തിരുവനന്തപുരം: കുടുംബശ്രീയിൽ അല്ലേ നിന്റെ അമ്മ ജോലി ചെയ്യുന്നത് അപ്പോ പിന്നെ നിനക്ക് ഏവിയേഷൻ അല്ലാതെ വേറെന്തെങ്കിലും പഠിച്ചാൽ പോരായിരുന്നോടി, വിവാഹിതയായ നീ ഇതൊന്നും പഠിക്കേണ്ട കാര്യവുമില്ല, കല്യാണം കഴിച്ചവളുമാരൊക്കെ ഇവിടെ വരുന്നത് മറ്റുള്ള കുട്ടികൾക്ക് വേണ്ടാത്തത് പറഞ്ഞ് പഠിപ്പിക്കാനാണോ ചോദ്യങ്ങളും അധിക്ഷേപങ്ങളും പരിഹാസവും ഒറ്റപ്പെടുത്തലും സഹിക്കാവുന്നതിനുമപ്പുറമായിരുന്നു ആതിരയ്ക്ക്. കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടിയത് ദളിത് പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നു.

തിരുവനന്തപുരം തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷൻ കോളജിലെ ബിബിഎ ഏവിയേഷൻ രണ്ടാം വർഷ വിദ്യാർത്ഥിനി ആതിരയാണ് ആത്മഹത്യക്കു ശ്രമിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ പഠനത്തിന്റെ ഭാഗമായി ഇന്റേൻഷിപ്പിന് എത്തിയപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം.കഴിഞ്ഞ 30 ാം തീയതിയായിരുന്നു സംഭവം നാലു നിലയുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലാണ് വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. ജാതി ആക്ഷേപത്തെ തുടർന്ന് മനംനൊന്ത വിദ്യാർത്ഥിനി ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നും താഴേയ്ക്കു ചാടുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ പെൺകുട്ടി ഇപ്പോഴും അതീവ ഗുരുതര അവസ്ഥയിൽ തുടരുകയാണ്. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും പെൺകുട്ടിയെ അധിക്ഷേപിക്കാൻ കൂടിയിരുന്നതായും പറയുന്നു. രണ്ട് വർഷം മുൻപാണ് ആതിര ഇവിടെ ഏവിയേഷൻ കോഴ്സിന് ചേർന്നത്. ഇൻസ്റ്റിട്യൂട്ടിലെ പ്രധാനാധ്യാപികയും ഇവരുടെ നിർദ്ദേശമനുസരിച്ച് ചില വിദ്യാർത്ഥിനികളും ദളിത് വിഭാഗത്തിൽ പെട്ട ആതിരയെ അധിക്ഷേപിക്കുന്നത് പതിവായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.

വളരെ താൽപര്യത്തോടെയും ആഗ്രഹത്തോടെയുമാണ് പെൺകുട്ടി ഈ കോഴ്സിന് ചേർന്നത്. ഇതിനിടയിൽ പെൺകുട്ടി വിവാഹിതയാവുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം ക്ലാസിലെത്തിയപ്പോഴാണ് അധിക്ഷേപം തുടങ്ങിയത്. ഒരു തെറ്റും ചെയ്യാത്ത കാര്യത്തിനും പെൺകുട്ടിയെ കുറ്റപ്പെടുത്തുന്നത് പതിവാവുകയായിരുന്നു. വിവാഹം കഴിച്ചവരൊന്നും ഇവിടെ പടിക്കാൻ വന്ന് മറ്റുള്ളവർക്ക് വേണ്ടാത്തത് പറഞ്ഞ് കൊടുത്ത് സ്ഥാപനത്തിന്റെ അന്തസ്സ് കളയണ്ട തുടങ്ങി നിരവധിയായിരുന്നു ആക്ഷേപങ്ങൾ.

