തൃശൂർ: കോടികളുടെ തട്ടിപ്പു നടത്തി ജനങ്ങളെ വഞ്ചിച്ച അവതാർ ജൂവലറി നടത്തിയത് ബ്ലേഡ് കച്ചവടം തന്നെ. ജുലറിയിൽ പണം നിക്ഷേപിച്ചവർക്ക് ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയിലാണ്. മെഗാ സ്റ്റാർ മമ്മൂട്ടി ബ്രാൻഡ് അംബാസിഡറാക്കി നടത്തിയ നീക്കമാണ് അവതാറിനെ ജനശ്രദ്ധയിലെത്തിച്ചത്. താര രാജാവിന്റെ ജനപ്രിയതയിലൂടെ ഇടപാടുകാരെ സ്വർണ്ണക്കടയിലേക്ക് ആകർഷിച്ചു. ഒടുവിൽ പണം ചോദിച്ച് വന്നപ്പോൾ കൈമലർത്തുകയും ചെയ്തു. മമ്മൂട്ടി ജൂവലറിയുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണെന്നും അദ്ദേഹത്തിന് ജൂവലറിയിൽ യാതൊരു പങ്കില്ലെന്നും വിശദീകരണവും എത്തുന്നു.

സ്വർണ്ണക്കടയുടെ പേരിൽ പാവപ്പെട്ടവരിൽ നിന്ന് സ്വീകരിച്ച നിക്ഷേപങ്ങൾ മറ്റ് മേഖലയിലേക്ക് തിരിച്ചുവിട്ടു. ബ്ലഡ് കമ്പനി നടത്താനും വിനിയോഗിച്ചു. ഇങ്ങനെയാണ് അവതാർ പൊതു ജനങ്ങളിൽ നിന്ന് പിരിച്ച കാശുകൊണ്ട് വലുതാകാൻ ശ്രമിച്ചത്. ഇതിനായി മമ്മൂട്ടിയുടെ മുഖത്തേയും ഉപയോഗിച്ചു. ഇത്തരത്തിൽ പല തട്ടിപ്പുകൾ കേരളത്തിൽ നടന്നിട്ടുണ്ട്. പലരും ഇപ്പോഴും സ്വർണ്ണക്കടയുടെ പേരിൽ റിസർവ്വ് ബാങ്കിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ നിക്ഷേപം സ്വീകരിക്കുന്നു. തട്ടിപ്പുകഥകൾ എത്രവന്നാലും മലയാളി പഠിക്കില്ലെന്നതിന്റെ തെളിവാണ് ഇതെല്ലാം. അവതാർ ജ്യൂലറിയുടെ തട്ടിപ്പിന് സമാനമായ പലതും ഇനിയും കേരളത്തിൽ ആവർത്തിക്കുമെന്ന് തന്നെയാണ് വിലയിരുത്തലുകൾ.

മക്കളുടെ വിവാഹ ആവശ്യത്തിനായി ഭൂമി വിറ്റ് നിക്ഷേപിച്ച ലക്ഷങ്ങൾ പിൻവലിക്കാൻ ചെല്ലുമ്പോഴും മാസംതോറും ലഭിച്ചു വന്നിരുന്ന ലാഭവിഹിതം ലഭിക്കാതെ വന്നപ്പോഴുമൊക്കെയാണ് തട്ടിപ്പ് വിവരം മനസിലാകുന്നത്. ഇതേക്കുറിച്ചന്വേഷിക്കാൻ ചെന്നപ്പോഴെല്ലാം അടച്ച കടകളെല്ലാം ഉടൻ തുറക്കുമെന്നും ആരും നിയമനടപടികൾക്കൊന്നും പോകാതെ സഹകരിക്കണമെന്നും പറഞ്ഞ് നിക്ഷേപകരെയെല്ലാം മടക്കി അയച്ചു. എടപ്പാൾ ഭാഗത്ത് നാനൂറിലധികവും തൃശൂരിൽ ഇരുന്നൂറിലധികവും ആളുകളാണ് പലതവണയായി തട്ടിപ്പിനിരയായിരിക്കുന്നത്. നാൽപ്പതു കോടിയോളം ബാങ്കിൽ വായ്പ തിരിച്ചടയ്ക്കാനുള്ള ജൂവലറിക്കാർ കടകളിലെ ജോലിക്കാർക്കും ശമ്പളം കൊടുത്തിട്ടു മാസങ്ങളായി.

