- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചു കുട്ടിയെ വരെ 'അർബൻ നക്സലാക്കി' പൊലീസ് അറസ്റ്റുകൾ; പൊലീസ് ചുമത്തുന്ന ഗുണ്ടകൾക്കും കൊടു ക്രിമിനലുകൾക്കുമെതിരെ ചുമത്തുന്ന വകുപ്പ്; ആവിക്കൽ സമരത്തെ അടിച്ചമർത്താൻ ഭരണകൂട നീക്കം; പ്രതിരോധിക്കാൻ സമര സമിതിയും; മലിനജല സംസ്‌കരണ കേന്ദ്രത്തിൽ പ്രക്ഷോഭം ആളിക്കത്തും
കോഴിക്കോട്: മലബാർ മേഖലയിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതത്തിന് ഇടയാക്കുന്ന വെള്ളയിൽ പുതിയകടവ് ആവിക്കൽ തോടിന് സമീപം നിർമ്മിക്കുന്ന മലിനജല സംസ്‌കരണ കേന്ദ്ര (സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്)ത്തിനെതിരായ സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം.പ്രക്ഷോഭത്തെ എന്തുവിലകൊടുത്തും അടിച്ചമർത്തുന്നതിന്റെ ഭാഗമായി പൊലിസ് വ്യാപകമായി അറസ്റ്റുമായി രംഗത്തുണ്ട്. ഇതിനിടെയാണ് പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കം.
ബുധനാഴ്ച് മൂന്നു പേരെയാണ് ഇവിടെ അറസ്റ്റ് ചെയ്തതെന്ന് സമരസമിതി വെളിപ്പെടുത്തി. ഇതിൽ ഒരാളെ പ്രായപൂർത്തിയാവാത്തതാണെന്നു പിന്നീട് ബോധ്യപ്പെട്ടതിനാൽ പൊലിസ് വിട്ടയക്കുന്ന സ്ഥിതിയുമുണ്ടായി. പൊലിസിന് ഇതും നാണക്കേടായിരിക്കുകയാണ്. അറസ്റ്റിന് നേതൃത്വം നൽകിയവരെ സിപിഎം നേതൃത്വവും പൊലിസിന്റെ തലപ്പത്തുള്ളവരും ശാസിച്ചതായും വിവരമുണ്ട്. അർബൻ നക്‌സലുകളാണ് സമരത്തിന് പിന്നിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി മോഹനനും ആരോപിച്ചിരുന്നു.
ഓരോ വീടുകളിലും പൊലിസ് സംഘം കയറിയിറങ്ങുന്ന സ്ഥിതിയായതിനാൽ തീരദേശത്തെ വീടുകളിലുള്ളവർ കടുത്ത ഭീതിതിയോടെയാണ് കഴിയുന്നത്. പലപ്പോഴും വീടുകളിൽ എത്തുന്ന പൊലിസ് തട്ടിൻപുറംവരെ അരിച്ചുപെറുക്കിയാണ് പുറത്തിറങ്ങുന്നത്. പരിശോധനക്കിടയിൽ കണ്ടെത്തുന്നവരെയാണ് അതിവേഗം അറസ്റ്റു ചെയ്യുന്നത്. പൊലിസിന്റെ വീടുകയറിയുള്ള തിരച്ചലിലും ശക്തമായ സാന്നിധ്യവും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരമേഖലയിൽ കുട്ടികളെയും സ്ത്രീകളെയുമെല്ലാം കടുത്തഭീതിയിലാക്കിയിരിക്കുകയാണെന്നു സമരസമിതി കൺവീനർ ഇർഫാൻ ഹബീബ് വ്യക്തമാക്കി.
സമരസമിതിക്കാരെ എങ്ങനെയും അറസ്റ്റു ചെയ്യുകയെന്ന നയത്തിലേക്കു പൊലിസ് മാറിയിരിക്കയാണെന്നും അതിന്റെ ഭാഗമാണ് ഇന്നലെ മുതലുള്ള അറസ്റ്റുകളെന്നുമാണ് സമരസമിതി നേതാക്കളുടെ വിലയിരുത്തൽ. വരും ദിവസങ്ങളിലും സ്ത്രീകൾ ഉൾപ്പെടെ കൂടുതൽ പേരെ അറസ്റ്റു ചെയ്യുമന്നതിനാൽ ഇതിന് രാഷ്ട്രീയ തലത്തിൽ തടയിടാൻ സാധിക്കുമോയെന്ന ആലോചനയിലാണ് സമരസമിതി. ആവിത്തോട് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഇരുനൂറ്റി അൻപതോളം പേർക്കെതിരേയാണ് വെള്ളയിൽ പൊലിസ് കേസെടുത്തിരിക്കുന്നത്. ഇവരെല്ലാം സമരസമിതിയുടെ നേതൃത്വത്തിൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നതിനാൽ അത് തടയുകയെന്ന ലക്ഷ്യമാണ് കോടതിയിൽ ഹാജരാവുന്നതിനുള്ള തിയ്യതി നേരത്തെയാക്കുന്നതിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്. ഇത് യാഥാർഥ്യമാവുമെന്നതിനാൽ കേസ് വാറണ്ടാവാനും പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനും പൊലിസിന് കോടതിയിലൂടെ അവസരം ലഭിക്കും.
