ആലുവ: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയ എ.വി. ജോർജിന് നൽകിയ പഞ്ചനക്ഷത്ര ഹോട്ടലിലെ യാത്രയയപ്പ് വിവാദത്തിൽ. ഏറെ ചട്ടലംഘനം നടന്നുവെന്നാണ് ആക്ഷേപം. താനും കുടുംബാംഗങ്ങളും ആഗ്രഹിച്ച സ്ഥലം മാറ്റമാണിതെന്നും മൂന്നു മാസത്തിനകം താൻ ഡി.ഐ.ജിയായി മടങ്ങിവരുമെന്നും എസ്‌പി. മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇതും വിവാദമാവുകയാണ്. അച്ചടക്ക നടപടിയെന്ന തോന്നൽ ഇല്ലാതാക്കുന്നതാണ് ഈ പ്രസംഗം. ഇവിടെ തന്നെ മടങ്ങിയെത്തുമെന്ന പ്രഖ്യാപനം വെല്ലുവിളിയാണെന്നും ആരോപണം ഉയർന്നു കഴിഞ്ഞു.

രണ്ട് യാത്ര അയപ്പുകളാണ് നടന്നത്. ഒന്നും ഓഫീസിലും മറ്റൊന്ന് ഹോട്ടലിലും. ഓഫീസിലെ പ്രസംഗമാണ് വിവാദമാകുന്നത്. ഇതിനൊപ്പമാണ് പഞ്ച നക്ഷത്ര ആഡംബരം. തിങ്കളാഴ്ച രാത്രിയിൽ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ പൊലീസുകാർ ഒരുക്കിയ യാത്രയയപ്പ് പരിപാടി വിവാദമായി. ശ്രീജിത്തിന്റെ മരണത്തെത്തുടർന്ന് എ.വി. ജോർജിന്റെ കീഴിലുണ്ടായിരുന്ന ആർ.ടി.എഫിലെ മൂന്ന് ഉദ്യോഗസ്ഥരും വരാപ്പുഴ എസ്‌ഐ.യും ഇപ്പോൾ ജയിലിലാണ്. അന്വേഷണ വിധേയമായാണ് എ.വി. ജോർജിന് സ്ഥലംമാറ്റിയത്. ഇത് ദിലീപ് അനുകൂലികൾ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ് പിയുടെ യാത്ര അയപ്പിൽ വിവാദമെത്തുന്നത്.

തന്റെ സ്ഥലം മാറ്റം അച്ചടക്ക നടപടി അല്ലെന്ന് എസ്‌പി പറയുന്നതായിരുന്നു ഓഫീസിലെ യാത്രഅയപ്പ്. വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പൊലീസുകാർ ജയിലിലായ സംഭവം സർവീസ് ജീവിതത്തിലെ ഏറ്റവും സങ്കടമേറിയ അനുഭവമാണ്. താൻ ദൈവവിശ്വാസിയാണ്. അതിർത്തി കാക്കുന്ന പട്ടാളക്കാരനുവേണ്ടിക്കൂടി പ്രാർത്ഥിച്ചിട്ടാണ് ജോലിക്കു വരുന്നത്. വരാപ്പുഴ സംഭവം ദൈവനിശ്ചയമെന്നാണു കരുതുന്നത്. തന്നെ ആരും സ്ഥാനത്തുനിന്ന് നീക്കിയതല്ല. സ്ഥലംമാറ്റം താനും കുടുംബാംഗങ്ങളും ആഗ്രഹിച്ചിരുന്നതാണ്.-എസ്‌പി. പറഞ്ഞു. ഡിഐജിയായി മടങ്ങിയെത്തുമെന്ന് പറഞ്ഞതായും മംഗളം റിപ്പോർട്ട് ചെയ്യുന്നു. പ്രസംഗത്തിലൊരിടത്തും കസ്റ്റഡി മരണത്തിൽ മരിച്ച ശ്രീജിത്തിനെയോ വഴിയാധാരമായ കൂടുംബത്തെക്കുറിച്ചോ എസ്‌പി. പരാമർശിച്ചില്ല.

യാത്രയയപ്പു യോഗത്തിൽ പങ്കെടുത്ത ഇടതുപക്ഷ പൊലീസ് യൂണിയന്റെ ജില്ലാ സെക്രട്ടറി എസ്‌പിയെ വാനോളം പുകഴ്‌ത്തി. വരാപ്പുഴ സംഭവത്തിൽ എസ്‌പി. എ.വി. ജോർജിനെതിരേ മാധ്യമങ്ങൾ ഗൂഢാലോചന നടത്തിയെന്നും ഇദ്ദേഹം ആരോപിച്ചു. തങ്ങളുടെ നേതാവ് മുമ്പ് ചിലരെ നികൃഷ്ടജീവികളെന്ന് വിളിച്ചിരുന്നതായി ഓർക്കുകയാണെന്നും ഇപ്പോൾ മാധ്യമപ്രവർത്തകരാണ് നികൃഷ്ട ജീവികളെന്നുമാണ് അസോസിയേഷൻ സെക്രട്ടറി ആക്ഷേപിച്ചത്. ഇന്നലെ രാവിലെ പത്തുമണിക്ക് ആലുവയിലെ റൂറൽ പൊലീസ് ആസ്ഥാനത്ത് മുകൾ നിലയിലാണ് ചടങ്ങ് നടത്തിയത്. ഒരുമണിവരെ ചടങ്ങ് നീണ്ടു.

ഇത്രയുംനേരം പൊലീസ് ആസ്ഥാനത്ത് മറ്റുപ്രവർത്തനങ്ങളൊന്നും നടന്നുമില്ല. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, നാർകോട്ടിക് സെൽ, ജില്ലാക്രൈംബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച് എന്നീ വിഭാഗങ്ങളുടെ ഓഫീസ് അടച്ചിട്ടാണ് ഉദ്യോഗസ്ഥർ പരിപാടിയിൽ പെങ്കടുത്തത്. ചടങ്ങിൽ 150 ഓഫീസർമാർ പങ്കെടുത്തു. വൈകുന്നേരമായിരുന്നു പഞ്ചനക്ഷത്ര ഹോട്ടലിലെ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്. റൂറൽ ജില്ലയിലെ ഡിവൈ.എസ്‌പി.മാർ, സിഐ.മാർ, എസ്‌ഐ.മാർ എന്നിവർ പങ്കെടുത്തു. പൊലീസ് വാഹനങ്ങളിലാണ് ഇവർ പരിപാടിക്കായി എത്തിയത്. ഇതെല്ലാം വിവാദത്തിന് ഇടനൽകുന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത താരമായ പൊലീസ് ഉദ്യോഗസ്ഥനാണ് ജോർജ്. ഇതാണ് കസ്റ്റഡി മരണത്തോടെ തകർന്ന് വീണത്.

അതിനിടെ എവി ജോർജിനേയും ശ്രീജിത്തുകൊലക്കേസിൽ പ്രതിയാക്കണമെന്ന ആവശ്യം ശക്തമാണ്. ജോർജിന്റെ പ്രത്യേക സേനയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. എന്നാൽ എസ് പിയെ കേസിൽ പ്രതിയാക്കിയില്ല. പകരം സ്ഥലം മാറ്റി. ഇതിനെതിരെ ശ്രീജിത്തിന്റെ കുടുംബം രംഗത്തുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതും ഈ സാഹചര്യത്തിലാണ്. അതിനിടെയാണ് എസ് പിയുടെ വിവാദ പ്രസംഗം ചർച്ചയാകുന്നത്.