കണ്ണുർ:സ്വർണകള്ളകടത്ത് കേസിൽ കസ്റ്റംസ് പിടിയിലായ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയുടെ ബന്ധങ്ങൾ കണ്ടെത്താൻ കസ്റ്റംസ് സംഘം കണ്ണൂരിലെപാർട്ടി ഗ്രാമങ്ങളിൽ അരിച്ചു പെറുക്കി. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ സ്ഥലം മാറ്റം കൊണ്ടു ഗുണമില്ലെന്ന അവസ്ഥയിലാണ് സിപിഎം. പാർട്ടി ഗ്രാമങ്ങളിൽ സാധാരണ പൊലീസൊന്നും എത്താറു പോലുമില്ല.

സാധാരണ ഗതിയിൽ പുറത്തു നിന്നൊരു ഈച്ച പോലും കയറാത്ത പയ്യന്നൂരിലും പരിയാരത്തുമുള്ള പാർട്ടി ഗ്രാമങ്ങളിലാണ് കസ്റ്റംസ് കയറിയിറങ്ങുന്നത്. കണ്ണുർ -കാസർകോട് ജില്ലകളുടെ അതിർത്തി പ്രദേശമായ സിപിഎം പാർട്ടി ഗ്രാമമായ ചന്തേരയിലെത്തിയതിനു പിന്നാലെയാണ് സംഘം കൂടുതൽ വിവരങ്ങൾ തേടുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളായ വിളയാങ്കോട് കുളപുറത്തും പരിയാരത്തും എത്തിയത്.

കുളപ്പുറത്ത് കണ്ടെത്തിയ അർജുൻ ആയങ്കിയുടെ കാറിനെ ചുറ്റിപ്പറ്റി അന്വേഷണം നടത്തുതോടൊപ്പം കാർ അഴീക്കോട് നിന്നും ഇവിടെ എത്തിച്ച് ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഘത്തെ കുറിച്ചും സൂചന കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് അന്വേഷണം വ്യാപിപ്പിച്ചത്. പരിയാരത്ത് എത്തിയ കസ്റ്റംസ് സംഘം രണ്ടു വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം തുടങ്ങിയത്.

നേരത്തെ കരിവെള്ളൂർ കാഞ്ഞിരമുക്ക് സ്വദേശിക്കും ചീമേനി സ്വദേശിക്കും ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയുമായി സംഘം അന്വേഷണത്തിന് എത്തിയിരിക്കുന്നത്. ഇതിനിടെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ തള്ളി കൊണ്ടുള്ള ആകാശ് തില്ലങ്കേരിയുടെ മൊഴി പുറത്തുവന്നത് വഴി തിരിവായി.

താൻഅർജുന്റെ സ്വർണക്കടത്ത് ബന്ധങ്ങൾ അറിഞ്ഞത് അവസാന ഘട്ടത്തിലെന്നും പാർട്ടിക്കാരൻ എന്ന സൗഹൃദമാണ് അർജുൻ ആയെങ്കിയുമായി ഉള്ളതെന്നുമാണ് ആകാശിന്റെ മൊഴി. തന്റെ പേര് ഉപയോഗപ്പെടുത്തി അർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം ലഭിച്ചത് അർജുൻ പിടിയിലായ ശേഷം മാത്രമാണെന്നും ആകാശ് കസ്റ്റംസിന് മൊഴി നൽകി.

സ്വർണക്കടത്തുമായി ഒരു ബന്ധവും ഇല്ലെന്നും ആകാശ് തില്ലങ്കേരിയുടെ മൊഴിയിൽ പറയുന്നു. അതേസമയം, ആകാശ് തില്ലങ്കേരിയെ കഴിഞ്ഞ ദിവസം 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റംസ് വിട്ടയച്ചത്. രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 11 വരെ നീണ്ടു. അർജുൻ ആയങ്കിയുടെയും ടി.പി വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തത്.

ഇരുവരുടെയും മൊഴികളിൽ സ്വർണകള്ളക്കടത്തിനെ സംബന്ധിച്ച് ആകാശ് തില്ലങ്കേരിക്ക് അറിവുണ്ടായിരുന്നെന്ന സൂചനയാണ് കിട്ടിയത്. ഇതിന്റെ വിശദാംശങ്ങളാണ് കസ്റ്റംസ് ഇയാളിൽ നിന്ന് ചോദിച്ചറിഞ്ഞത്. ആകാശിന്റെ മൊഴിയും, ഫോൺകോൾ രേഖകളും വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിച്ചേക്കുമെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.