ലണ്ടൻ/ദുബായ്: നാട്ടിൽ നിന്നും മടങ്ങിവരുമ്പോൾ അടുത്ത സുഹൃത്തുക്കൾക്ക് വേണ്ടി അവരുടെ വീട്ടുകാർ കൊടുത്തുവിടുന്ന അച്ചാറും മറ്റ് സാധനങ്ങളും കൊണ്ടുപോകുന്നത് ഗൾഫ് പ്രവാസികളുടെ സ്ഥിരം പതിവാണ്. ഇങ്ങനെ സുഹൃത്തിനെ സഹായിക്കാൻ അച്ചാറും മറ്റും കൊണ്ടുപോകുമ്പോൾ ചതിയിൽപ്പെട്ട് അഴിയെണ്ണുന്നവരുമുണ്ട്. കാരണം ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട വസ്തുക്കളാകും പ്രവാസികൾ അവിടേക്ക് കൊണ്ടുചെല്ലുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും നിരുപദ്രവകരമായ സഹായത്തിന് നിന്നാലും ജയിലഴി എണ്ണേണ്ട അവസ്ഥയുണ്ടാകുകയും ചെയ്തു. അടുത്തിടെ യുകെയിലും ഗൾഫ് നാടുകളിലുമായി നിരവധി പേരാണ് ഇങ്ങനെ പിടിക്കപ്പെട്ടത്.

ഇന്ത്യയിൽ നിന്നും ആന്റി ബയോട്ടിക്കുകളുമായി വിമാനം കയറിയവരാണ് ബ്രിട്ടനിൽ വച്ച് പിടിക്കപ്പെട്ടത്. ഇങ്ങനെ എയർപോർട്ടിൽ പിടിക്കപ്പെട്ടാൽ മയക്ക് മരുന്ന് കടത്തിയതിന്റെ പേരിൽ ആവാം ജയിലിൽ ആവുക എന്ന് പലരും അറിയുന്നില്ല. പ്രിസ്‌ക്രിപ്ഷൻ ഉള്ള മരുന്ന് കൊണ്ട് വന്നാൽ പോലും ചില രാജ്യങ്ങളിൽ നിങ്ങൾ അകപ്പെട്ട് പോയെന്ന് വരാം. പ്രിസ്‌ക്രിപ്ഷൻ ഇല്ലാത്ത മരുന്നുമായി എത്തുന്നവർ സ്വയം അപകടം വിളിച്ച് വരുത്തുകയാണ്. അനേകം മലയാളികൾ വിവിധ രാജ്യങ്ങളിലെ എയർപോർട്ടുകളിൽ മയക്ക് മരുന്ന് കേസിൽ കുടുങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്. അവയെല്ലാം ഈ നിയമത്തിന്റെ കുഴപ്പമാണ്.

അനേകം യുകെ മലയാളികൾ വിവിധ എയർപോർട്ടുകളിൽ മരുന്നുമായി പിടിക്കപ്പെടുകയും വാണിങ് നൽകി വിട്ടയയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാൽ സൗദിയിലും യുഎഇയിലും എയർപോട്ടുകളിൽ പിടിക്കപ്പെട്ട മലയാളികളിൽ പലരും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പത്തിലധികം മലയാളികൾ ദമാം വിമാനത്താവളത്തിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മരുന്നുമായി വന്ന് പിടിയിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡോക്ടർമാരുടെ കുറിപ്പോടുകൂടി വർഷങ്ങളായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളാണ് പലരും നാട്ടിൽ നിന്നും കൊടുത്തയക്കുന്നത്. എന്നാൽ സൗദിയിൽ നിരോധിക്കപെട്ട പല മരുന്നുകളുടേയും അംശങ്ങൾ ഇത്തരം മരുന്നുകളിൽ അടങ്ങിയിട്ടുള്ളതാണ് പ്രശ്‌നങ്ങൾക്ക് കാരണം. മാത്രമല്ല തൊഴിൽ തേടി എത്തുന്ന വിദേശികൾക്ക് മരുന്നുകളൊന്നും ഇവിടേക്ക് കൊണ്ടുവരാൻ സൗദിയിലെ നിലവിലുള്ള നിയമം അനുശാസിക്കുന്നുമില്ല.

