തിരുവനന്തപുരം: ബോളിവുഡാണ് ഇന്ത്യൻ സിനിമയുടെ മുഖം എന്നത് പണ്ടേ പാടിപ്പതിഞ്ഞൊരു പല്ലവിയാണ്.ദേശീയ പുരസ്‌കാരത്തിൽ ഉൾപ്പടെ ഈ പല്ലവി ഊട്ടിയുറപ്പിക്കുന്നതാണ് അനുഭവങ്ങൾ.മികച്ച നടനും ചിത്രങ്ങളുമുൾപ്പടെ പോയിരുന്നത് ബോളിവുഡിലേക്കാണ്. വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രമാണ് ഇതിനൊരു അപവാദം.എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി ഒടിടി സാധ്യത കൂടി വന്നതോടെ സൗത്ത് ഇന്ത്യൻ സിനിമകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുകയാണ്. കൂടുതൽ പേരിലേക്ക് എത്തുകയും അർഹമായ അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്യുന്നു.

എന്നാലും പുരസ്‌കാര വേദിയിൽ തിളങ്ങളമെങ്കിൽ ഇതുമാത്രം പോരെന്ന് സമീപകാല അനുഭവങ്ങൾ തെളിയിക്കുകയായിരുന്നു.എന്നാൽ അതിനുള്ള കൃത്യമായ മറുപടിയാണ് ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം.ഇന്ന് പ്രഖ്യാപിച്ച 2020 ലെ ദേശീയ പുരസ്‌കാരത്തിൽ ഇന്ത്യൻ സിനിമയുടെ തന്നെ മുഖമാകുകയാണ് സൗത്ത് ഇന്ത്യൻ സിനിമ.ഇന്ത്യൻ സിനിമയുടെ മുഖമെന്നാൽ ബോളിവുഡാണെന്ന വാദം കോവിഡിനാനന്ത കാലത്ത് ബോക്സോഫീസിൽ പോലും തകർന്നിരുന്നു.അത് ഒരു പടി കൂടി കടന്ന് ഇന്ത്യൻ സിനിമയുടെ മികവിന്റെ മുഖം മലയാളം, തമിഴ് സിനിമകളാണെന്ന് ഈ അവാർഡ് അടിവരയിടുന്നുണ്ട്.ഉള്ളടക്കത്തിനൊപ്പം സാങ്കേതിക മേഖലയിലും മലയാള സിനിമ നടത്തുന്ന മുന്നേറ്റത്താൽ കൂടി ഈ പുരസ്‌കാരങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്.

ഈ നേട്ടത്തിന് പിന്നിൽ ജൂറിയുടെ മികച്ച നിരീക്ഷണവും ഒരു പ്രധാന ഘടകമാണ്.തിരക്കഥാകൃത്ത് സജീവ് പാഴുർ, സംവിധായകനും എഴുത്തുകാരുമായ വിഷ്ണുമോഹൻ ഉൾപ്പടെ അഞ്ച് പേർ സൗത്ത് ഇന്ത്യൻ ജൂറിയിലും മലയാളത്തിന്റെ പ്രതിനിധിയായി വിജി തമ്പി അന്തിമ ജൂറിയിലും ഇത്തവണ അംഗമായിരുന്നു.ജൂറി തെരഞ്ഞെടുപ്പിനെ പോലും രാഷ്ട്രീയ വൽക്കരിച്ച് ചർച്ചയാക്കിയതിനുള്ള കൃത്യമയ മറുപടിയാകുന്നുണ്ട് ഇത്തവണത്തെ പുരസ്‌കാര നിർണ്ണയം.തിരഞ്ഞെടുക്കപ്പെട്ട സിനിമകളിൽ ജനം അംഗീകരിച്ച ചിത്രങ്ങൾക്ക് കൂടി തന്നെയാണ് ഇത്തവണ പുരസ്‌കാരമെന്നതും തെരഞ്ഞടുപ്പിന്റെ മേന്മ വെളിവാക്കുന്നുണ്ട്.

