ദോഹ: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ ശരാശരി ശമ്പളം 1571 റിയാലാണെന്ന് സർവേ. ഖത്തറിൽ ഗാർഹിക തൊഴിലാളികൾക്ക് കുവൈറ്റിലെ ഡൊമസ്റ്റിക് ഹെൽപ്പർമാരെക്കാൾ കൂടുതൽ ശമ്പളം ലഭിക്കുന്നുണ്ട്. അതേസമയം സൗദി അറേബ്യയിലും ഇതേ രീതിയിൽ തന്നെയാണ് ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നതെന്ന് ഓൺലൈൻ റിക്രൂട്ടമെന്റ് സ്ഥാപനം നടത്തിയ സർവേയിൽ വെളിപ്പെട്ടിരിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ യുഎഇയിലാണ് പൊതുവേ ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ ശമ്പളം ലഭിക്കുന്നത്. പ്രതിമാസം 1592 ദിർഹമാണ് യുഎഇയിൽ ഇവർക്ക് ശമ്പളമായി ലഭിക്കുന്നത്. അതേസമയം 3500 റിയാൽ വരെ ഗാർഹിത തൊഴിലാളികൾക്ക് നൽകുന്ന കുടുംബങ്ങൾ ഖത്തറിലുണ്ടെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.

ഖത്തറിൽ 84,000 ഗാർഹിക ജോലിക്കാരുണ്ടെന്നാണു കണക്ക്. ഇവരെ തൊഴിൽ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കുറഞ്ഞ ശമ്പളം കാരണം ചില രാജ്യങ്ങൾ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇന്തോനീഷ്യ ഗാർഹിക തൊഴിലാളികളെ ഗൾഫിലേക്കു വിലക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ സർക്കാർ ഏജൻസികൾ മുഖേന മാത്രമേ റിക്രൂട്ട് ചെയ്യാൻ പാടുള്ളൂവെന്നു കേന്ദ്ര സർക്കാരും നിബന്ധന വച്ചിട്ടുണ്ട്.

30 വയസ്സു കഴിഞ്ഞ വനിതകളെ മാത്രമേ വീട്ടു ജോലിക്കായി അയയ്ക്കൂവെന്നും നിബന്ധനയുണ്ട്. ഗാർഹിക തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ടു പരിഹരിക്കുന്നതിനായി ജിസിസി രാജ്യങ്ങളിലെ ചേംബർ ഓഫ് കൊമേഴ്‌സ് ഫെഡറേഷൻ മുൻകയ്യെടുത്തു വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തി വരികയാണ്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി ജിസിസി തലത്തിൽ ഫീസ് ഏകീകരിക്കണമെന്നും ഗാർഹിക തൊഴിലാളിനിയമങ്ങൾക്കും ഏകീകൃത സ്വഭാവം വേണമെന്നും ആവശ്യമുയർന്നിരുന്നു. ഒരു രാജ്യത്തു നിന്ന് ഓടിപ്പോയ ഗാർഹിക തൊഴിലാളിക്ക് മറ്റെല്ലാ ജിസിസി രാജ്യങ്ങളിലും വിലക്കു വരുന്ന സംവിധാനം വേണം.

രാജ്യത്ത് പൊതുവേ മോശം ശമ്പളം ലഭിക്കുന്ന തൊഴിലാണ് ഡൊമസ്റ്റിക് ഹെൽപ്പർമാർ എന്നാണ് കണക്കാക്കുന്നത്. മറ്റുള്ളവരെക്കാൾ കൂടുതൽ നേരം തൊഴിൽ ചെയ്യാൻ നിർബന്ധിരാകുന്നുവെന്നും റിപ്പോർട്ടിൽ വെളിപ്പെട്ടിട്ടുണ്ട്.