ഇത്തരത്തിൽ പിടിക്കപ്പെട്ട പലതും അനധികൃത മരുന്ന് കടത്തായി പരിഗണിക്കപ്പെടുന്നുണ്ട്. ചിലരെയൊക്കെ മയക്കുമരുന്ന് കേസിൽ രേഖപ്പെടുത്തിയതായും സൂചനയുണ്ട്. അത്തരത്തിൽ പിടികൂടിയ രണ്ട് പേരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാട് കടത്താൻ ദമാം ശരീയത്ത് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തന്റെ കുടുംബ സുഹൃത്തിനുവേണ്ടി ചെന്നൈയിൽ നിന്നും കൊണ്ടുവന്ന മരുന്നുകൾ പിടിക്കപെട്ട കേസിലാണ് ദമാം ശരീയത്ത് കോടതി കഴിഞ്ഞ ദിവസം വിധി പുറപെടുവിച്ചത്. പ്രമേഹത്തിനും, ഹൈപ്പോ തൈറോയിഡിനും വർഷങ്ങളായി കഴിച്ചുകൊണ്ടിരിക്കുന്ന 500 ഗുളികകളാണ് ഇയാളിൽ നിന്ന് അധികൃതർ പിടിച്ചെടുത്ത്.

മാനുഷിക പരിഗണനയിൽ ആദ്യം ഇവരെ വെറുതെ വിട്ടുങ്കിലും പ്രോസിക്യൂഷന്റെ അപ്പീൽ പരിഗണിച്ച് പിന്നീട് ശിക്ഷ വിധിക്കുകയുമായിരുന്നു. മരുന്നിന്റെ ആവശ്യക്കാരനും, കൊണ്ടുവന്ന ആളിനും 3 മാസം തടവും ആജീവനാന്ത വിലക്കിൽ നാടുകടത്തലുമാണ് വിധിച്ചിരിക്കുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ കോടതി പരിഗണിച്ചില്ല. സമാനമായ നിരവധി കേസുകൾ ദമാം ശരീയത്ത് കോടതിയുടെ പരിഗണനയിലുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹോമിയോ മരുന്നുമായി ബഹ്‌റൈനിൽ പിടിക്കപെട്ട മലയാളിക്ക് മരുന്നിന്റെ പരിശോധനാ ഫലം പുറത്തുവരുന്നതുവരെ ജയിലിൽ കഴിയേണ്ടി വന്നിരുന്നു.

സൗദിയിൽ സംഭവിച്ചത് പോലെ ചില സംഭവങ്ങൾ യുഎഇ വിമാനത്താവളങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നും യുകെയിലേയ്ക്ക് പോയ ചില മലയാളികൾ ദുബായ് വിമാനത്താവളത്തിൽ വച്ച് പിടിക്കപ്പെട്ട വാർത്തകൾ ആണ് ഇതിൽ പ്രധാനം. എന്നാൽ ഇവരോട് വിശദമായി ചോദിച്ച് മനസിലാക്കിയ ശേഷം മരുന്നുകൾ പിടിച്ചെടുത്ത് വെറുതെ വിടുക ആയിരുന്നു. എന്നാൽ യുഎഇയിൽ താമസിക്കുന്ന നിരവധി പേരുടെ പേരിൽ മയക്ക് മരുന്ന് കടത്തിയെന്നും അനധികൃത മരുന്നുകൾ കടത്തിയ പേരലും കേസുകൾ രജിസറ്റർ ചെയ്തിട്ടുണ്ടെന്നാണ് സൂചന. പ്രിസ്‌ക്രിപ്ഷൻ ഉള്ള ചെറിയ അളവിൽ ഉള്ള മരുന്നുകൾ പക്ഷേ യുഎഇ അനുവദിക്കുന്നുണ്ട്. ഗൾഫിലെ പല രാജ്യങ്ങളിലും മരുന്ന് കൊണ്ട് പോകുന്ന കാര്യത്തിൽ കർക്കശമായ നിയമം ആണ് നടപ്പിലാക്കുന്നത്. യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും ഒക്കെ പോകുന്ന മലയാളികളാണ് ഗൾഫ് വിമാനത്താവളത്തിൽ ഇങ്ങനെ പെട്ടുപോകുന്നതെന്നാണ് സൂചന.

