ല്ലതിന് മാത്രമല്ല ചീത്തക്കുമുണ്ട് അവാർഡ്. നമ്മുടെ നാട്ടിൽ ഇനിയും എത്തിയിട്ടില്ലാ എന്നേയുള്ളൂ, യുഎസിലും യൂറോപ്പിലുമൊക്കെ സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ ഇത്തരം നെഗറ്റീവ് അവാർഡുകൾ ഉണ്ട്. നല്ല ജനപ്രതിനിധിക്ക് അവാർഡ് നൽകുന്നതുപോലെതന്നെ മോശം എംപിക്കുമുണ്ട് പുരസ്‌ക്കാരം. ഹോളിവുഡ്ഡിന് സമാന്തരമായി ചീത്ത സിനിമക്ക് അവാർഡ് നൽകുന്ന കൂട്ടായ്മയും ഇന്നും പ്രവർത്തിക്കുന്നു. ആരെയും അപമാനിക്കാനല്ല ഇത്. നിങ്ങളുടെ കലാസൃഷ്ടി അത്രക്ക് ബോറാണെന്ന് കാണിച്ച് തിരുത്തൽ വരുത്താനാണ്. ഒരുതവണ മോശം അവാർഡ് വാങ്ങിച്ചവർ അടുത്തതവണ ഓസ്‌ക്കാർ വാങ്ങി ഞെട്ടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

160 ഓളം സിനിമകൾ ഇറങ്ങിയ 2014ന് തിരശ്ശീല വീഴുമ്പോൾ നല്ല സിനിമകളെ തിരഞ്ഞെടുക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. കാരണം അവയുടെ എണ്ണം വെറും പത്തിൽ താഴെമാത്രമാണ്. ബാക്കി നൂറ്റമ്പതോളം വരുന്ന അറുബോറുകൾക്കിടയിൽ നിന്ന് ഏറ്റവും വഷളത്തരങ്ങൾ കണ്ടെത്തി പൊതുജനമധ്യത്തിൽ ഹാജരാക്കുകയാണിവിടെ. ഒപ്പം ഒരു അപേക്ഷയും. മേലിൽ ഇത്തരം പടപ്പുകളുമായി വന്ന് ഞങ്ങളുടെ സമയവും പണവും പോക്കറ്റടിക്കരുതേ!

ചീത്ത സിനിമ: ലിറ്റിൽ സൂപ്പർ മാൻ (സംവിധാനം വിനയൻ)

യുപി സ്‌കൂൾ കുട്ടികളെ പ്രണയിപ്പിക്കാൻ പ്രേരിപ്പിക്കുക, അരുംകൊലകൾ നിറച്ച് ഭീതിയുയർത്തുക, കൂട്ടിന് കുറെ മഞ്ഞ സീനുകളും. എന്നിട്ട് ആ സിനിമ കുട്ടികളുടെ ചിത്രമാണെന്ന് പറഞ്ഞ് റിലീസ് ചെയ്യുക. അസാമാന്യമായ ഉളുപ്പില്ലായ്മവേണം ഇത്തരമൊന്ന് സംവിധാനിച്ചുണ്ടാക്കാൻ. അതാണ് വിനയന്റെ ലിറ്റിൽ സൂപ്പർ മാൻ. ഈ സിനിമ വിനയൻതന്നെ പിൻവലിച്ചില്ലെങ്കിൽ രക്ഷിതാക്കൾ സംഘടിച്ച് തീയേറ്റർ കത്തിച്ചേനേ. ഇത്രയും മോശമായൊരു സന്ദേശം കൊടുത്തിട്ടും അത് കുട്ടികളുടെ ചിത്രമാണു പോലും. അരിഷ്ട കുപ്പിയിൽ ചാരായം കടത്തുന്ന അബ്ക്കാരി ബുദ്ധിയാണ് വിനയൻേറതെന്ന് പറയാതെ വയ്യ! സംവിധായകന്റെ പെറ്റതള്ളപോലും സഹിക്കാത്ത ലൊക്കടകൾ ഏറെയുണ്ടായിരുന്നെങ്കിലും 2014 ഏറ്റവും മോശം മലയാള സിനിമയായി വിനയന്റെ ലിറ്റിൽ സൂപ്പർമാനെ തെരഞ്ഞെുടുക്കുന്നതും ആ സിനിമ ഉയർത്തിയ സാമൂഹിക ദ്രോഹം മുന്നിൽകണ്ടാണ്.

