ഹ്യൂസ്റ്റൻ: ഗ്രെയ്റ്റർ ഹ്യൂസ്റ്റനിലെ പ്രമുഖ ഇന്ത്യൻ നൃത്ത വിദ്യാലയമായ സുനന്ദാസ് പെർഫോമിങ്‌സ് ആർട്‌സിലെ മുഖ്യ അദ്ധ്യാപികയും ഡയറക്ടറുമായ കലാശ്രീ സുനന്ദാ നായർ കഴിഞ്ഞ മാസത്തിൽ ക്ലാസിക്കൽ നൃത്തത്തിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നുമായി നാല് പ്രശസ്ത അവാർഡുകളാണ് കരസ്ഥമാക്കിയത്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ മോഹിനിയാട്ടത്തിന് അമേരിക്കയിലെ മിത്രാസ് ആർട്‌സ് ആൻഡ് കൾച്ചർ സ്ഥാപനത്തിന്റെ ഏറ്റവും ഉന്നതമായ ദ ബെസ്റ്റ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ ഇൻ അമേരിക്ക എന്ന പുരസ്‌ക്കാരം നേടി. ഇന്ത്യൻ ക്ലാസിക്കൽ നൃത്ത അവതരണത്തിൽ ഒരു സുവർണ്ണ നിലവാരമാണ് സുനന്ദാ നായർ പുലർത്തി വരുന്നതെന്ന് അവാർഡ് ദാതാക്കൾ ന്യൂജഴ്‌സിയിൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം സുനന്ദയുടെ ഇന്ത്യാ സന്ദർശന വേളയിൽ വിവിധയിടങ്ങളിലായി വൈവിധ്യമേറിയ നൃത്തങ്ങളാണവതരിപ്പിച്ചത്. ഒഡീഷ്സയിൽ ദേവദാസി നൃത്ത മന്ദിറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫെസ്റ്റിവലിൽ ഇന്ത്യയുടെ മഹത്തായ ദാർശനിക സംസ്‌ക്കാരങ്ങളെ ആവിഷ്‌കരിച്ചു കൊണ്ടുള്ള ക്ലാസിക് നൃത്തത്തിന് ദേവദാസി നാഷനൽ അവാർഡാണ്  സുനന്ദ നേടിയത്. മുംബെയിലെ ബ്രഹ്മ നൃത്യസഭ സംഘടിപ്പിച്ച നൃത്തോൽസവത്തിൽ പങ്കെടുത്ത കലാശ്രീ സുനന്ദാ നായർ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഉജ്വലവും ഊർജസ്വലവുമായ പ്രകടനങ്ങളാൽ ബ്രഹ്മനൃത്യമണി എന്ന ബഹുമതിപത്രം നേടി. അതുപോലെ ഭാരത തലസ്ഥാനമായ ന്യൂഡൽഹിയിലെ ഫൗണ്ടേഷൻ ഫോർ അക്‌സലിയേർട്ടഡ് കമ്മ്യൂണിറ്റി എംപൗവർമെന്റ് സ്ഥാപനത്തിൽ നിന്ന് രാഷ്ട്ര ബൈഹൂഷൻ എന്നൊരു അവാർഡും നേടി. വർഷങ്ങളായി സുനന്ദയും കുടുംബവും ഹ്യൂസ്റ്റനിൽ താമസിക്കുന്നു.