ക്ളാസിൽ ഒരു വിദ്യാർത്ഥിനിക്ക് മാർക്ക് കുറഞ്ഞാലോ അല്ലെങ്കിൽ പഠനത്തിൽ പിന്നോട്ട് പോയാലോ അതിന്റെ കാരണക്കാരി ആതിരയാണെന്ന രീതിയിലായിരുന്നു പലപ്പോഴും അധിക്ഷേപങ്ങൾ. ആതിരയെപ്പോലെ ആകാനാണോ ഉദ്ദേശം എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പെൺകുട്ടിയുടെ മുന്നിൽ വെച്ച് മറ്റ് വിദ്യയാർഥിനികളഓട് ചോദിച്ചിരുന്നത്. ഇത്തരത്തിലുള്ള പരിഹാസങ്ങൾ അതിര് കടന്നതോടെ പലപ്പോഴും പെൺകുട്ടി കരഞ്ഞ് കലങ്ങിയ കണ്ണുകളുമായിട്ടാണ് വീട്ടിലെത്തിയത്. എന്താണ് കാര്യമെന്ന് പെൺകുട്ടിയോട് പലപ്പോഴും തിരക്കിയെങ്കിലും ഒന്നും തുറന്ന് പറഞ്ഞില്ലെന്നാണ് ഭർത്താവ് പ്രശാന്ത് മറുനാടൻ മലയാളിയോട് പറഞ്ഞത്.

ഇടയ്ക്ക് വച്ച് പെൺകുട്ടി ഇവിടെ പഠിക്കുന്നതിൽ നിന്ന് പിന്തിരിയുകയും ചെയ്തിരുന്നു. എന്നാൽ നാല് ലക്ഷത്തോളം രൂപയാണ് കോഴ്സ് ഫീസ്, ഇതിന്റെ പകുതിയോളം തുക ഫീസായി അടച്ചിരുന്നു. വീട്ടുജോലിക്കും മറ്റും പോയി അമ്മ തന്റെ ആഗ്രഹം സാധിക്കാൻ വേണ്ടി അയച്ചതാണല്ലോ എന്നോർത്താണ് പെൺകുട്ടി പഠനം തുടർന്നതെന്നും ഭർത്താവും ബന്ധുക്കൾ പറയുന്നു. തന്നെ അധിക്ഷേപിക്കാൻ നേതൃത്വം നൽകിയിരുന്ന പെൺകുട്ടികളുടെ പേരും മറ്റ് വിവരങ്ങളും പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

കോഴ്സിന്റെ ഭാഗമായി എയർപ്പോർട്ടിലെ നേരിട്ടുള്ള ട്രെയിനിങ്ങ് പൂർത്തിയാക്കാനായി പോയപ്പോഴാണ് പെൺകുട്ടിക്ക് അപകടം സംഭവിച്ചതും. തന്നെ നിരന്തരം അപമാനിച്ച സഹപാഠികളുമായി ചേർന്ന് ദൂരെ സ്ഥലത്തേക്ക് പോകാൻ ബുദ്ധിമുട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞുവെങ്കിലും പോയില്ലെങ്കിൽ കോഴ്സിന്റെ ഭാഗമായുള്ള 300 മാർക്കോളം നഷ്ടമാകുമെന്നും അതില്ലെങ്കിൽ പരീക്ഷ പാസാകില്ലെന്നും ഇത്രയും പണം ചെലവാക്കിയതല്ലേയെന്നും ബന്ധുക്കൾ പറഞ്ഞതനുസരിച്ചാണ് കുട്ടി ട്രെയിനിങ്ങിന് പോകാൻ തീരുമാനിച്ചത്.

ട്രെയിനിങ്ങിനെത്തി ഹോസ്റ്റലിലാണ് എന്നും എയർപോർട്ടിന് അടുത്താണെന്നുമൊക്കെയാണ് പറഞ്ഞതെങ്കിലും സമീപത്തെ ഒരു വലിയ ലോഡ്ജിലാണ് തങ്ങളെ താമസിപ്പിച്ചിരുന്നതെന്ന്ബന്ധുക്കൾ പറയുന്നു. ഇവിടെ വെച്ച് സഹപാഠികൾ പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഉൾപ്പടെ പിടിച്ച് വാങ്ങിയിരുന്നുവെന്നും പിന്നീട് മുറി അകത്ത് നിന്നും പൂട്ടിയ ശേഷം പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ലെന്നും കുട്ടി ബന്ധുക്കളോട് പറയുകയായിരുന്നു. പിന്നീട് ഒരു കുട്ടി കുളിക്കാൻ പോയ നേരത്ത് ആതിര പുറത്തോട്ടിറങ്ങിയപ്പോൾ മറ്റ് പെൺകുട്ടികൾ ഇവരെ പിടിക്കാനായി പിന്നാലെ ഓടുകയായിരുന്നു. താഴേക്ക് പോകേണ്ട പെൺകുട്ടി പെട്ടെന്ന് മുകളിലത്തെ നിലയിലേക്കാണ് ഓടി കയറിയത്. നാലാം നിലയിലേക്ക് കടക്കുമ്പോൾ കൈവരിയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് കാരണം കുട്ടി താഴേക്ക് വീഴുകയായിരുന്നു.