ദിലീപിന്റെ വില്ലാളിവീരൻ, അവതാരം, മോഹൻലാലിന്റെ പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റർ, മംഗ്‌ളീഷ്, പൃഥ്വിരാജിന്റെ ലണ്ടൻബ്രിഡ്ജ്, ജയറാമിന്റെ ഞങ്ങളുടെ വീട്ടിലെ അതിഥികൾ, മൈലാഞ്ചിമൊഞ്ചുള്ള വീട്, ജയസൂര്യയുടെ മത്തായി കുഴപ്പക്കാരനല്ല, വിനീത്ശ്രീനിവാസന്റെ ഓർമ്മയുണ്ടോ ഈ മുഖം തുടങ്ങിയ കൂതറ ചിത്രങ്ങളും മോശം സിനിമക്കായുള്ള അവാർഡിന് നോമിനേഷനുകൾ ഏറെ കിട്ടിയവയാണ്.

മോശം സംവിധാനം: ജോഷി (ചിത്രം: സലാം കാശ്മീർ, അവതാരം), സിബി മലയിൽ ( ചിത്രം: ഞങ്ങളുടെ വീട്ടിലെ അതിഥികൾ)

83പുതുമുഖ സംവിധായകർ അരങ്ങേറിയ ഈ വർഷം മോശം സംവിധായകനുള്ള ബോറടി മൽസരത്തിൽ ഇളമുറക്കാരും ഇഞ്ചോടിച്ച് പൊരുതിയിട്ടുണ്ട്. എങ്കിലും ബോറൻ സംവിധായകരായി പഴയ രണ്ട് പടക്കുതിരകളെ തന്നെ തിരഞ്ഞെടുത്തത്. പുതുമുഖങ്ങൾക്ക് ഇനി നന്നാവാൻ സമയമുണ്ടല്ലോ എന്ന ആനുകൂല്യം നൽകിയാണ്. മാത്രമല്ല, എന്തൊല്ലാം ഒത്തുതീർപ്പുകൾ നടത്തിയാണ് ഒരു പുതുമുഖം ഡയറക്ടറുടെ തൊപ്പിയണിയുന്നത്.

ഐ.വി ശശിക്കും, ഫാസിലിനും, പ്രിയദർശനുമടക്കമുള്ള നിരവധി പ്രതിഭകൾക്ക് പിന്നാലെ സർഗാത്മക മരണം സംഭവിച്ച സംവിധായകരുടെ ലിസ്റ്റിലേക്ക് നമ്മുടെ പ്രിയപ്പെട്ട ജോഷിയും കയറിക്കൂടുകയാണൊ എന്ന് സംശയം തോന്നും അദ്ദേഹത്തിന്റെ അവസാന രണ്ടു ചിത്രങ്ങളും കണ്ടാൽ. സാധാരണ ചവറുകഥകളെപ്പോലും ലിഫ്റ്റ് ചെയ്യാറുള്ള ജോഷി മാജിക്ക് ഇവിടെ കാണാനില്ല. കവിതപോലെ ഫ്രെിയം കമ്പോസ് ചെയ്യാറുള്ള ജോഷി, കല്യാണ വീഡിയോക്കാർ പ്രകൃതിസൗന്ദര്യം കാണിക്കുന്നപോലെയാണ് 'സലാം കശ്മീർ' ചെയ്തുവച്ചത്. കേട്ടു പഴകിയ 'അവതാരത്തിലും' വാലും തലയുമില്ല.

