പെരുമ്പാവൂർ: ഫാവാസ് ജ്വലറി ഉടമയുടെ 32 കിലോയോളം സ്വർണം വിറ്റു കിട്ടിയ കോടികൾ അവതാർ അബ്ദുള്ള മുടക്കിയത് സ്വന്തം ബിസിനസ്സ് വളർത്താനെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ. ഗൾഫിൽ വ്യാപാരശാലകൾ സ്വന്തമാക്കിയെന്നും സൂചന. ഗൾഫിൽ ഒളിവിൽ കഴിയുന്ന മകനെ കണ്ടെത്താൻ പൊലീസ് നീക്കം ഊർജ്ജിതം.

പി പി റോഡിലെ ഫാവാസ് ജ്വലറി ഉടമയെ കബളിപ്പിച്ച് 32 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ ഇന്നലെ പൊലീസ് പിടിയിലായപ്പോഴാണ് അവതാർ ജ്വലറി ഉടമ പട്ടാമ്പി തൃത്താല ഊരത്തുകുടിയിൽ അലിക്കുട്ടി അബ്ദുള്ളയുടെ ഭാര്യ ഹൗസിയ (45) തുക ചിലവഴിച്ചതു സംമ്പന്ധിച്ച് പൊലീസിൽ വെളിപ്പെടുത്തിയത്. 21.5 കോടിയോളം രൂപയുടെ സ്വർണ്ണമാണ് ദമ്പതികളും മകനും ചേർന്ന് ഫാവാസ് ഉടമ സലീമിൽ നിന്നും തട്ടിയെടുത്തത്.

കുന്നത്ത്‌നാട് സി ഐ കുര്യക്കോസ് പെരുമ്പാവൂർ എസ് ഐ ഫൈസൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തൃത്താലയിലെ വീട്ടിൽ നിന്നും ഇവരെ കസ്റ്റഡിയിൽ എടുത്തത്.

സംഭവത്തിന് ശേഷം ഇവർ ഗൾഫിലേക്ക് കടന്നിരുന്നു. ഇവർ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം അവിടെയെത്തിയാണ് ഇവരെ പിടികൂടിയത്. ഇവരുടെ വെളിപ്പെടുത്തൽ മുഖവിലക്കെടുക്കുന്നില്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

2013 ഡിസംബർ 21-നാണ് അബ്ദുള്ളയും ഭാര്യ ഹൗസിയയും മകൻ ജാബീറും പെരുമ്പാവൂർ കണ്ടന്തറ പട്ടരുമഠം സലീമിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഫാവാസ് ജ്വലറിയിൽ നിന്നും 32 കിലോയോളം സ്വർണം കരസ്ഥമാക്കിയത്.

ജ്വലറി വിപൂലീകരിക്കാമെന്നും പങ്കാളിത്ത വ്യവസ്ഥയിൽ നടത്താമെന്നും രേഖാമൂലം കരാറിലേർപ്പെട്ട പുതിയ ഡിസൈനുകളിൽ ആഭരണങ്ങൾ നിർമ്മിക്കുന്നതിനായി ഇവർ സലീമിനോട് സ്വർണം ആവശ്യപ്പെടുകയായിരുന്നു.

30 കിലോയിൽപരം സ്വർണം വീതമെടുത്ത് സ്ഥാപനം വിപുലീകരിക്കാമെന്നായിരുന്നു ഇരുവരും തമ്മിലുണ്ടാക്കിയ വ്യവസ്ഥ. ഇതുപ്രകാരം സലീമിന്റെ വിഹിതമായ സ്വർണം അബ്ദുള്ളക്ക് കൈമാറി. തുടർന്നു മാസങ്ങൾ കഴിഞ്ഞിട്ടും ആഭരണമെത്താതായതോടെയാണ് സലീമിന് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

അബ്ദുള്ള നേരത്തെ അറസ്റ്റിലായിരുന്നു. കോടികളുടെ തട്ടിപ്പ് കേസിൽ അറസ്റ്റിലായ അബ്ദുള്ളക്ക് പൊലീസ് കസ്റ്റഡിയിലും ജയിലിലും സുഖസൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ആരോപണമുയർന്നിരുന്നു.

ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് കോടികൾ വിലമതിക്കുന്ന അബ്ദുള്ളയുടെ തൃത്താലയിലെ വീട് സ്ഥിതിചെയ്യുന്നത്.സിസി ടിവി സൗകര്യമുൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളും ഇവിടെ ഏർപ്പെടുത്തിയിരുന്നു.