മരുന്ന് കൊണ്ട് പോകുന്ന കാര്യത്തിൽ ഓരോ രാജ്യത്തും ഓരോ നിയമങ്ങൾ ആണ്. മരുന്നുകൾ മാത്രമല്ല ഇറച്ചിയോ ഇറച്ചിയിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഉല്പന്നമോ യൂറോപ്പിലെയോ അമേരിക്കയിലെയോ ഒരു രാജ്യത്തും പ്രവേശിപ്പിക്കാൻ അനുവാദമില്ല. ഇറച്ചി അച്ചാറും മറ്റും ഇട്ട് കൊണ്ട് പോകുന്നവർ പിടിക്കപ്പെട്ടാൽ വലിയ പിഴ ആയിരിക്കും നേരിടുക. അതുപോലെ തന്നെയാണ് പാലിലോ പാൽപ്പൊടിയോ ചേർന്ന ഒരു ഉൽപ്പന്നവും അനുവദിക്കാത്തത്. ധാരാളം മലയാളികൾ പാൽപ്പൊടിയും അതുൾപ്പെട്ട ഉൽപ്പന്നങ്ങളും കൊണ്ട് പോകാറുണ്ട്. എന്നാൽ ഇത് പൂർണ്ണമായും നിയമവിരുദ്ധമാണ് എന്നതാണ് സത്യം. ഉരുളക്കിഴങ്ങാണ് ഈ രാജ്യങ്ങളിൽ പൂർണ്ണമായും നിരോധിച്ചിരിക്കുന്ന മറ്റൊരു ഉല്പന്നം.

അതേ സമയം ഫ്രൂട്ട്‌സുകൾ മീനുകൾ എന്നിവയ്ക്ക് നിരോധനം ഇല്ല. എന്നാൽ അവയ്ക്കും നിയന്ത്രണം ഉണ്ട്. ഫ്രൂട്ട്‌സ്, തേൻ എന്നിവ പരമാവധി രണ്ട് കിലോ ഗ്രാം വരെ മാത്രമേ ഒരാൾക്ക് കൊണ്ട് പോകാൻ സാധിക്കൂ. പ്രൊസസ് ചെയ്ത മീനുകൾ 20 കിലോഗ്രാം വരെ കൊണ്ട് പോകാം. ചുരുക്കി പറഞ്ഞാൽ ഇറച്ചി അച്ചാറിനും നിരോധനം ഉണ്ടെങ്കിലും മീൻ അച്ചാറിന് നിരോധനം ബാധകമല്ല എന്നർത്ഥം. എന്നാൽ ഏതെങ്കിലും ബ്രാൻഡഡ് കമ്പനികളുടെ പ്രോഡക്ട് ആവണം എന്ന് നിർബന്ധം ഉണ്ട്. വീട്ടിൽ പൊടിച്ച് ഉണ്ടാക്കിയ മസാലകളും മറ്റും പൊതിഞ്ഞ് കൊണ്ട് വന്നാൽ പണി കിട്ടാൻ ഇടയുണ്ട്. കവർ പൊട്ടരുതെന്നും നിയമത്തിൽ പറയുന്നു. കറിപൗഡറുകൾ, മസാല പൊടികൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകം ആണോ എന്ന് നിയമത്തിൽ പറയുന്നില്ല. എന്നാൽ സാധാരണ ഗതിക്ക് അതൊരു പ്രശ്‌നമാവാറില്ല. പലരും കൊണ്ട് പോകാറുണ്ട് താനും.

കറി വേപ്പിലയും മറ്റും കൊണ്ട് വരുന്നവരും കരുതൽ എടുക്കണം. വിദേശത്ത് നിന്നുള്ള പ്ലാന്റുകൾ കൊണ്ട് വരണം എങ്കിൽ കൊണ്ട് വരുന്ന നാട്ടിലെ കൃഷി ഓഫിൽ നിന്നും ഈ പ്ലാന്റുകൾ പരിശോധിച്ചതാണെന്നും കിടനാശിനിയോ രോഗങ്ങളോ ഇല്ലാത്തവയാണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി കൊണ്ട് വരണമെന്നാണ് നിയമം. ഇതില്ലാതെ കൊണ്ട് വരുന്നവർ പിടിക്കപ്പെട്ടാലും കനത്ത പിഴയായിരിക്കും നേരിടുക.