സിബിമലയിലിന്റെ അവസ്ഥയാണ് ഏറെ ദയനീയം. രാഷ്ട്രീയത്തിൽ കെ.മുരളീധരന് സംഭവിച്ചതിന് സമാനമായ മൂക്കുകുത്തലായിപ്പോയി, കിരീടവും, ഭരതവും അടക്കമുള്ള ക്‌ളാസിക്ക് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച ഈ പ്രതിഭയുടേത്. 'ഞങ്ങളുടെ വീട്ടിലെ അതിഥികളുടെ' സീഡി സ്വീഡിഷ് അക്കാദമിക്ക് അയച്ചുകൊടുത്ത്, ഇത് ഞങ്ങൾ തീയേറ്റിൽ പോയി പണം മുടക്കി രണ്ടര മണിക്കൂർ ചെലവിട്ട് കണ്ട സിനിമയാണെന്ന് സാക്ഷ്യപ്പെടുത്തിയാൽ ചിലപ്പോൾ അവർ ക്ഷമക്ക് ഒരു നൊബേൽ സമ്മാനം ഏർപ്പെടുത്തി നിങ്ങൾക്ക് തന്നേക്കും. ഇത്തരം സിനിമകൾ എടുക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ഫേസ്‌ബുക്കിലിട്ട് വിവാദങ്ങളുണ്ടാക്കി വെറുതെയിരിക്കുന്നതാണ്. പ്രിയദർശൻ, ആഷിക്ക് അബു, ബി.ഉണ്ണിക്കൃഷ്ണൻ, അക്കുഅക്‌ബർ തുടങ്ങിയ പ്രമുഖരും മോശം സംവിധായകനുള്ള അവാർഡിന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

മോശം നടൻ: ഇന്നസെന്റ് (ചിത്രം: ആമയും മുയലും)

റിയ ബോറ് അഭിനയങ്ങളും നമ്മൾ സഹിച്ചിട്ടുണ്ടെങ്കിലും ഇതൊരു ഒടുക്കത്തെ ബോറായിപ്പോയി. തുടക്കം മുതൽ ഒടുക്കംവരെ കോമഡികൊണ്ട് ഇന്നസെന്റ് പ്രേക്ഷകരെ ആക്രമിക്കയാണ് പ്രിയദർശന്റെ 'ആമയും മുയലിലും'. മണ്ണാങ്കട്ടയും കരിയിലയും എന്നായിരുന്നു ഇതിന് പറ്റിയപേര്. (ജയസൂര്യയാണ് നായകനെന്ന് പറയുന്നുണ്ടെങ്കിലും ഈ സിനിമയിൽ നെടുമുടിവേണുവും ഇന്നസെന്റുമാണ് മുഖ്യവേഷത്തിൽ എത്തിയത്). കിലുക്കത്തിലെ കിട്ടുണ്ണിയടക്കം നിരവധി പ്രിയദർശൻ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ഇന്നസെന്റിന് ഇതിലെ പാൽക്കാരൻ നല്ലവൻ എന്ന കഥാപാത്രത്തോട് ഒരു ഘട്ടത്തിലും നീതി പുലർത്താനായിട്ടില്ല. കണ്ണുരുട്ടിനോക്കിയാൽ ഭീതി, വാപൊളിച്ചാൽ അത്ഭുതം, ചുണ്ട്‌കോട്ടിയാൽ കോമഡി എന്നിങ്ങനെ നവരസം വാരി വിതറി 'പച്ചാളം ഭാസി' പറഞ്ഞപോലെയാണ് ഇന്നച്ചന്റെ ഈ സിനിമയിലെ ഭാവാഭിനയം. ഇക്കണക്കിന് രണ്ടു സിനിമകൾ വന്നാൽ മതി, ജനംവെറുത്ത് അടുത്ത തവണ ഇന്നസെന്റിനെ ചാലക്കുടിയിൽ തോൽപ്പിച്ചുകളയാനും ഇടയുണ്ട്!(പിന്നീടറങ്ങിയ 'നഗരവാരിധി നടുവിൽ' ഇന്നസെന്റ് തന്റെ സ്വാഭാവിക ശൈലി തിരച്ചു പിടിക്കുന്നുണ്ട്) ഓർമ്മയുണ്ടോ ഈ മുഖത്തിലൂടെ വിനീത് ശ്രീനിവാസൻ, ടമാർ പടാറിലൂടെ പൃഥ്വീരാജ് എന്നിവരും ബോറൻ നടനുള്ള നോമിനേഷനുകൾ ഏറ്റുവാങ്ങിയവരാണ്.