സംഭവം നടന്ന ഉടനെ തന്നെ കൊണ്ടോട്ടി പൊലീസ് സ്ഥലതെത്തിയിരുന്നു. കുട്ടികളെ ഇവിടെ ലോഡ്ജിൽ എത്തിച്ച ശേഷം കോഴ്സിന്റെ ഭാഗമായി ആരും തന്നെ ഇൻസ്റ്റിട്യൂട്ടിൽ നിന്നും എത്തിയിട്ടില്ലെന്നും ലോഡ്ജ് ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇടയ്ക്ക് കോഴിക്കോട് പെൺകുട്ടിയെ കാണാൻ ലോഡ്ജിലെത്തിയ ബന്ധുക്കളെയും സഹപാഠികൾ അപമാനിച്ചുവെന്നും പരാതിയുണ്ട്. ലോഡ്ജ് ആയതുകൊണ്ട് തന്നെ പെൺകുട്ടിയുടെ ബന്ധുക്കൾ താഴത്തെ നിലയിൽ റൂം എടുത്തിരുന്നു. ഇടയ്ക്ക് കുട്ടിയുടെ അപ്പച്ചി മുറിയിൽ വന്ന് കുളിച്ചതിന്റെ പേരിൽ അവർ ഇവിടെ വന്നത് കുളിമുറിയൽ ക്യാമറ വയ്ക്കാനല്ലേടീ, പിന്നെ താഴെ വന്നിരിക്കുന്നവൻ നിന്റെ തന്ത തന്നെയാണോ എന്നതുൾപ്പടെയായിരുന്നു പെൺകുട്ടിയോട് സഹപാഠികളുടെ ചോദ്യം.

തമ്പാനൂരിലെ സ്വകാര്യ സ്ഥാപനത്തിന് അംഗീകാരമില്ലെന്നുൾപ്പടെ പരാതികളുയരുന്നുണ്ട്. ഇവിടെ നിന്നും പഠിച്ചിറങ്ങയതിൽ സെലക്ഷൻ കിട്ടിയ കുട്ടികളെ കൊണ്ട് ക്ലീനിങ്ങ് ഉൾപ്പടെയുള്ള ജോലികളാണ് ചെയ്യിപ്പിച്ചതെന്നും ആതിര ചില വിദ്യാർത്ഥികളോട് പറഞ്ഞതാണ് മാനേജ്മെന്റിന് വൈരാഗ്യത്തിന് കാരണമായതെന്നും പരാതിയുണ്ട്. എപ്പോഴും കരഞ്ഞ് മാത്രം കുട്ടിയെ കണ്ട സഹപാഠിയായ ഒരു ആൺകുട്ടി ഇക്കാര്യം പ്രിൻസിപ്പാളിനോട് ചോദിക്കുകയായിരുന്നു. പഠിക്കാൻ വന്നാൽ സ്വന്തം കാര്യം നോക്കി പൊയ്ക്കോണം എന്നാണ് ആ വിദ്യാർത്ഥിയോട് മാനേജ്മെന്റ് പറഞ്ഞത്. പിന്നീട് ആ വിദ്യാർത്ഥിക്ക് പഠനം അവസാനിപ്പേണ്ടി വരികയും ചെയ്തു.

എന്തായാലും ആതിരയുടെ അവസ്ഥ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മന്ത്രി എകെ ബാലനുൾപ്പടെ പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ. ഒത്ത് തീർപ്പിന് വേണ്ടി സ്ഥാപനത്തിനായി രണ്ട് ഇടനിലക്കാർ തങ്ങളെ വന്ന് കണ്ട ശേഷം അവരുടെ കൈയിൽ ഒരുപാട് കാശൊക്കെ ഒള്ളതാണ് ഒത്ത് തീർപ്പാക്കുന്നതാണ് നല്ലതെന്നുൾപ്പടെ ആവശ്യപ്പെട്ടെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ബന്ധുക്കൾ പറയുന്നത്.