അയോദ്ധ്യ: അയോദ്ധ്യയിൽ തർക്കസ്ഥലത്തിന് പുറത്ത് മസ്ജിദ് നിർമ്മിക്കാൻ സമ്മതമെന്ന് ഉത്തർ പ്രദേശിലെ ഷിയ വഖഫ് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. രാമജന്മഭൂമിക്ക് കുറച്ച് അകലെയുള്ള മുസ്‌ളിം ഭൂരിപക്ഷപ്രദേശം ഇതിനായി തെരഞ്ഞെടുക്കണമെന്നും വഖഫ് ബോർഡ് സമർപ്പിച്ച സത്യവാങമൂലത്തിൽ പറയുന്നു. ബാബറി മസ്ജിദ് ഷിയ വഖഫ് ബോർഡിന്റെ സ്ഥലമാണെന്ന അവകാശവും ഉന്നയിക്കുന്നുണ്ട്

30 പേജുകളുള്ള സത്യവാങ്മൂലമാണ് വഖഫ് ബോർഡ് സമർപ്പിച്ചിരിക്കുന്നത്. അയോദ്ധ്യപ്രശ്‌നം തീർക്കുന്നതിനായി സുപ്രീംകോടതി പ്രത്യേക സമിതിക്ക് രൂപം നല്കണമെന്നും ബോർഡ് ആവശ്യപ്പെടുന്നുണ്ട്. സുപ്രീം കോടതി ജഡ്ജിമാരും മതപ്രതിനിധികളും കൂടാതെ പ്രധാനമന്ത്രിയുടേയും യു പി മുഖ്യമന്ത്രിയുടേും പ്രതിനിധികളും കമ്മിറ്റിയിൽ ഉണ്ടാവണമെന്നും സത്യവാങ്മൂലത്തിൽ ബോർഡ് ആവശ്യപ്പെടുന്നു.

അയോദ്ധ്യ തർക്കഭൂമി സംബന്ധിച്ച് സുപ്രീം കോടതി ഓഗസ്റ്റ് 11 മുതലാണ് വാദം കേൾക്കുക. തർക്കഭൂമിയെ മൂന്നായി വിഭജിച്ചുകൊണ്ട് 2010 ലാണ് അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. രാമജന്മഭൂമി- ബാബറി മസ്ജിദ് കേസിൽ തർക്കം നിലനിന്നിരുന്ന 2.77 ഏക്കർ ഭൂമി ഹിന്ദുമഹാസഭയ്ക്കും ബാബ്റി കമ്മിറ്റിക്കും നിർമോഹി അഖാരയ്ക്കും വീതിച്ച് നൽകിക്കൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇത് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും 1993-ലെ സ്ഥിതി തുടരണമെന്നും നിർദ്ദേശിച്ചു്. നിലവിൽ തർക്ക സ്ഥലത്ത് ആരാധന തുടരുന്നുണ്ട്. എന്നാൽ ഇവിടെ യാതൊരു വിധത്തിലുള്ള പ്രവർത്തനങ്ങളും പാടില്ലെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി വിധി വിചിത്രമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കേസിലെ കക്ഷികൾ ആരും ആവശ്യപ്പെടാത്ത തീരുമാനമാണ് ഹൈക്കോടതി കൈക്കൊണ്ടതെന്നും ആ വിധി അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസിൽ പുതിയ വിധി പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചുള്ള വാദമാണ് വെള്ളിയാഴ്ച തുടങ്ങുക