കോഴിക്കോട്: 2021 ലെ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്കുള്ള പുരസ്‌കാര വിതരണം കോഴിക്കോട് അസ്മ ടവറിൽ പത്മശ്രീ അലി മണിക് ഫാൻ നിർവഹിച്ചു.

76 വാള്യങ്ങളിലായി ബ്രെയിൽ ലിപിയിൽ ആദ്യത്തെ ഖുർആൻ മലയാള പരിഭാഷ തയ്യാറാക്കിയ കൊണ്ടോട്ടി എബിലിറ്റി ഫൗണ്ടേഷൻ ബ്രെയിലി ട്രാൻസ്‌ക്രൈബ്രർ വി.പി മുഹമ്മദ്, ഒരേ സമയം ഇരു കൈകൊണ്ടും ഛായാചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ ആർദ്ര പി കോഴിക്കോട്, പതിനായിരത്തോളം യുവസംരഭകർക്കുപകാരപ്പെട്ട ബിസിനസ് ആപ്ലിക്കേഷൻ കണ്ടെത്തിയ എം.എ റഷീദ് മലപ്പുറം, കണ്ണുകൊണ്ട് ബലൂൺ വീർപ്പിച്ച് റെക്കോർഡ് നേടിയ ഇസ്മാഈൽ ഉമറുൽ ഫാറൂഖ് കായംകുളം, എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് അറേബ്യൻ റെക്കോർഡ് സമ്മാനിച്ചത്. ലോക്ഡൗൺ കാലത്ത് വിദ്യാർത്ഥികളുടെ നേൃത്വത്തിൽ ഏറ്റവും വലിയ പേന നിർമ്മിച്ച് റെക്കോർഡ് നേടിയ കൂടത്തായി ഹിൽവ്യൂ ഇന്റർനാഷനൽ സ്‌കൂളിനുള്ള അറേബ്യൻ പുരസ്‌കാരം മിസോറം ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള സമ്മാനിച്ചു.

സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റർ എ. സജീവൻ, എ.ഡബ്ല്യു.ആർ. ഇന്റർനാഷനൽ ജൂറി അംഗം കാർട്ടൂണിസ്റ്റ് എം. ദിലീഫ്, സംസ്ഥാന പത്രപ്രവർത്തക യൂനിയൻ മുൻ പ്രസിഡന്റ് കമാൽ വരദൂർ, എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ കെ. അഹമ്മദ് കുട്ടി, ഡോ. അബ്ദുൽ അഹദ്, മജീദ് അൽ ഹിന്ദ്, സാലിം ജീറോഡ്, റോഷ്ന, ലത്തീഫ് കുറ്റിക്കുളം, ഇർഷാദ് കെ, ഫിറോസ് എന്നിവർ സംസാരിച്ചു.

അറേബ്യൻ റെക്കോർഡിൽ ഇടം നേടിയ ബ്രെയിലി ലിപിയിൽ തയ്യാറാക്കിയ നീളം കൂടിയ ഖുർആൻ മലയാള വിവർത്തനം, ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ പേന എന്നിവയുടെ പ്രദർശനവും നടന്നു.