മോശം നടി: പിയാ ബാജ്‌പേയ് ( ചിത്രം:ആമയും മുയലും)

വെങ്കിട്ട പ്രഭുവിന്റെ 'ഗോവ', കെ.വി ആനന്ദിന്റെ 'കോ' എന്നീ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ച പിയാ ബാജ്‌പേയുടെ മലയാളത്തിലെ അരങ്ങേറ്റം 'ആമയും മുയലിലൂടെ' ഒന്നാന്തരം ബോറായിപ്പോയി. തിളച്ചവെള്ളം മുഖത്ത് വീണാൽപോലും ഈ നടിക്ക് ഈ പടത്തിൽ ഒരേഭാവമാണ്. ഡബ്ബിങ്ങും അറുബോറായതോടെ കാര്യങ്ങൾ ആകെ പിടിവിട്ടു. നമ്മുടെ നാട്ടിൽ കഴിവുള്ള എത്രയോ നടികൾ ഉണ്ടെന്നിരിക്കെ ഈ അന്യസംസ്ഥാനക്കാരെ കെട്ടിഎഴുന്നള്ളിച്ച് കൊണ്ടുവരുന്നതിന്റെ രഹസ്യം പിടികിട്ടുന്നില്ല.

'മത്തായി കുഴപ്പക്കാരനല്ലയിൽ' ഉപദേശം പറഞ്ഞ് ബോറടിപ്പിച്ച ഭാമതൊട്ട്, സുന്ദരിയായി നടക്കുകയാണ് അഭിനയമെന്ന് തെറ്റിദ്ധരിച്ച 'ഓർമയുണ്ടോ ഈ മുഖത്തിലെ' നമിതാ പ്രമോദു വരെയുള്ള നിരവധിപേർ മോശം നടിക്കായുള്ള മിസ്‌കേരള മൽസരത്തിൽ അണിനിരന്ന വർഷവുമായിരുന്നു ഇത്.

മോശം ഹാസ്യനടൻ: കലാഭവൻ ഷാജോൻ (ചിത്രം മൈലാഞ്ചിമൊഞ്ചുള്ള വീട്)

ചരിത്രവിജയമായ 'ദൃശ്യ'ത്തിലെ നെഗറ്റീവ് ക്യാരക്ടർ വഴി താരമായ ഈ വർഷത്തിൽ തന്നെയാണ് മൈലാഞ്ചിമൊഞ്ചുള്ള വീട്ടിലെ ഒരു മൗലവിയായി വെറുപ്പിച്ച് ഷാജോൺ പ്രേക്ഷകരോട് യുദ്ധം ചെയ്യുന്നത്. ഹാസ്യത്തെയങ്ങോട്ട് ചളമാക്കി പഞ്ചറാക്കി കൈയിൽകൊടുക്കയാണ് ഇപ്പോൾ മിക്ക സിനിമകളിലും ഷാജോണിന്റെ രീതി. സുരാജും, അജുവർഗീസും, ബാബുരാജുമൊക്കെ ഈ വെറുപ്പിക്കൽ മൽസരത്തിൽ ഒട്ടും പിറകിലായിട്ടില്ല.

