ആലപ്പുഴ. കുട്ടാനാടിന്റെ പ്രളയദുരിതങ്ങളുടെ കണ്ണീരിൽ ശുചീകരണത്തിനിറങ്ങിയ മന്ത്രിമാർക്ക് കടൽ കടന്നും കൈയടി. സി.എൻ.എൻ ചാനലിലൂടെ വാർത്തയറിഞ്ഞ ജർമ്മൻ കമ്പനി നാലര ലക്ഷം രൂപയുടെ ക്ലീനിങ്ങ് മെഷിനും ഇവർക്ക് സമ്മാനമായി കേരളത്തിലെത്തിച്ചു. മന്ത്രിമാരായ ജി.സുധാകരനും ,തോമസ് ഐസകും കുട്ടനാട്ടിലെ കൈനകരിയിൽ വെള്ളം കയറിയിറങ്ങിയ വീടുകളിൽ നടത്തിയ ശുചീകരണമാണ് അന്താരാഷ്ട്ര ചാനലിൽ പ്രാധാന്യത്തോടെ പ്രചരിച്ചത്.

വെള്ളവും ചെളിയും നിറഞ്ഞ വീടിന്റെ അകത്തളങ്ങളിൽ മറ്റുള്ളവർക്കൊപ്പം ചൂലും ബ്രഷുമായി ശുചീകരണം നടത്തുന്ന മന്ത്രിമാരുടെ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിലും ചർച്ചയാവുകയായിരുന്നു. മന്ത്രിമാർ യാതൊരു സങ്കോചവും കൂടാതെ പ്രളയാനന്തര ശുചീകരണ പ്രക്രിയയിൽ പങ്കാളിയാവുന്ന ചിത്രങ്ങളാണ് സി.എൻ.എൻ ചാനൽ കാണിച്ചത്. ദ്യശ്യങ്ങൾ ചാനലിൽ കാണാനിടയായ കാർക്കർ ക്ലീനിങ്ങ് സിസ്റ്റംസ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ റൂഡിഗർ ഷ്രൂഡറാണ് ജർമ്മൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പതിനഞ്ച് ആധുനിക ക്ലീനിങ്ങ് മെഷിനുകളുമായി ആലപ്പുഴയിലേക്ക് നേരിട്ടെത്തിയത്.

സംസ്ഥാനത്തെ മന്ത്രിമാർ തന്നെ നേരിട്ട് ഇങ്ങനെ നാടിന്റെ ശുചിത്വപ്രക്രിയയിൽ ഇടപെടുന്നത് തങ്ങളെ അത്്ഭുതപ്പെടുത്തയതായി ഷ്രൂഡർ പറഞ്ഞു.വാർത്ത കണ്ട ഉടനെ കേരളത്തിലെ ചാനൽ പാർടണറായ ഗിരീഷ് നായരുമായി ഷ്രൂഡർ ബന്ധപ്പെടുകയായിരുന്നു. ജനറൽ മാനേജറായ ശ്രീജിത്ത് മുഖേന മന്ത്രിമാരെ നേരിട്ട് കാണാനുള്ള താൽപ്പര്യവും അറിയിച്ചു. തുടർന്ന് ശ്രീജിത്ത്് സുഹൃത്തായ ചെങ്ങന്നൂരിലെ അഡ്വ.ജയചന്ദ്രൻ മുഖേന മന്ത്രിയെ നേരിട്ട് കാണാൻ അവസരമൊരുക്കുകയായിരുന്നു.

മന്ത്രി ജി.സുധാകരൻ ക്ലീനിങ്ങ് മെഷിൻ ഷ്രൂഡറിൽ നിന്നും ഏറ്റുവാങ്ങി. പതിനഞ്ച് മെഷിനുകളിൽ ആവശ്യമുള്ളവ ഫയർഫോഴ്സിന്റെ വിവിധ വിഭാഗങ്ങൾക്ക് നൽകാൻ മ്ന്ത്രി നിർദ്ദേശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ക്ലീനിങ്ങ് യന്ത്രങ്ങൾ ഇനിയും ആവശ്യമുണ്ടെങ്കിൽ എത്തിക്കാമെന്ന വാഗ്ദാനവും നൽകിയാണ് കമ്പനി എം.ഡി മടങ്ങിയത്. ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ സ്പെഷ്യൽ ഓഫീസർ പി.വേണുഗോപാൽ , ജില്ലാ കളക്ടർ എസ്.സുഹാസും സന്നിഹിതരായിരുന്നു.