- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോണിലൂടെ പ്രണയം നടിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയുമായി അടുത്തു; തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ശേഷം കൊച്ചിയിൽ ഉപേക്ഷിച്ചു; അയിരൂർ പീഡനക്കേസിൽ കൊച്ചി സ്വദേശിക്ക് മേൽ പോക്സോ കോടതി കുറ്റം ചുമത്തി; സാക്ഷി വിചാരണ ഉടൻ തുടങ്ങും
തിരുവനന്തപുരം: മൊബൈൽ ഫോണിലൂടെ പ്രണയം നടിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി എറണാകുളം തോപ്പുംപടിയിൽ ഉപേക്ഷിച്ച വർക്കല അയിരൂർ പീഡനക്കേസിൽ കൊച്ചി സ്വദേശിക്ക് മേൽ തലസ്ഥാനത്തെ പോക്സോ കോടതി കുറ്റം ചുമത്തി. സാക്ഷി വിസ്താര വിചാരണക്കായി ഇരയടക്കം 3 സാക്ഷികൾ ജൂൺ 15 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. പീഡനക്കേസിൽ പ്രതിയായ എറണാകുളം തിരുമാറാടി അഞ്ചൽപ്പെട്ടി മാങ്കൂട്ടത്തിൽ വീട്ടിൽ താമസം പ്ലംബിങ് , പെയിന്റിങ് ജോലിക്കാരനായ അഖിൽ അഗസ്റ്റിനെ (22) യാണ് കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തിയത്.
പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കവരുന്നതാണ് ഇയാളുടെ മോഡസ് ഓപ്പറാന്റി (കുറ്റകൃത്യ രീതി). ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366 (അവിഹിത സംഗത്തിന് വേണ്ടിയുള്ള ആളപഹരണം) , 376 (ബലാൽസംഗം) , ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം (പോക്സോ ) നിയമത്തിലെ 3 (a), 4 (ലൈംഗിക അതിക്രമവും പീഡനവും) എന്നീ വകുപ്പുകളാണ് കോടതി പ്രതിക്ക് മേൽ ചുമത്തിയത്. കുറ്റ സ്ഥാപനത്തിൽ 7 വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷൻസ് വിചാരണ കേസായതിനാൽ പൊലീസ് കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി നേരിട്ട് തയ്യാറാക്കിയ കോടതി കുറ്റപത്രമാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം പ്രതിക്കെതിരെ ചുമത്തിയത്.
വർക്കല സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ മൊബൈൽ ഫോണിലൂടെ പരിചയപ്പെടുകയും പ്രണയം നടിക്കുകയും ചെയ്ത കൊച്ചി സ്വദേശിയായ ഇയാൾ 2013 സെപ്റ്റംബറിലെ തിരുവോണ ദിവസം വർക്കലയിലെത്തി. ഫോണിൽ പെൺകുട്ടിയെ വിളിച്ചു വരുത്തിയ ശേഷം ഇവരൊരുമിച്ച് തിരുവനന്തപുരം മ്യൂസിയത്തിലും തുടർന്ന് അന്ന് തന്നെ എറണാകുളത്തും പോയി.
തോപ്പുംപടിയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പെൺകുട്ടിയെ കാണാതായ ഉടൻ മാതാപിതാക്കൾ വർക്കല അയിരൂർ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കുട്ടി എറണാകുളത്തുണ്ടെന്ന് മനസ്സിലാക്കി.
പിടിയിലാകുമെന്നു മനസ്സിലാക്കിയ അഖിൽ രാത്രി 11 ന് പെൺകുട്ടിയെ തോപ്പുംപടിയിലെ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ട് മുങ്ങി. തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ച് കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് 2013 സെപ്റ്റംബർ 19 ന് അഞ്ചൽപ്പെട്ടിയിൽ നിന്ന് പ്രതിയെ പിടികൂടി. സമാന രീതിയിൽ അഞ്ചോളം പേരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെട്ടി പണം കവർന്നതായും തെളിഞ്ഞു.