ശ്രീനഗർ: കഴിഞ്ഞവർഷം വൻ മലയിടിച്ചിലുണ്ടാവുകയും പത്തോളം സൈനികർക്ക് ജീവഹാനിയുണ്ടാവുകയും ചെയ്ത ബന്ദിപോറ ജില്ലയിൽ കനത്ത മഞ്ഞിടിച്ചിൽ. മൂന്നു സൈനികരെ കാണാതായെന്നും മറ്റൊരു സംഭവത്തിൽ രണ്ട് സൈനികർ മലയിടുക്കിലേക്ക് വഴുതി വീണെന്നും റിപ്പോർട്ടിൽ പറയുന്നു.

നിയന്ത്രണ രേഖയ്ക്കു സമീപം സൈനിക പോസ്റ്റിൽ മഞ്ഞുമല ഇടിഞ്ഞുവീണാണ് മൂന്നു ജവാന്മാരെ കാണാതായത്. ബന്ദിപോറ ജില്ലയിലെ ഗുരെസ് സെക്ടറിലാണ് അപകടമുണ്ടായത്. കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഗുരെസ് സെക്ടറിലെ തുലെയിൽ ഒരു ആർമി പോർട്ടറെയും കാണാതായതായി റിപ്പോർട്ടുണ്ട്.

മേഖലയിൽ തിരിച്ചിൽ തുടരുന്നുണ്ടെങ്കിലും മഞ്ഞിടിച്ചിൽ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ഗുരെസ് സെക്ടറിൽ അഞ്ച് അടിയിലേറെ ഉയരത്തിലാണ് മഞ്ഞ് വീണ് കിടക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച മഞ്ഞുവീഴ്ച ചൊവ്വാഴ്ച രാവിലെയും തുടരുകയാണ്. മറ്റൊരു സംഭവത്തിലാണ് രണ്ടു സൈനികരെ മലയിൽ നിന്ന് വഴുതിവീണ് കാണാതതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഇവർക്കായും തിരച്ചിൽ നടക്കുന്നു. തിങ്കളാഴ്ചയാണ് കനത്ത ഹിമപാതമുണ്ടായതും മഞ്ഞ് ഇടിഞ്ഞ് അപകടം ഉണ്ടായതും. ഗുരെസിലെ ബഗാട്ടുവിലെ ആർമിയുടെ പ്രധാന പോസ്റ്റിലുള്ളവർക്കാണ് അപകടംപറ്റിയതെന്ന് ഡിഫൻസ് മന്ത്രാലയം വക്താവ് കേണൽ രാജേഷ് കാലിയ ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.

ഒരു സൈനിക സംഘത്തോടൊപ്പം നീങ്ങിയ മറ്റ് രണ്ടുപേർക്കാണ് കുപ്വാര ജില്ലയിലെ നൗഗാം സെക്ടറിൽ അപകടമുണ്ടായത്. മലമുകളിൽ നിന്ന് ഇവർ തെന്നിവീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനും ശ്രമം നടക്കുന്നുവെന്നും വക്താവ് പറഞ്ഞു.