തിരുവനന്തപുരം: ശബരിമലയിൽ ലിംഗ നീതിക്കാണ് സുപ്രീംകോടതിയുടെ വിധി. അതായത് യുവതികളേയും അവിടെ കയറ്റണം. ഇതിന് വേണ്ടിയാണ് കേരളാ പൊലീസിനെ പിണറായി സർക്കാർ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന വിശ്വാസത്തിൽ ചില യുവതികൾ പമ്പയിലും നിലയ്ക്കലിലും എല്ലാം എത്തി. എന്നാൽ പതിനെട്ടാംപടി ചവിട്ടാൻ ഒരു യുവതിയേയും പൊലീസ് സമ്മതിച്ചില്ല. അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയച്ചു. ശബരിമല ശാസ്താവിനെ കാണാൻ രണ്ട് തവണ എത്തിയ മേരി സ്വീറ്റിയെ പൊലീസ് ഒരിക്കൽ പോലും ലക്ഷ്യത്തിൽ എത്താൻ സമ്മതിച്ചില്ല. അപ്പോഴും കേരളാ പൊലീസ് അഭിമാന പുളകിതരാണ്. പിണറായി സർക്കാരും അങ്ങനെ തന്നെ.

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് തട്ടിക്കയറുന്ന എസ് പി യതീഷ് ചന്ദ്ര. മരക്കൂട്ടത്ത് നിന്ന് കെപി ശശികലയെ അറസ്റ്റ് ചെയ്തവർ. ഇവരെല്ലാം സർക്കാരിന് അഭിമാനമാണ്. ഈ സാഹചര്യത്തിൽ ശബരിമലയിലെ ആദ്യഘട്ട ഡ്യൂട്ടിക്കു നേതൃത്വം നൽകിയ മുഴുവൻ ഉന്നത ഉദ്യോഗസ്ഥർക്കും അനുമോദനപത്രം നൽകാൻ സർക്കാർ തീരുമാനിച്ചു. ഐജിമാരായ മനോജ് ഏബ്രഹാം, വിജയ് സാക്കറെ എന്നിവർക്കും യതീഷ് ചന്ദ്ര, ഹരിശങ്കർ എന്നിവരടക്കം 9 എസ്‌പിമാർക്കും 22 ഡിവൈഎസ്‌പിമാർക്കും 32 സിഐമാർക്കുമാണ് ഗുഡ് സർവീസ് എൻട്രി നൽകുക. സന്നിധാനത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന 13 വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും അനുമോദനമുണ്ട്. ഇതോടെ സോഷ്യൽ മീഡിയ പ്രതികരണവുമായി എത്തുകയാണ്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനാണോ ഈ ഗുഡ് സർവ്വീസ് എൻട്രിയെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോടു മോശമായി പെരുമാറിയെന്ന് യതീഷ് ചന്ദ്രയ്‌ക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഇതൊന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ കാര്യമാക്കുന്നില്ല. മറിച്ച് ക്രമസമാധാനവും സുരക്ഷയും പാലിക്കുന്നതിലും സന്നിധാനത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിലും ഉദ്യോഗസ്ഥർ മികച്ച സേവനം നടത്തിയെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ. ഇത് ശരിയുമാണ്. സന്നിധാനത്തേക്ക് സ്ത്രീകളെ കയറ്റി വിടാതെയാണ് ഇത് പാലിച്ചതെന്നതാണ് വസ്തുത. ആർ എസ് എസുകാരെ മല ചവിട്ടാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയത്. എന്നാൽ എല്ലാ ദിവസവും പരിവാറുകാർ സന്നിധാനത്ത് നാമജപം നടത്തുന്നു. യുവതികൾ മരക്കൂട്ടത്ത് എത്തിയാൽ തടഞ്ഞ് തിരിച്ചയയ്ക്കുന്നു. ഇങ്ങനെ കാര്യങ്ങളെല്ലാം സംഘർഷ വിമുക്തമാകുമ്പോഴാണ് ഉദ്യോഗസ്ഥർക്ക് അവാർഡ് നൽകുന്നത്.

ശബരിമലയിൽ വിവാദങ്ങളുടെ പരമ്പര സൃഷ്ടിച്ച സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ശബരിമല സുരക്ഷാ ഡ്യൂട്ടിക്ക് ശേഷം തൃശൂരിൽ തിരിച്ചെത്തി. കമ്മീഷണറെ തൃശൂരിൽ ചുമതലയേൽക്കാൻ അനുവദിക്കില്ലെന്ന ബിജെപിയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ക്യാമ്പ് ഓഫീസിലും പരിസരത്തും കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പൊൻരാധാകൃഷ്ണൻ വിഷയത്തിൽ യതീഷ് ചന്ദ്രയെ തൃശൂരിൽ ചുമതലയേൽക്കാൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനാണ് പ്രഖ്യാപനം നടത്തിയത്. എന്നാൽ ആരും തടയാനോ പ്രശ്‌നമുണ്ടാക്കാനോ എത്തിയില്ല. പൊൻ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര തടയുമ്പോൾ എ എൻ രാധാകൃഷ്ണനും ഉണ്ടായിരുന്നു. മണ്ഡലകാലത്തെ ഒന്നാം ഘട്ട പൊലീസ് ഡ്യൂട്ടിയുടെ ചുമതലയുമായി 15 ദിവസമാണ് യതീഷ് ചന്ദ്ര നിലയ്ക്കലിലുണ്ടായത്.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെയും അറസ്റ്റ് ചെയ്തതും കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനുമായി പരസ്യസംവാദത്തിലേർപ്പെട്ടതും കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിറകെ വന്ന എ എൻ രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വാഹനവും ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ വാഹനവും തടഞ്ഞതുമെല്ലാം ചർച്ചയായി. ജഡ്ജിയോട് മാപ്പ് പറഞ്ഞതും ചർച്ചയായി. അതേസമയം, ഇപ്പോഴുള്ള ഐ പി എസ് ഓഫീസർമാരാണ് പട്ടാളത്തിലുള്ളതെങ്കിൽ ഇന്ത്യയുടെ വടക്കൻ അതിർത്തി കന്യാകുമാരിയാകുമായിരുന്നുവെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ ആക്ഷേപിച്ചു. കേരള സ്റ്റേറ്റ് എക്‌സ് സർവ്വീസ് ലീഗ് മഹിളാവിംഗിന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സെൻകുമാർ ഐപി എസുകാരെ കളിയാക്കിയത്.

നല്ല ഐ പി എസ് ഓഫീസർമാർ പൊലീസിലുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാൽ അപവാദങ്ങൾ ഏറെയാണ്. ആർമിയിലും എയർഫോഴ്‌സിലും നേവിയിലും രാഷ്ട്രീയ ഇടപെടൽ ഏറെ ഇല്ലാത്തത് അവരുടെ കാര്യക്ഷമത മികച്ചതാകാൻ കാരണമാകുന്നതായും തൃശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ സാന്നിധ്യത്തിൽ സെൻകുമാർ പറഞ്ഞു.