ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ പുരസ്‌ക്കാരം ഒരുക്കുന്നത് ഒരു മലയാളിയാണെന്ന വിവരം നമ്മളിൽ ആർക്കൊക്കെ അറിയാം. പത്ത് ലക്ഷം ഡോളർ സമ്മാന തുക വരുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ വിദ്യാഭ്യാസ പുരസ്‌ക്കാരത്തിന് ചുക്കാൻ പിടിക്കുന്നത് സണ്ണി വർഗീസ് എന്ന മലയാളിയാണ്. നമ്മുടെ കുഞ്ഞുങ്ങളെ വെളിച്ചത്തിന്റെ പാതയിലേക്ക് നയിക്കുന്ന അദ്ധ്യാപകരെ ആദരിക്കുന്ന വർക്കിയെ അഭിനന്ദിച്ച് സാക്ഷാൽ ബിൽഗേറ്റ്സ് വരെ രംഗത്തുണ്ട്.

പത്ത് ലക്ഷം ഡോളർ സമ്മാന തുകയുള്ള പുരസ്‌ക്കാരത്തിന് അപേക്ഷിച്ച 173 രാജ്യങ്ങളിൽ നിന്നുള്ള 30,000 അപേക്ഷകരിൽ നിന്നു പത്ത് പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു കൊണ്ടാണ് ബിൽഗേറ്റ്സ് വർക്കിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. ഇത് നാലാം വർഷമാണ് വർക്കിയുടെ മേൽ നോട്ടത്തിൽ ഇത്രയും വലിയ ഒരു അവാർഡ് നൽകുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് പേരാണ് ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.

വർക്കിയെ അഭിനന്ദിച്ചു കൊണ്ട് ബിൽഗേറ്റ്സ് ആണ് ടോപ്പ് ടെൺ പട്ടികയിൽ ഇടം പിടിച്ചവരുടെ പേരു വിവരങ്ങൾ പുറത്ത് വിട്ടത്. 'ഒരു നല്ല ടീച്ചർ ആയിരിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. അതാണ്  കുട്ടികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസമാണോ ലഭിച്ചത് എന്ന് നിർണ്ണയിക്കുന്നത്. വിദ്യാഭ്യാസമാണ് ജീവിത്തതിലെ അപൂർവ്വ അവസരങ്ങളിലേക്കുള്ള 'മാസ്റ്റർ സ്വിച്ച്' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് നൽകാൻ മുൻകൈ എടുത്ത വർക്കിയുടെ പ്രയത്നവും മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടനിൽ നിന്നുള്ള ടീച്ചറായ ആൻഡ്രിയ സഫിറാകോ, സൗത്ത് ആഫ്രിക്കൻ ടീച്ചറായ മജോറിയോ ബ്രൗൺ തുടങ്ങിയവരാണ് ലിസ്റ്റിൽ ഇടം പിടിച്ച പത്തു പേർ. ഇവർ കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകിയ സേവനം സ്തുത്യർഹ്യമാണ്. പഠനത്തോടൊപ്പം കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടു വരാനും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനെ പ്രോത്സാഹിപ്പിച്ചും സ്തുത്യർഹ്യമായ സേവനങ്ങൾ നൽകിയാണ് ഇവർ പട്ടികയിൽ ഇടംപിടിച്ചത്.

കുട്ടികൾക്ക് വ്യത്യസ്തമായ രീതിയിൽ പ്രചോദനമായതും കുട്ടികള പഠിക്കാൻ സഹായിച്ചതിനുമാണ് ഇവരെ ആദരിക്കുന്നത്. ക്ലാസ്റൂമുകളിൽ പുതിയ പുതിയ കണ്ടു പിടിത്തങ്ങൾ നടത്തിയതിനും സഹപ്രവർത്തകരായ അദ്ധ്യാപകരെ പ്രചോദനമായതിനും അടക്കമുള്ള സേവനങ്ങളും അവാർഡ് ദാനത്തിനായി പരിഗണിക്കും.

173 രാജ്യങ്ങളിൽ നിന്നുള്ള 30,000 അപേക്ഷകളാണ് ആദ്യം ലഭിച്ചത്. ഇതിൽ നിന്നും ആദ്യ 50 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. പിന്നെ പട്ടിക പത്തായി ചുരുക്കുകയായിരുന്നു. മാർച്ച് 18ന് ദുബായിൽ നടക്കുന്ന ഗ്ലോബൽ എഡ്യൂക്കേഷൻ ആൻഡ് സ്‌കിൽസ് ഫോറത്തിന്റെ ചടങ്ങലായിരിക്കും ടോപ്പ് ടെൺ ലിസ്റ്റിൽ നിന്നും ജേതാവിനെ കണ്ടെത്തുക. അവിടെ വെച്ച് തന്നെ 10 ലക്ഷം യുഎസ് ഡോളർ എന്ന സമ്മാനതുകയും കൈമാറും.

2010ലാണ് വർക്കിയുടെ മകനായ സണ്ണി വർക്കി ജിഇഎംഎസ് ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങുന്നത്. കിൻഡർ ഗാർഡന് മുതൽ 12-ാം ക്ലാസ് വരെ പടിപ്പിക്കുന്ന അദ്ധ്യാപകരുടെ സേവനത്തിനാണ് അവാർഡ് നൽകുന്നത്. യുണെസ്‌കോ, യുണിസിഫ്, ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് തുടങ്ങിയ സംഘടനകളും വർക്കി ഫൗണ്ടേഷനുമായി പങ്കാളികളാണ്.

വർക്കി ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം വികസിത രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അദ്ധ്യാപകർക്ക് പരിശീലനം നൽകി ആഗോളതലത്തിലുള്ള അദ്ധ്യാപകരുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ്. വിവിധ തരത്തിലുള്ള പ്രോഗ്രാമുകളിലൂടെയും പ്രോജക്ടുകളിലൂടെയും വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക, ലോകവ്യാപകമായി വിദ്യാഭ്യാസ നയങ്ങൾ വികസിപ്പിക്കാൻ ഗവേഷണങ്ങൾ നടത്തുക എന്നിവയും ഇവരുടെ ലക്ഷ്യത്തിൽ പെടുന്നു.

2013ലാണ് ഗ്ലോബൽ എഡ്യൂക്കേഷൻ ആൻഡ് സ്‌കിൽസ് ഫോറം യുണെസ്‌കോയുടെയും യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ സ്ഥാപിതമാകുന്നത്. 2013ൽ ഇത് ഉദ്ഘാടനം ചെയ്തതും ബിൽക്ലിന്റൺ ആയിരുന്നു.