓട്ടോ ഓടിക്കാൻ സാധിക്കാതെ വരികയും വാടക മുടങ്ങുകയായിരുന്നു. മൂന്ന് മാസം കുടിശികയായതിന് പിന്നാലെ വീട്ടുടമ ഉടനെനെ വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് സൗമ്യ പറയുന്നു. അനീഷും കുടുംബവും താമസിക്കുമ്പോൾത്തന്നെ വേറെ ആൾക്കാരെ കൊണ്ടുവന്ന് വീട് കാണിക്കുകയും ചെയ്തിരുന്നു.
തുടർന്ന് അഡ്വാൻസ് നൽകിയ തുക വാടകയിനത്തിൽ കുറക്കുകയും അവശേഷിക്കുന്ന തുക കൂടി നൽകി വീട് ഒഴിഞ്ഞോളാമെന്ന് ഉടമയോട് അറിയിച്ചിരുന്നതായും സൗമ്യ പറയുന്നു.കോട്ടയത്ത് താമസിക്കുന്ന സൗമ്യയുടെ ചേച്ചിയുടെ വീട്ടിലേക്ക് താത്കാലികമായി വീട്ടുകാരെ മാറ്റിയതിന് ശേഷം വീട്ടു സാധനങ്ങൾ മാറ്റാനായിരുന്നു അനീഷ് പദ്ധതിയിട്ടിരുന്നത്. എന്നാൽ അനീഷിനെ പിന്നെയും വീട്ടുടമ ഫോണിൽ വിളിക്കുകയും ആറ് മിനിറ്റോളം ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കുകയും ചെയ്തു. പിന്നീട് പുറത്തുപോയി വീട്ടിലെത്തിയ അനീഷ് ജീവനൊടുക്കുകയുമായിരുന്നുവെന്നാണ് ഭാര്യ സൗമ്യയുടെ ആരോപണം. ഒമ്പത് വയസുള്ള അനിഘ , രണ്ടു വയസുകാരനായ ആഭിനാഥ് എന്നിവരാണ് മക്കൾ.
മറുനാടന് ഡെസ്ക്