മസ്‌ക്കറ്റ്: ഒമാനിൽ പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി റോയൽ ഒമാൻ പൊലീസ് പുതിയ ട്രാഫിക് നിയമങ്ങളെ കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണ കാമ്പയിനുകൾ സംഘടിപ്പിക്കുന്നു.

പരിഷ്‌ക്കരിച്ച ട്രാഫിക് നിയമങ്ങളെ കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഇതിന് സാഹചര്യമൊരുക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും റോയൽ ഒമാൻ പൊലീസിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളാണ് ബോധവത്ക്കരണത്ത് ഉപയോഗിച്ചുവരുന്നത്. സ്വദേശികളേയും വിദേശികളേയും ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധവത്ക്കരണ കാമ്പയിൻ ആണെന്നതിനാൽ വ്യത്യസ്ത ഭാഷകളിലായിരിക്കും കാമ്പയിൻ സംഘടിപ്പിക്കുക.

പുതിയ ട്രാഫിക് നിയമങ്ങൾ പരിചയപ്പെടുത്തുക, നിയമ ലംഘനം നടത്തുന്നവർക്ക് ചുമത്തുന്ന പിഴകൾ ഇവയെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് ആർഒപി ലക്ഷ്യമിടുന്നത്. പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് പൊതുജനങ്ങൾക്ക് ഇതുസംബന്ധിച്ച് ബോധവത്ക്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. റോഡുകളിൽ അപകടങ്ങൾ ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും പൊതുജനങ്ങൾ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.