പൊലിസ് കേസ് എടുത്തവരിൽ നല്ലൊരു ശതമാനവും പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ലാത്ത മത്സ്യത്തൊഴിലാളികളും സ്ത്രീ ജനങ്ങളുമാണെന്നു സമരസമിതി ഭാരവാഹികൾ പറയുന്നു. മൂന്നിന് വെച്ച കേസ് 23ലേക്കു മാറ്റിവച്ചതായി പലരെയും ഫോണിൽ വിളിച്ചു പൊലിസ് അറിയിച്ചുകൊണ്ടിരിക്കയാണ്. കേസിൽ പ്രതിചേർക്കപ്പെട്ടെങ്കിലും അടുത്ത മാസം കോടതിയിൽ ഹാജരായാൽ മതിയെന്നു ആശ്വസിച്ച് ജോലി സംബന്ധമായും മറ്റും പലയിടങ്ങളിലേക്കും പോയവർക്ക് പൊലിസിന്റെ പുതിയ നടപടി പ്രശ്നങ്ങൾ സൃഷ്ടിക്കും. ദൂരദിക്കുകളിലേക്കു പോയവർക്ക് നാളെ ഒരു ദിവസത്തിനകം തിരിച്ചെത്തി അടുത്ത ദിവസം കോടതയിൽ കൃത്യമായി ഹാജരാവാൻ പറ്റാത്തതെയുമാവും. ഇതും ഇവരെയെല്ലാം കസ്റ്റഡിയിലേക്കു ലഭിക്കാൻ പൊലിസിന് സഹായകമാവും.
പ്രതി ചേർക്കപ്പെട്ടവർക്ക് ജാമ്യം ലഭിക്കന്നത് ഒഴിവാക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിൽ. കേസെടുത്തിരിക്കുന്നവരിൽ അറുപതോളം പേർക്കെതിരേ ഐ.പി.സി 107 ആണ് ചുമത്തിയിരിക്കുന്നത്. പ്രത്യക്ഷത്തിൽ എന്തെങ്കിലും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നവർക്കെതിരേ ചുമത്തുന്ന വകുപ്പാണ്. പ്രത്യേകിച്ചും ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരേയാണ് ഇത്തരം വകുപ്പുകൾ സാധാരണ പ്രയോഗിക്കാറെന്ന് സമരസമിതി കൺവീനർ ഇർഫാൻ ആരോപിച്ചു. പൊലിസ് കേസെടുത്തവരിൽ സ്ത്രീകൾ ഉൾപ്പെടുകയും ഇവർക്കെതിരേ 107 പോലുള്ള വകുപ്പുകൾ ചുമത്തപ്പെടുകയും ചെയ്താൽ പ്രത്യാഘാതം ഭയാനകമായിരിക്കുമന്നാണ് വിലയിരുത്തൽ.
ആവിത്തോട്ടിൽ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് വൻകിട മാളുകളിലെയും ഫ്്ളാറ്റുകളിലെയും കക്കൂസ് മാലിന്യം സംസ്‌കരിക്കലാണെന്നു സമരസമിതിയും നാട്ടുകാരും ആരോപിച്ചതാണ് ഇടതുപക്ഷ സർക്കാരിനെയും അവർ നേതൃത്വം നൽകുന്ന കോർപറേഷൻ ഭരണ സമിതിയെയും ചൊടിപ്പിച്ചത്. ഇതിലുള്ള പ്രതികാര നടപടികൾക്കാണ് കോഴിക്കോട്ടെ തീരദേശ ജനത സാക്ഷിയാവുന്നത്. കോർപറേഷനിലെ അനധികൃത നമ്പർ നൽകൽ ഉൾപ്പെടെയുള്ള അഴിമതിക്കഥകളിൽനിന്നു ശ്രദ്ധതിരിക്കുന്നതിന്റെ ഭാഗമായിരുന്നു യാതൊരു മുന്നറിയിപ്പുമില്ലാതെ മണ്ണു പരിശോധനക്കായി കോർപറേഷൻ ഉദ്യോഗസ്ഥ സംഘം വൻ പൊലിസ് സന്നാഹവുമായി പ്രദേശത്തേക്കു എത്തിയതെന്നും സമരസമിതി ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