മുംബൈ: ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി മുംബൈ പ്രഗൽഭരായ പൂർവ്വ വിദ്യാർത്ഥികൾക്കു ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്സ്‌ക്കാരം ഡോ. ശാന്തികുമാർ നായർക്ക് ലഭിച്ചു. അമൃത യൂണിവേഴ്‌സിറ്റിയുടെ അമൃത സെന്റർ ഫോർ നാനോ സയൻസസ് ആൻഡ് മോളിക്യുലർ മെഡിസിൻ വിഭാഗം ഡയറക്ടറും ഡീൺ ഓഫ് റിസർച്ചറുമാണ് ഡോ:ശാന്തികുമാർ നായർ.

നാനോ സയൻസസ് ആൻഡ് മോളിക്യുലർ വിഭാഗത്തിൽ ഗവേഷണ, പാഠ്യേതര വിഷയങ്ങളിൽ ഡോ:ശാന്തികുമാർ നടത്തിയ മികച്ച നേട്ടങ്ങൾക്കാണ് ഈ അവാർഡ് നൽകിയത്. നാനോ മെഡിസിൻ, ടിഷ്യു എഞ്ചീനീയറീങ്ങ്, എനർജി കൺവേർഷൻ, സ്‌റ്റോറേജ് ഡിവൈസസ്സ് തുടങ്ങിയ മേഖലയിൽ അദ്ദേഹം നടത്തിയ കണ്ടുപിടുത്തങ്ങൾ ലോകോത്തരമായി അറിയപ്പെടുന്നു.

1976-ൽ മുംബൈ ഐഐടിയിൽ നിന്നും ബിടെക് (Metallurgical Engineering) കരസ്ഥമാക്കിയ ശേഷം യുഎസ്എയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും മറ്റീരിയൽ സയൻസസിൽ എം എസും, പി. എച്ച് ഡിഗ്രിയും കരസ്ഥമാക്കി. 1985-ൽ യുഎസ്എയിലെ യൂണിവേഴ്‌സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയർ വിഭാഗത്തിൽ ഫാക്കുൽറ്റിയായി പ്രവർത്തിച്ചു. 2006-ലാണ് അമൃത യൂണിവേഴ്‌സിറ്റിയിൽ നാനോ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ഡീൻ ഓഫ് റിസർച്ചറായി പ്രവർത്തനമാരംഭിച്ചത്. അദ്ദേഹത്തിന്റെ നേത്യത്വത്തിൽ അമൃത നാനോ സയൻസസ് ആൻഡ് റിസർച്ച് സെന്റർ ആൻഡ് മോളിക്യുലർ വിഭാഗത്തിൽ 350-തോളം ഗവേഷണ പ്രബന്ധങ്ങളും, 23 പിഎച്ച്ഡി ബിരുദവും, ഒരു ഡസനിലധികം പുതിയ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്.