മലയാളത്തിൽ നിന്നുള്ള 40 ചിത്രങ്ങൾ ഉൾപ്പടെ 130 ഓളം സൗത്ത് ഇന്ത്യൻ സിനിമകളാണ് ഇത്തവണ പ്രാഥമിക ജൂറിക്ക് മുന്നിലെത്തിയത്. ജൂറി തെരഞ്ഞെടുത്ത് അയച്ച 90 ശതമാനം ചിത്രങ്ങളും പുരസ്‌കാരത്തിന് അർഹമായതായി ജൂറി അംഗം വിഷ്ണുമോഹൻ പറയുന്നു. സിനിമകൾ കാണുന്നത് മാത്രമല്ല ഒരു ജൂറിയുടെ കടമ.തങ്ങൾ തെരഞ്ഞെടുത്ത സിനിമകളെ അന്തിമ ജൂറിക്ക് മുന്നിൽ അവതരിപ്പിക്കുന്നതിലും കാര്യമുണ്ടെന്ന് വിഷണു പറയുന്നു.എന്തുകൊണ്ട് തെരഞ്ഞെടുത്തു, എന്തൊക്കെയാണ് പ്രത്യേകതകൾ എന്നിവ കൃത്യമായി അന്തിമ ജൂറിയുമായി സംവദിക്കാൻ കഴിഞ്ഞാൽ പുരസ്‌കാരം നേടുമെന്നതിന് തെളിവാണ് ഇത്തവണത്തെ മലയാളത്തിന്റെ മുന്നേറ്റമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

മലയാളത്തിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട തിങ്കളാഴ്‌ച്ച നിശ്ചയം, ഗായികയായി തെരഞ്ഞെടുക്കപ്പെട്ടു നഞ്ചിയമ്മ, സംവിധായകൻ സച്ചി ഉൾപ്പടെയുള്ള അവാർഡുകളിൽ അവരുടെ പ്രത്യേകതകളും മേന്മകളും എന്തുകൊണ്ട് അവാർഡ് അർഹിക്കുന്നുവെന്ന് കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്താൻ സാധിച്ചതായും വിഷ്ണു മറുനാടനുമായി പങ്കുവെച്ചു.ജൂറിയുടെ രാഷ്ട്രീയമല്ല മറിച്ച് കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നതിലെ അപാകതയാണ് പല അവാർഡുകളുടെയും നിറം കെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമയുടെ മികവിനെപ്പറ്റി തന്നെയാണ് സംവിധായകൻ രഞ്ജിത്തും സംസാരിച്ചത്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. 'തിങ്കളാഴ്ച നിശ്ചയ'ത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'മലയാള ചിത്രങ്ങളുടെ ദേശീയനേട്ടം ഇതിന് തെളിവ്. പ്രമേയത്തിന്റെ വലിപ്പം, ജീവിതബന്ധങ്ങളുടെ വിശാലത എന്നിവ കൊണ്ടുള്ള നേട്ടമാണിത്. നഞ്ചിയമ്മക്ക് അവാർഡ് നൽകിയത് വലിയ കാര്യം. അവരുടെ കഴിവിനെ ജൂറി അംഗീകരിച്ചത് അഭിനന്ദനാർഹം. സംവിധായകൻ സച്ചി ഇല്ലാത്തതിൽ വിഷമമുണ്ട്.'

ദേശീയ പുരസ്‌കാര ജൂറിയെ അഭിനന്ദിക്കുന്നു. സുതാര്യമായിരുന്നു എല്ലാം. കഴിവിനെ തന്നെയാണ് അംഗീകരിച്ചത്. അക്കാര്യത്തിലും മലയാളിക്ക് അഭിനന്ദിക്കാം. സംഘട്ടനരംഗങ്ങളേക്കുറിച്ച് പറയുമ്പോൾ അയ്യപ്പനും കോശിയുടേയും തിരക്കഥ തയ്യാറാക്കുമ്പോൾത്തന്നെ സച്ചിയുടെ മനസിൽ വ്യക്തമായ ഒരു ബോധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.