ന്യൂഡൽഹി: നോർത്ത് ഇന്ത്യയിലെ ഉത്തർ പ്രദേശിലെ പ്രധാന ഭാഗങ്ങൾ അടക്കി ഭരിച്ച രാജ കുടുംബമാണ് അവധ് രാജ് വംശം. ആ കുടുംബത്തിലെ അവസാന കണ്ണിയായ രാജ കുമാരനായ അലി റാസ അന്തരിച്ചു. 58 വയസ്സുകാരനായ റാസയുടെ മരണം ഒരു രാജ വംശത്തിന്റെ അന്ത്യത്തിന് അവസാനം കുറിച്ചിരിക്കുകയാണ്.

14-ാം നൂറ്റാണ്ടിൽ ഫിറോസ്ഷാ തുഗ്ലക്ക് നിർമ്മിച്ച നായാട്ടുകേന്ദ്രത്തിലാണ് 'അവധ്' രാജകുടുംബത്തിലെ പിന്തുടർച്ചക്കാരന് ആരുമറിയാതെ അന്ത്യം സംഭവിച്ചത്. സർദാർ പട്ടേൽ മാർഗിലെ മാൾച്ച മഹലിലെ താമസക്കാരിൽ അവസാനത്തെ കണ്ണിയായിരുന്നു മരിച്ച അലി റാസ വൈദ്യുതിയോ ജലവിതരണസൗകര്യമോ ഇല്ലാത്ത കോട്ടയായിരുന്നു മാൾച്ച മഹൽ.

ഇവിടെ ആരുമറിയാതെ മരിച്ചുകിടന്ന അലി റാസയുടെ മൃതദേഹം തൊട്ടടുത്തുള്ള ഐഎസ്ആർഒ എർത്ത് സ്റ്റേഷനിലെ ജീവനക്കാരാണ് കണ്ടത്. കഴിഞ്ഞ സെപ്റ്റംബർ രണ്ടിനായിരുന്നു സംഭവം. ഇടയ്ക്കിടെ സൈക്കിൾ സവാരിക്കിറങ്ങുന്ന രാജകുമാരനെ ദിവസങ്ങളായി കാണാത്തതിനാൽ ജീവനക്കാർ കൊട്ടാരത്തിൽച്ചെന്ന് നോക്കുമ്പോഴായിരുന്നു തകരാറിലായ ടൈപ്പ്‌റൈറ്ററും ഏതാനും പിച്ചളപ്പാത്രങ്ങളും ദ്രവിച്ച വാളുമൊക്കെയായി രാജവംശത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രാജകുമാരൻ മരിച്ച് കിടക്കുന്നത് കണ്ടത്.അവകാശികളായി ആരുമെത്താത്തതിനാൽ സെപ്റ്റംബർ അഞ്ചിന് ഡൽഹി ഗേറ്റ് ശ്മശാനത്തിൽ പൊലീസുതന്നെ അലിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.


1856-ൽ ബ്രിട്ടീഷ് ഭരണകൂടം അവധ് നവാബിന്റെ സ്വത്തുക്കൾ പിടിച്ചെടുത്തിരുന്നു. പിൽക്കാലത്ത് ഇവർക്കനുവദിച്ച ഔദ്യോഗിക വസതികളൊക്കെ നിഷേധിച്ചാണ് മാറാലകെട്ടിയ മാൾച്ച മഹലിൽ അവധ് രാജകുടുംബം താമസിച്ചിരുന്നത്. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു ഈ കുടുംബത്തിന് ശ്രീനഗറിൽ ഒരു ചെറിയ കൊട്ടാരം അനുവദിച്ചിരുന്നു. അവിടെ തീപ്പിടിത്തമുണ്ടായപ്പോൾ രാജ്ഞി ബേഗം വിലായത്ത് മഹൽ മക്കളായ സക്കീനയെയും അലി റാസയെയും ഏതാനും പരിചാരകരെയുംകൂട്ടി ഡൽഹിയിലെത്തി. മാൾച്ച മഹലിൽ താമസിക്കാൻ ഒരു പോരാട്ടംതന്നെ വേണ്ടിവന്നു.

അധികൃതരോട് തന്റെ രാജകീയപ്രൗഢിക്ക് യോജിച്ച താമസസ്ഥലം ആവശ്യപ്പെട്ട അവർ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുകേന്ദ്രത്തിൽ താമസം തുടങ്ങി. അവകാശപ്പെട്ട താമസസ്ഥലത്തിനായി ആത്മഹത്യാഭീഷണിയും മുഴക്കി. വിഷയം പാർലമെന്റിൽ ഒച്ചപ്പാടായപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ട് മാൾച്ച മഹൽ അവർക്കനുവദിച്ചു. 1985 മെയ്‌ 28-ന് ബേഗവും കുടുംബവും ഇവിടേക്ക് മാറി. ഇവിടേക്ക് ആർക്കും പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. കാവൽക്കാരായി 12 നായ്ക്കളുണ്ടായിരുന്നു. ഏതാനും വിദേശമാധ്യമപ്രവർത്തകർ മാത്രമായിരുന്നു സന്ദർശകർ. 1993-ൽ ബേഗം ആത്മഹത്യചെയ്തു. നാലുവർഷംമുമ്പ് സക്കീന മരിച്ചു. ഏകാന്തജീവിതം നയിച്ച അലി റാസയും മരിച്ചതോടെ ഒരു രാജകുടുംബംകൂടി ചരിത്രമായി.

19-ാം നൂറ്റാണ്ടിലെ അവധ് കവി മിർ ബാബർ അലിയുടെ കവിതകളടക്കം ഒട്ടേറെ അമൂല്യവസ്തുക്കൾ രാജകുടുംബത്തിന്റെ ശേഖരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചരിത്രസ്മാരകമായി പ്രഖ്യാപിക്കാത്തതിനാൽ പുരാവസ്തു വകുപ്പിന് മാൾച്ച മഹൽ ഏറ്റെടുക്കാനായിട്ടില്ല.