കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട ഗൂഡോലചനക്കേസിൽ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത് സിനിമയിലെ ക്ലൈമാക്‌സുകളേയും വെല്ലുന്ന തിരക്കഥയിൽ ആയിരുന്നു. തൃശൂരിലെ അത്താണിയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കുടുക്കിയത്. ഒരിക്കലും അറസ്റ്റോ ചോദ്യം ചെയ്യലോ ഒന്നും ദിലീപ് സ്വപ്നത്തിൽ പോലും കരുതിയില്ല. ആലുവയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ആശയ വിനിമയത്തിനായാണ് ദിലീപ് ഇവിടെ എത്തിയത്. കേസിൽ താൻ കുടുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു വരവ്. എന്നാൽ സംഭവിച്ചത് മറ്റൊന്നും. കാർണിവൽ ഗ്രൂപ്പിന്റേതാണ ഈ ഗസ്റ്റ് ഹൗസ്. ഇവിടേക്ക് ദിലീപിനെ എത്തിച്ചത് ആലുവ റൂറൽ എസ് പി എവി ജോർജിന്റെ ബുദ്ധിയായിരുന്നു. പണത്തിന് മുമ്പിൽ മുട്ടുമടക്കാത്ത ജോർജ് അങ്ങനെ കേരളത്തിൽ താരവുമായി.

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ആരോപണവിധേയനായ ആലുവ റൂറൽ എസ്‌പി: എ.വി. ജോർജ് ഇന്ന് ഊരാക്കുടുക്കിലാണ്. ദിലീപിനെ അറസ്റ്റ ്‌ചെയ്ത് താരമായ ജോർജിന് ഡി.ഐ.ജിയായി സ്ഥാനക്കയറ്റം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശ എത്തി. ഇതുസംബന്ധിച്ച നിർദ്ദേശം ചീഫ് സെക്രട്ടറി പോൾ ആന്റണിക്കു ലഭിച്ചു. ഈ സമയത്താണ് വരാപ്പുഴയിലെ വിവാദം. വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ അറസ്റ്റിലായ മൂന്നു പൊലീസുകാർ ഉൾപ്പെട്ട പ്രത്യേക ടൈഗർ ഫോഴ്സിന്റെ തലവനാണ് എ.വി. ജോർജ്. അദ്ദേഹത്തിന്റെ അറിവോടെയാണു ശ്രീജിത്തിനെ ആളുമാറി വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ജോർജിന് തൽകാലത്തേക്കെങ്കിലും ഡിഐജി പദവി സർക്കാർ നൽകിയേക്കില്ല,

സംസ്ഥാനത്തെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പട്ടിക പരിശോധിച്ച്, ഒഴിവുകൾ നികത്താനുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണു ജോർജിനു സ്ഥാനക്കയറ്റം നൽകാനുള്ള കേന്ദ്രശിപാർശ.രണ്ടുവർഷം കൂടുമ്പോൾ സംസ്ഥാനങ്ങളിലെ ഐ.പി.എസ്. ഒഴിവുകൾ കേന്ദ്ര ആഭ്യന്തരവകുപ്പ് വിലയിരുത്താറുണ്ട്. ഇതനുസരിച്ചു 2005 ബാച്ചിലെ രണ്ടു തസ്തികകൾ കേരളത്തിലുണ്ടെന്നു കണ്ടെത്തി. ഇതേത്തുടർന്നാണു ജോർജിനെയും സുരേന്ദ്രനെയും സ്ഥാനക്കയറ്റത്തിനു ശിപാർശ ചെയ്തത്. എന്നാൽ, ജോർജിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ചു സംസ്ഥാന ഇന്റലിജൻസിന് എതിരഭിപ്രായമുണ്ട്. വരപ്പുഴയിൽ പൊലീസുകാരെ ജോർജ് പരസ്യമായി ന്യായീകരിച്ചിരുന്നു. ജോർജും കേസിൽ പ്രതിയാണെന്ന് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നുമുണ്ട്.