വർഷങ്ങളായി ജൂവലറിയിൽ നിക്ഷേപം നടത്തിയവരാണ് ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയിൽ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കല്യാണ ആവശ്യത്തിനും മറ്റും സ്വർണം വാങ്ങാനും സ്വർണം മുൻകൂട്ടി ബുക്കുചെയ്ത് വിപണിവിലയനുസരിച്ച് വാങ്ങാനുമുള്ള പദ്ധതിയനുസരിച്ചാണ് ഇവർ ജൂവലറിയിൽ പണം നിക്ഷേപിച്ചത്. പണ നിക്ഷേപത്തിനുപുറമെ സ്വർണവും നിക്ഷേപമായി സ്വീകരിച്ചിരുന്ന ജൂവലറിക്കാർ വർഷത്തിൽ പത്തുപവൻ ഒരു പവൻ എന്ന നിലയിൽ ലാഭം നൽകി വന്നിരുന്നതിനാൽ ഒരുപാട് പേർ വിവാഹശേഷം മുഴുവൻ സ്വർണവും അവതാറിൽ നിക്ഷേപിച്ചിരുന്നു. അതിനെല്ലാം കൃത്യമായ രസീതുകളും നൽകി കൂടുതൽ ആളുകളെ ഈ സംരംഭത്തിലേക്ക് ആകർഷിക്കാൻ അവർക്കു കഴിഞ്ഞു. എന്നാൽ നാളുകളായി നിക്ഷേപകർക്ക് ലാഭവിഹിതംപോലും ലഭിക്കാതായി.

ആറുമാസം മുമ്പാണ് പൂർണമായും തങ്ങൾ തട്ടിപ്പിനിരയായി എന്ന വിവരം നിക്ഷേപകർക്കു മനസിലാകുന്നത്. അതുവരെ കുറച്ചുപേർക്കെങ്കിലും കൃത്യമായി തങ്ങളുടെ നിക്ഷേപത്തിന്റെ ലാഭം ലഭിച്ചിരുന്നു. തുടർന്ന് പരാതി ഉയർന്നതിനെ തുടർന്ന് 2015 നവംബറിനു ശേഷം ലാഭവിഹിതം ലഭിക്കാതെവന്ന നിക്ഷേപകർക്ക് പണം തിരികെത്തരാമെന്നേറ്റു. ഇതിന്റെ അവസാന തീയതി കഴിഞ്ഞ മെയ്‌ 25 ആയിരുന്നു. ഇതിനിടെയിൽ പരാതിക്കാരെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് ഉടമകൾ വിളിച്ചിട്ടുണ്ട്. എന്നാൽ പണം തിരിച്ചുതരാനുള്ള ഉദ്ദേശ്യമില്ലാഞ്ഞിട്ടും അവർ തങ്ങളെ ഇടയ്ക്കിടയ്ക്ക് ഒത്തുതീർപ്പു ചർച്ചയ്ക്കു വിളിക്കുന്നത് അടുത്തമാസം നടക്കാനിരിക്കുന്ന ഉടമകളിലൊരാളുടെ മകളുടെ വിവാഹം തടസമൊന്നുമില്ലാതെ നടക്കാനാണെന്നും അതു കഴിഞ്ഞാൽ അവർ നാടുവിടുമെന്നുമാണ് നിക്ഷേപകർ പറയുന്നത്.

കോടികൾ ചെലവിട്ട് പരസ്യം നൽകി ആരംഭിച്ച ജൂവലറിയുടെ തൃശൂർ, എടപ്പാൾ, കൊച്ചി എന്നീ കേരളത്തിലെ എല്ലാ ശാഖകളും അടച്ചുപൂട്ടി. ഗൾഫ് രാജ്യങ്ങളിലെ ശാഖകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. നിക്ഷേപകരിൽനിന്ന് തട്ടിയെടുത്ത ലക്ഷങ്ങൾ ഉപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങി ഇന്ത്യക്കങ്ങോളമിങ്ങോളമുള്ള വീടുകളിൽ സുഖജീവിതം നയിക്കുകയാണ് മുതലാളിമാർ എന്നാണ് പരാതി. ബിസിനസ് ആവശ്യങ്ങൾക്കായി അവതാർ ഗ്രൂപ്പ് ബാങ്കുകളിൽ നിന്നെടുത്ത വായ്പകളൊന്നും തിരിച്ചടയ്ക്കാത്തതിനാൽ അവരുടെ പല സ്വത്തുക്കളും ജപ്തി ഭീഷണിയിലാണിപ്പോൾ. അതുകൊണ്ട് തന്നെ പണം നഷ്ടമായവർക്ക് തിരിച്ചുകിട്ടുമെന്ന് യാതോരു പ്രതീക്ഷയുമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.