ചീത്ത രചന: ഉദയകൃഷ്ണ, സിബി.കെ.തോമസ്. (ചിത്രംമൈലാഞ്ചിമൊഞ്ചുള്ള വീട്, രാജാധിരാജ)

യാതൊരു ബീജഗുണവുമില്ലാത്ത ഫോർമുല സിനിമകൾ ഒരുക്കി മലയാള സിനിമയെ 25 വർഷം പിറകോട്ടടിപ്പിക്കയാണ് ഈ ഇരട്ട എഴുത്തുകാർ. ഇതിൽ മൈലാഞ്ചിമൊഞ്ചുള്ള വീട് എന്ന അസഹനീയ കത്തിയൊക്കെ സഹിച്ചതിനുള്ള കൂലി, വിശ്വാസിയാണെങ്കിൽ നിങ്ങൾക്ക് പരലോകത്ത് വകവച്ചുകെട്ടുമെന്ന് ആശ്വസിക്കാം. അത്രക്ക് കഠിനമായ ഇഹലോക പരീക്ഷണത്തിനായിരുന്നു സിബിയും ഉദയനും മൈലാഞ്ചിയിട്ടത്. ഉദയപുരം സുൽത്താൻ, മലപ്പുറംഹാജി മഹാനായജോജി, സ്‌നേഹനിലാവ് തുടങ്ങിയ പഴയ ചിത്രങ്ങൾ കോപ്പിയടിച്ചെടുത്ത ടിപ്പിക്കൽ സിബി ഉദയൻ കഥയാണ്, ഏതോ മാപ്പിളപ്പാട്ട് ആൽബമാണെന്ന് പേരുകേട്ടാൽ നാം തെറ്റിദ്ധരിച്ചുപോകുന്ന ഈ അസഹനീയ ചിത്രം. രജനീകാന്തും സത്യരാജും കത്തിനിൽക്കുന്നകാലത്ത് സൃഷ്ടിച്ച പാണ്ടിപ്പടങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു രാജാധിരാജ. മലയാളത്തിൽ എടുത്ത ആദ്യത്തെ തമിഴ് ചിത്രമെന്ന ക്രഡിറ്റും രാജാധിരാജക്ക് അവകാശപ്പെടാം.

വാൽക്കഷ്ണം: കടുത്ത നിലവാരത്തകർച്ചമൂലം ചിലപ്പോഴൊക്കെ ആർക്കും അവാർഡ് കൊടുക്കാത്ത അവസ്ഥ ഓർമ്മയില്ലേ. നമ്മുടെ ചലച്ചിത്ര സംഗീതലോകത്തെ വിലയിരുത്തുമ്പോൾ മോശം അവാർഡ് പോലും കൊടുക്കാനാവുന്നില്ല. കാരണം തൊണ്ണൂറ് ശതമാനവും ഒന്നിനൊന്ന് മോശമാവുമ്പോൾ കൂടുതൽ മോശത്തെ തിരഞ്ഞെടുക്കാൻ പറ്റുന്നില്ല. റഫീക് അഹമ്മദിനെയും വയലാർ ശരത്ചന്ദ്രവർമ്മയെയും പോലുള്ള മികച്ച എഴുത്തുകാർ പോലും പരസ്പരബന്ധമില്ലാതെ വരികൾ ഒരുക്കുന്നു. ബിജിപാലിനെയും, ഗോപീസുന്ദറിനെയും, നമ്മുടെ എം.ജിയണ്ണനെയും പോലുള്ള പ്രതിഭാശാലികൾ പോലും കഴുതരാഗത്തിൽ എന്തൊക്കെയോ തട്ടിക്കൂട്ടുന്നു. പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ. മോശം ഗാനങ്ങളെ വേറിട്ടറിയാൻ പോലും കഴിയില്ലാത്ത വിധത്തിൽ നമ്മുടെ ചലച്ചിത്രഗാനശാഖ മോശമായെന്ന് ചുരുക്കം.