വരാപ്പുഴ കേസിൽ അന്വേഷണം പുരോഗമിക്കവേയാണു സ്ഥാനക്കയറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ കേന്ദ്ര ആഭ്യന്തരവകുപ്പ് പൂർത്തിയാക്കിയത്. അതുകൊണ്ട് തന്നെ പുലിവാല് പിടിക്കാൻ സർക്കാർ തയ്യാറാകില്ല. ഇതിനൊപ്പം ജോർജിനെ എറണാകുളം റൂറൽ എസ്‌പി. സ്ഥാനത്തുനിന്നു സംസ്ഥാന സർക്കാർ മാറ്റുമെന്നു സൂചനയുണ്ട്. ക്രൈം ബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ എസ്‌പി: ജോർജിനെതിരേ പരാമർശമുണ്ടായാൽ സ്ഥാനക്കയറ്റം നടക്കില്ല. ഇത് ദിലീപ് ഫാൻസുകാരെ ആവേശത്തിലാക്കുന്നു. ദിലീപിനെ കുടുക്കിയ എസ് പിക്ക് പണി കിട്ടിയെന്ന ആഹ്ലാദത്തിലാണ് ദിലീപ് ഫാൻസുകാർ. അങ്ങനെ ജോർജിന്റെ പതനം ദിലീപ് ഫാൻസിന് കമ്മാരസംഭവത്തേക്കാൾ വലിയ ആവേശമാക്കുകയാണ്. ജോർജാണ് ദിപീലിനെ കുടുക്കിയതെന്ന് തുടക്കം മുതൽ ഫാൻസുകാർ ആരോപിച്ചിരുന്നു. ദിലീപിനെ കുടുക്കിയ ഓരോരുത്തർക്കായി പണി കിട്ടുമെന്നാണ് ഫാൻസുകാർ പറയുന്നത്

തന്ത്രപരമായാണ് ദിലീപിനെ കുടുക്കിയതെന്ന് പൊലീസ് തന്നെ സൂചനകൾ പുറത്തു വിട്ടിരുന്നു. കേസിലെ ഒത്തു തീർപ്പ് ചർച്ചയ്ക്ക് ചില പൊലീസുകാർ ദിലീപിനെ സമീപിച്ചു. ഇത് സത്യസന്ധമായ ഇടപെടലാണെന്ന് ജനപ്രിയ നായകൻ കരുതി. ഇതിന് പൊലീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചത് ദിലീപിന്റെ കൂടി സൗകര്യമുള്ള ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസായിരുന്നു. ആരുടേയും കണ്ണിൽപ്പെടാതെയുള്ള ചർച്ചയായിരുന്നു ലക്ഷ്യമിട്ടത്. കാവ്യാ മാധവനെ ചോദ്യം ചെയ്യുമെന്ന പ്രചരണം സജീവമായ ഘട്ടത്തിലായിരുന്നു ഇത്. പൊലീസ് ഉദ്യോഗസ്ഥനെ പൂർണ്ണമായും വിശ്വാസത്തിലെടുത്ത് ഈ ഗസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്തതും ദിലീപായിരുന്നു. കൃത്യസമയത്ത് ദിലീപ് എത്തുകയും കൂടിക്കാഴ്ച തുടങ്ങുകയും ചെയ്തു. അപ്പോഴാണ് ചതിക്കപ്പെട്ട കാര്യം ദിലീപ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഡിജിപി ഓഫീസിലിരുന്നുള്ള ലോക്‌നാഥ് ബെഹ്‌റയുടെ ചോദ്യങ്ങളോട് ദിലീപ് പതറുകയും ചെയ്തു. ഇത് അറസ്റ്റിലേക്കും കാര്യങ്ങളെത്തിച്ചു.

വളരെ കരുതലോടെയാണ് പൊലീസ് ഇടപെടൽ നടത്തിയത്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് പൊലീസ് ആ ഘട്ടത്തിൽ വരുത്തി തീർത്തു. അന്ന് ആലുവ എസ് പിയുടെ ചില പ്രതികരണം പോലും തെറ്റിധാരണ പരത്താനായിരുന്നു. അന്വേഷണത്തിന് ചുക്കാൻ പിടിച്ച എസ് പി കോളനി സന്ദർശനം തുടങ്ങിയതോടെ ഗൂഢാലോചനക്കേസിൽ അന്വേഷണം തീർന്നുവെന്ന് ദിലീപും കരുതി. തനിക്കെതിരെ ആർക്കും ഒരു തെളിവും കിട്ടിയില്ലെന്ന് ദിലീപ് തന്നെ പലരോടും പറഞ്ഞിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് പൊലീസുമായി ഒത്തുതീർപ്പിന് നടൻ ശ്രമിച്ചത്. കാവ്യയെ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷിക്കാനായിരുന്നു ഇത്.

പക്ഷേ ചതിയിൽ ദിലീപ് വീണു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് എല്ലാം പുറം ലോകം പോലും അറിഞ്ഞത്. എസ് പി തന്നെ മജിസ്‌ട്രേട്ടിന് മുമ്പിലെത്തിച്ച് ദിലീപിനെ റിമാൻഡ് ചെയ്തു. ഇതോടെ ജനപ്രിയനായകൻ അഴിക്കുള്ളിലായി. ഈ ഉദ്യോഗസ്ഥനാണ് ഇപ്പോൾ വരാപ്പുഴയിൽ കുടുങ്ങിയത്.